1 ശമൂവേൽ 14 : 1 (IRVML)
ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട് : “വരുക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു; അവൻ അത് അപ്പനോട് പറഞ്ഞില്ല.
1 ശമൂവേൽ 14 : 2 (IRVML)
ശൗൽ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു.
1 ശമൂവേൽ 14 : 3 (IRVML)
ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്റെ മകനായ, ഈഖാബോദിന്റെ സഹോദരനായ, അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല.
1 ശമൂവേൽ 14 : 4 (IRVML)
ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.
1 ശമൂവേൽ 14 : 5 (IRVML)
ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു.
1 ശമൂവേൽ 14 : 6 (IRVML)
യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 7 (IRVML)
ആയുധവാഹകൻ അവനോട് : “നിന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നുപറഞ്ഞു.
1 ശമൂവേൽ 14 : 8 (IRVML)
അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്ന് അവർക്ക് നമ്മെത്തന്നെ കാണിക്കാം;
1 ശമൂവേൽ 14 : 9 (IRVML)
ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്ന് അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിൽക്കുന്നിടത്തുതന്നെ നമുക്ക് നിൽക്കാം.
1 ശമൂവേൽ 14 : 10 (IRVML)
ഇങ്ങോട്ട് കയറിവരുവിൻ എന്ന് പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും.”
1 ശമൂവേൽ 14 : 11 (IRVML)
ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ട് വരുന്നു” എന്ന് ഫെലിസ്ത്യർ പറഞ്ഞു.
1 ശമൂവേൽ 14 : 12 (IRVML)
പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം ” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട് : “എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 13 (IRVML)
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു.
1 ശമൂവേൽ 14 : 14 (IRVML)
യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപത് പേർ വീണു.
1 ശമൂവേൽ 14 : 15 (IRVML)
പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു,, വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
1 ശമൂവേൽ 14 : 16 (IRVML)
അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവല്ക്കാർ നോക്കി.ഫെലിസ്ത്യർ ചിതറി അങ്ങുമിങ്ങും ഓടുന്നത് കണ്ടു.
1 ശമൂവേൽ 14 : 17 (IRVML)
ശൗൽ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽ നിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്ന് കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
1 ശമൂവേൽ 14 : 18 (IRVML)
ശൗൽ അഹീയാവിനോട് : “ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.
1 ശമൂവേൽ 14 : 19 (IRVML)
ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൗൽ പുരോഹിതനോട്: “നിന്റെ കൈ പിൻവലിക്ക” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 20 (IRVML)
പിന്നീട് ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി.
1 ശമൂവേൽ 14 : 21 (IRVML)
നേരെത്തെ ഫെലിസ്ത്യരോടുകൂടെ ആയിരുന്നവരും, അവരുടെ പാളയത്തിൽ ചേർന്നവരുമായ എബ്രായർ, ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം ചേർന്നു.
1 ശമൂവേൽ 14 : 22 (IRVML)
അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്ന് കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു.
1 ശമൂവേൽ 14 : 23 (IRVML)
അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ വ്യാപിച്ചു.
1 ശമൂവേൽ 14 : 24 (IRVML)
യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ് ,ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല.
1 ശമൂവേൽ 14 : 25 (IRVML)
യിസ്രായേല്യർ ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു.
1 ശമൂവേൽ 14 : 26 (IRVML)
ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
1 ശമൂവേൽ 14 : 27 (IRVML)
എന്നാൽ യോനാഥാൻ തന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചു എന്ന് അറിയാതിരുന്നതിനാൽ അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്റെ കണ്ണ് പ്രകാശിച്ചു.
1 ശമൂവേൽ 14 : 28 (IRVML)
അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്ന് പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 29 (IRVML)
അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ?
1 ശമൂവേൽ 14 : 30 (IRVML)
ശത്രുക്കളിൽ നിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 31 (IRVML)
അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
1 ശമൂവേൽ 14 : 32 (IRVML)
ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു.
1 ശമൂവേൽ 14 : 33 (IRVML)
ജനം രക്തത്തോടു കൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടി.അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 34 (IRVML)
പിന്നെ ശൗൽ: “നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്ന് അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
1 ശമൂവേൽ 14 : 35 (IRVML)
ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.
