1 ശമൂവേൽ 18 : 1 (IRVML)
ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
1 ശമൂവേൽ 18 : 2 (IRVML)
ശൗൽ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
1 ശമൂവേൽ 18 : 3 (IRVML)
യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
1 ശമൂവേൽ 18 : 4 (IRVML)
യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
1 ശമൂവേൽ 18 : 5 (IRVML)
ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും പ്രീതികരമായി.
1 ശമൂവേൽ 18 : 6 (IRVML)
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി[* തപ്പും തംബുരുവും = വാദ്യോപകരണങ്ങൾ ] പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗൽരാജാവിനെ എതിരേറ്റു.
1 ശമൂവേൽ 18 : 7 (IRVML)
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി.
1 ശമൂവേൽ 18 : 8 (IRVML)
ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗൽ ഏറ്റവും കോപിച്ചു; : “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു.
1 ശമൂവേൽ 18 : 9 (IRVML)
അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി.
1 ശമൂവേൽ 18 : 10 (IRVML)
അടുത്ത ദിവസം ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൗലിന്മേൽ വന്നു അവന്റെ നിയന്ത്രണം ഏറ്റെടുത്തു.അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
1 ശമൂവേൽ 18 : 11 (IRVML)
ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ട് പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.
1 ശമൂവേൽ 18 : 12 (IRVML)
യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൗലിന്റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു.
1 ശമൂവേൽ 18 : 13 (IRVML)
അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരം പേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.
1 ശമൂവേൽ 18 : 14 (IRVML)
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാവഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി;
1 ശമൂവേൽ 18 : 15 (IRVML)
ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്ന് ശൗൽ കണ്ടപ്പോൾ,അവനെ ഭയപ്പെട്ടു.
1 ശമൂവേൽ 18 : 16 (IRVML)
എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമൂവേൽ 18 : 17 (IRVML)
അതിനുശേഷം ശൗൽ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കൈയാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്ന് ശൗൽ വിചാരിച്ചു.
1 ശമൂവേൽ 18 : 18 (IRVML)
ദാവീദ് ശൗലിനോട്: “രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആരു? യിസ്രായേലിൽ എന്റെ ബന്ധുക്കളും എന്റെ പിതൃഭവനവും ആരുമല്ലല്ലോ” എന്നു പറഞ്ഞു.
1 ശമൂവേൽ 18 : 19 (IRVML)
ശൗലിന്റെ മകളായ മേരബിനെ ദാവീദിന് ഭാര്യയായി കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു.
1 ശമൂവേൽ 18 : 20 (IRVML)
ശൗലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവ് കിട്ടി; ആ കാര്യം അവന് ഇഷ്ടമായി.
1 ശമൂവേൽ 18 : 21 (IRVML)
അവൾ അവന് ഒരു കെണിയാകട്ടെ. ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് ഉപദ്രവിക്കപ്പെടുവാനായി ഞാൻ അവളെ അവന് കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: “നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരണം” എന്നു പറഞ്ഞു.
1 ശമൂവേൽ 18 : 22 (IRVML)
പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്: “നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
1 ശമൂവേൽ 18 : 23 (IRVML)
ശൗലിന്റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു.അപ്പോൾ ദാവീദ്: “രാജാവിന്റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു.
1 ശമൂവേൽ 18 : 24 (IRVML)
ദാവീദ് പറഞ്ഞ കാര്യം ശൗലിന്റെ ദൃത്യന്മാർ ശൗലിനെ അറിയിച്ചു.
1 ശമൂവേൽ 18 : 25 (IRVML)
അതിന് ശൗൽ: “രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല. അതിനുപകരം രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മതി എന്ന് നിങ്ങൾ ദാവീദിനോട് പറയണം” എന്ന് കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് കൊല്ലപ്പെടണമെന്ന് ശൗൽ കരുതിയിരുന്നു.
1 ശമൂവേൽ 18 : 26 (IRVML)
ശൗൽ പറഞ്ഞ കാര്യം ഭൃത്യന്മാർ ദാവീദിനോട് അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന് സന്തോഷമായി;
1 ശമൂവേൽ 18 : 27 (IRVML)
നിശ്ചിത സമയത്തിനുള്ളിൽ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യരിൽ ഇരുനൂറ് പേരെ കൊന്നു. അവരുടെ അഗ്രചർമ്മം കൊണ്ടുവന്ന് താൻ രാജാവിന്റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു കൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.
1 ശമൂവേൽ 18 : 28 (IRVML)
യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൗൽ അറിഞ്ഞപ്പോൾ,
1 ശമൂവേൽ 18 : 29 (IRVML)
ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.
1 ശമൂവേൽ 18 : 30 (IRVML)
എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്റെ പേർ പ്രസിദ്ധമായ്തീർന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30