1 ശമൂവേൽ 16 : 1 (IRVML)
അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൗലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്ര കാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
1 ശമൂവേൽ 16 : 2 (IRVML)
അതിന് ശമൂവേൽ : “ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.
1 ശമൂവേൽ 16 : 3 (IRVML)
യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്ന് ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.”
1 ശമൂവേൽ 16 : 4 (IRVML)
യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ത്ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിൽ വിറച്ചുകൊണ്ട് “നിന്റെ വരവ് ശുഭം തന്നേയോ? ” എന്നു ചോദിച്ചു.
1 ശമൂവേൽ 16 : 5 (IRVML)
അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ ” എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു.
1 ശമൂവേൽ 16 : 6 (IRVML)
അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട് : “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു ” എന്നു പറഞ്ഞു.
1 ശമൂവേൽ 16 : 7 (IRVML)
യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു ” എന്ന് അരുളിച്ചെയ്തു.
1 ശമൂവേൽ 16 : 8 (IRVML)
പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമുവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
1 ശമൂവേൽ 16 : 9 (IRVML)
പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്ന് അവൻ പറഞ്ഞു.
1 ശമൂവേൽ 16 : 10 (IRVML)
അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
1 ശമൂവേൽ 16 : 11 (IRVML)
“നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?” എന്ന് ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.
1 ശമൂവേൽ 16 : 12 (IRVML)
ഉടനെ അവർ അവനെ ആളയച്ച് വരുത്തി; “എന്നാൽ അവൻ പവിഴനിറമുള്ളവനും[* പവിഴനിറമുള്ളവൻ = ചുവപ്പ് നിറമള്ളവൻ ], സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു.
1 ശമൂവേൽ 16 : 13 (IRVML)
അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
1 ശമൂവേൽ 16 : 14 (IRVML)
എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.
1 ശമൂവേൽ 16 : 15 (IRVML)
അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ”.
1 ശമൂവേൽ 16 : 16 (IRVML)
“അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് വായിക്കയും തിരുമേനിക്ക് ഭേദം വരികയും ചെയ്യും” എന്നു പറഞ്ഞു.
1 ശമൂവേൽ 16 : 17 (IRVML)
ശൗൽ തന്റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
1 ശമൂവേൽ 16 : 18 (IRVML)
ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട് ” എന്നു പറഞ്ഞു.
1 ശമൂവേൽ 16 : 19 (IRVML)
അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.
1 ശമൂവേൽ 16 : 20 (IRVML)
യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്റെ കൈവശം ശൗലിന് കൊടുത്തയച്ചു.
1 ശമൂവേൽ 16 : 21 (IRVML)
ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; ശൗലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.
1 ശമൂവേൽ 16 : 22 (IRVML)
അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
1 ശമൂവേൽ 16 : 23 (IRVML)
ദൈവത്തിന്റെ അടുക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23