1 ശമൂവേൽ 14 : 36 (IRVML)
പിന്നീട് ശൗൽ: “നാം രാത്രിയിൽ തന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് നേരം പുലരുന്നതു വരെ അവരെ കൊള്ളയിടുക; അവരിൽ ആരെയും ശേഷിപ്പിക്കരുത്” എന്നു കല്പിച്ചു. “നിനക്ക് ഉചിതമായത് ചെയ്തുകൊൾക ” എന്ന് അവർ പറഞ്ഞപ്പോൾ: “നമുക്ക് ദൈവത്തോട് ചോദിക്കാം” എന്ന് പുരോഹിതൻ പറഞ്ഞു.
1 ശമൂവേൽ 14 : 37 (IRVML)
അങ്ങനെ ശൗൽ ദൈവത്തോട് : “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ” എന്നു അരുളപ്പാട് ചോദിച്ചു. എന്നാൽ അന്ന് അവന് ഉത്തരം ലഭിച്ചില്ല.
1 ശമൂവേൽ 14 : 38 (IRVML)
അപ്പോൾ ശൗൽ: “ജനത്തിന്റെ പ്രധാനികൾ ഒക്കെയും അടുത്തുവരട്ടെ; ഇന്ന് പാപം സംഭവിച്ചത് ഏത് കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ;
1 ശമൂവേൽ 14 : 39 (IRVML)
യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വ ജനത്തിലും ആരും തയ്യാറായില്ല.
1 ശമൂവേൽ 14 : 40 (IRVML)
അവൻ എല്ലായിസ്രായേലിനോടും: “നിങ്ങൾ ഒരു ഭാഗത്ത് നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്ത് നില്ക്കാം” എന്നു പറഞ്ഞു. “നിന്റെ ഇഷ്ടംപോലെ ആകട്ടെ” എന്ന് ജനം ശൗലിനോട് പറഞ്ഞു.
1 ശമൂവേൽ 14 : 41 (IRVML)
അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട് : “സത്യം വെളിപ്പെടുത്തിത്തരേണമേ ” എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു.
1 ശമൂവേൽ 14 : 42 (IRVML)
പിന്നെ ശൗൽ: “എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ” എന്നു പറഞ്ഞു; ചീട്ട് യോനാഥാന് വീണു.
1 ശമൂവേൽ 14 : 43 (IRVML)
ശൗൽ യോനാഥാനോട് : “നീ എന്ത് ചെയ്തു? എന്നോടു പറയുക ” എന്നു പറഞ്ഞു. യോനാഥാൻ അവനോടു: “ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ട് ഞാൻ മരിക്കേണ്ടിവരും” എന്നു പറഞ്ഞു.
1 ശമൂവേൽ 14 : 44 (IRVML)
അതിന് ശൗൽ: “ദൈവം എന്നോട് അതിന് തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം ” എന്നു ഉത്തരം പറഞ്ഞു.
1 ശമൂവേൽ 14 : 45 (IRVML)
എന്നാൽ ജനം ശൗലിനോട്: “യിസ്രായേലിൽ ഈ മഹാരക്ഷ നേടി തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്ത് വീഴുകയില്ല; അവൻ ഇന്ന് ദൈവത്തോടുകൂടെയല്ലയൊ പ്രവർത്തിച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ മരിക്കേണ്ടിവന്നില്ല.
1 ശമൂവേൽ 14 : 46 (IRVML)
ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്ക് പോയി.
1 ശമൂവേൽ 14 : 47 (IRVML)
ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റതിന് ശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.
1 ശമൂവേൽ 14 : 48 (IRVML)
അവൻ യുദ്ധം ചെയ്ത് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വിടുവിക്കയും ചെയ്തു.
1 ശമൂവേൽ 14 : 49 (IRVML)
എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്ക് മേരബ് എന്നും ഇളയവൾക്ക് മീഖാൾ എന്നും പേരായിരുന്നു.
1 ശമൂവേൽ 14 : 50 (IRVML)
ശൗലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
1 ശമൂവേൽ 14 : 51 (IRVML)
ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
1 ശമൂവേൽ 14 : 52 (IRVML)
ശൗലിന്റെ കാലത്തെല്ലാം ഫെലിസ്ത്യരോട് കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതെങ്കിലുംബലവാനെയൊ വീരനെയോ കണ്ടാൽ അവനെ തന്റെ പക്ഷത്തു ചേർക്കും

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52