1 ശമൂവേൽ 17 : 1 (IRVML)
അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
1 ശമൂവേൽ 17 : 2 (IRVML)
ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടയ്ക്ക് അണിനിരന്നു;
1 ശമൂവേൽ 17 : 3 (IRVML)
താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
1 ശമൂവേൽ 17 : 4 (IRVML)
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും[* മുഴം = 46 സെ.മീ
ചാൺ = 3മീറ്റർ ] ഉയരമുള്ളവൻ ആയിരുന്നു.
1 ശമൂവേൽ 17 : 5 (IRVML)
അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ[† ശേക്കെൽ = 11ഗ്രാം ] തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
1 ശമൂവേൽ 17 : 6 (IRVML)
അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും[‡ കുന്തം = മുനയുള്ള നീണ്ട ആയുധം ] ഉണ്ടായിരുന്നു.
1 ശമൂവേൽ 17 : 7 (IRVML)
അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക്[§ അലക് = മൂർച്ചയുള്ള ലോഹഭാഗം ] അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
1 ശമൂവേൽ 17 : 8 (IRVML)
അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
1 ശമൂവേൽ 17 : 9 (IRVML)
അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം. ”
1 ശമൂവേൽ 17 : 10 (IRVML)
ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 11 (IRVML)
ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
1 ശമൂവേൽ 17 : 12 (IRVML)
യെഹൂദയിലെ ബേത്ത്ലഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.
1 ശമൂവേൽ 17 : 13 (IRVML)
യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൗലിന്റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് ഏലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
1 ശമൂവേൽ 17 : 14 (IRVML)
ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ പോയിരുന്നു.
1 ശമൂവേൽ 17 : 15 (IRVML)
ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്ലഹേമിൽ പോയിവരുക പതിവായിരുന്നു.
1 ശമൂവേൽ 17 : 16 (IRVML)
ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.
1 ശമൂവേൽ 17 : 17 (IRVML)
യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ[* പറ = ഏകദേശം 22ലിറ്റർ ] മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.
1 ശമൂവേൽ 17 : 18 (IRVML)
ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് [† സഹസ്രാധിപൻ = ആയിരം പേർക്ക് അധിപൻ ]കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
1 ശമൂവേൽ 17 : 19 (IRVML)
ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.
1 ശമൂവേൽ 17 : 20 (IRVML)
അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തു കൊണ്ടു ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.
1 ശമൂവേൽ 17 : 21 (IRVML)
യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
1 ശമൂവേൽ 17 : 22 (IRVML)
ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.
1 ശമൂവേൽ 17 : 23 (IRVML)
അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.
1 ശമൂവേൽ 17 : 24 (IRVML)
അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
1 ശമൂവേൽ 17 : 25 (IRVML)
അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 26 (IRVML)
അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 27 (IRVML)
അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
1 ശമൂവേൽ 17 : 28 (IRVML)
അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 29 (IRVML)
അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 30 (IRVML)
ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
1 ശമൂവേൽ 17 : 31 (IRVML)
ദാവീദ് പറഞ്ഞ വാക്ക് കേട്ടവർ അത് ശൗലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.
1 ശമൂവേൽ 17 : 32 (IRVML)
ദാവീദ് ശൗലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 33 (IRVML)
ശൗൽ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 34 (IRVML)
ദാവീദ് ശൗലിനോട് പറഞ്ഞത്: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.
1 ശമൂവേൽ 17 : 35 (IRVML)
ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചു കൊന്നു.
1 ശമൂവേൽ 17 : 36 (IRVML)
ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.”
1 ശമൂവേൽ 17 : 37 (IRVML)
ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 38 (IRVML)
ശൗൽ തന്റെ പടയങ്കി[‡ പടയങ്കി =സൈനികർ യുദ്ധത്തിന് പോകുമ്പോൾ അണിയുന്ന വസ്ത്രം ] ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
1 ശമൂവേൽ 17 : 39 (IRVML)
പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല.അതുകൊണ്ട് ഇവ ധരിച്ചു കൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
1 ശമൂവേൽ 17 : 40 (IRVML)
പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി[§ കവിണ = കല്ല് വച്ച് എറിയുവ‍ാനുള്ള ഉപകരണം ] ഫെലിസ്ത്യനോട് അടുത്തു.
1 ശമൂവേൽ 17 : 41 (IRVML)
ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.
1 ശമൂവേൽ 17 : 42 (IRVML)
ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
1 ശമൂവേൽ 17 : 43 (IRVML)
ഫെലിസ്ത്യൻ ദാവീദിനോട് : “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
1 ശമൂവേൽ 17 : 44 (IRVML)
ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 45 (IRVML)
ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
1 ശമൂവേൽ 17 : 46 (IRVML)
യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.
1 ശമൂവേൽ 17 : 47 (IRVML)
യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
1 ശമൂവേൽ 17 : 48 (IRVML)
പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.
1 ശമൂവേൽ 17 : 49 (IRVML)
ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു;
1 ശമൂവേൽ 17 : 50 (IRVML)
അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
1 ശമൂവേൽ 17 : 51 (IRVML)
അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന് ,അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
1 ശമൂവേൽ 17 : 52 (IRVML)
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളും വരെ വീണുകിടന്നു.
1 ശമൂവേൽ 17 : 53 (IRVML)
ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
1 ശമൂവേൽ 17 : 54 (IRVML)
എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
1 ശമൂവേൽ 17 : 55 (IRVML)
ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ? ” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല ” എന്നു പറഞ്ഞു.
1 ശമൂവേൽ 17 : 56 (IRVML)
“ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
1 ശമൂവേൽ 17 : 57 (IRVML)
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
1 ശമൂവേൽ 17 : 58 (IRVML)
ശൗൽ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ ? ” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58