1 ശമൂവേൽ 15 : 1 (IRVML)
അതുകഴിഞ്ഞ് ശമൂവേൽ ശൗലിനോട് പറഞ്ഞത്: “യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുവാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ളുക.”
1 ശമൂവേൽ 15 : 2 (IRVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും.
1 ശമൂവേൽ 15 : 3 (IRVML)
അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചു കളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.
1 ശമൂവേൽ 15 : 4 (IRVML)
അതുകൊണ്ട് ശൗൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും[* കാലാൾ =നിലത്ത് നിന്ന് യുദ്ധം ചെയ്യുന്ന സൈന്യം ] ഉണ്ടായിരുന്നു.
1 ശമൂവേൽ 15 : 5 (IRVML)
പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു.
1 ശമൂവേൽ 15 : 6 (IRVML)
എന്നാൽ ശൗൽ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽമക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.
1 ശമൂവേൽ 15 : 7 (IRVML)
പിന്നെ ശൗൽ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
1 ശമൂവേൽ 15 : 8 (IRVML)
അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾ കൊണ്ട് നശിപ്പിച്ചു.
1 ശമൂവേൽ 15 : 9 (IRVML)
എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.
1 ശമൂവേൽ 15 : 10 (IRVML)
അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ:
1 ശമൂവേൽ 15 : 11 (IRVML)
“ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്റെ കല്പനകളെ പാലിക്കുന്നതുമില്ല.” ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോട് നിലവിളിച്ചു.
1 ശമൂവേൽ 15 : 12 (IRVML)
ശമൂവേൽ ശൗലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം[† ജ്ഞാപകസ്തംഭം =ഓർമ്മയ്ക്കായി പണിയുന്ന ഒരു തൂൺ ] നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.
1 ശമൂവേൽ 15 : 13 (IRVML)
പിന്നെ ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ അവനോട് : “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 15 : 14 (IRVML)
അതിന് ശമൂവേൽ: “എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും[‡ മുക്കുറ = കാളകളുടെ മൂക്കിൽ കൂടി ശബ്ദം പുറപ്പെടുവിച്ചുള്ള അമറൽ ] എന്ത്?” എന്ന് ചോദിച്ചു.
1 ശമൂവേൽ 15 : 15 (IRVML)
“അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചു കളഞ്ഞു ” എന്നു ശൗൽ പറഞ്ഞു.
1 ശമൂവേൽ 15 : 16 (IRVML)
ശമൂവേൽ ശൗലിനോട്: “നീ അല്പസമയം മൗനമായിരിക്കുക; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട് : “പറഞ്ഞാലും” എന്നു പറഞ്ഞു.
1 ശമൂവേൽ 15 : 17 (IRVML)
അപ്പോൾ ശമൂവേൽ പറഞ്ഞത് : “നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
1 ശമൂവേൽ 15 : 18 (IRVML)
പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: “നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക” എന്നു കല്പിച്ചു.
1 ശമൂവേൽ 15 : 19 (IRVML)
അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ട്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടി വീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?”
1 ശമൂവേൽ 15 : 20 (IRVML)
ശൗൽ ശമൂവേലിനോട്: “ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.
1 ശമൂവേൽ 15 : 21 (IRVML)
എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 15 : 22 (IRVML)
ശമൂവേൽ പറഞ്ഞത് : “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ[§ മുട്ടാടുകൾ = ആണാടുകൾ ] തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.
1 ശമൂവേൽ 15 : 23 (IRVML)
ആഭിചാര ദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവിടുന്ന് നിന്നെയും രാജസ്ഥാനത്ത് നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
1 ശമൂവേൽ 15 : 24 (IRVML)
ശൗൽ ശമൂവേലിനോട്: “ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ച് പാപം ചെയ്തിരിക്കുന്നു.
1 ശമൂവേൽ 15 : 25 (IRVML)
എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ ആരാധിക്കുവാൻ എന്നോടൊപ്പം വരണമേ” എന്നു പറഞ്ഞു.
1 ശമൂവേൽ 15 : 26 (IRVML)
ശമൂവേൽ ശൗലിനോട് : “ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
1 ശമൂവേൽ 15 : 27 (IRVML)
പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൗൽ അവന്റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു; അത് കീറിപ്പോയി.
1 ശമൂവേൽ 15 : 28 (IRVML)
ശമൂവേൽ അവനോട് : “യഹോവ ഇന്ന് യിസ്രായേലിന്റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു.
1 ശമൂവേൽ 15 : 29 (IRVML)
യിസ്രായേലിന്റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.
1 ശമൂവേൽ 15 : 30 (IRVML)
അപ്പോൾ അവൻ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പിൽ ഇപ്പോൾ എന്നെ മാനിച്ച്, ഞാൻ നിന്റെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് എന്നോടുകൂടെ വരണമേ” എന്നു അപേക്ഷിച്ചു.
1 ശമൂവേൽ 15 : 31 (IRVML)
അങ്ങനെ ശമൂവേൽ ശൗലിന്റെ പിന്നാലെ ചെന്നു; ശൗൽ യഹോവയെ ആരാധിച്ചു.
1 ശമൂവേൽ 15 : 32 (IRVML)
അപ്പോൾ ശമൂവേൽ: “അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്ന് ആഗാഗ് പറഞ്ഞു.
1 ശമൂവേൽ 15 : 33 (IRVML)
“നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കി. അതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്ന് ശമൂവേൽ പറഞ്ഞു. ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ കഷണങ്ങളായി വെട്ടിക്കളഞ്ഞു.
1 ശമൂവേൽ 15 : 34 (IRVML)
പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി.
1 ശമൂവേൽ 15 : 35 (IRVML)
ശമൂവേൽ പിന്നെ ജീവിതകാലത്ത് ഒരിയ്ക്കൽ പോലും ശൗലിനെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ച് ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിന് രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35