1 ശമൂവേൽ 25 : 1 (IRVML)
ശമൂവേൽ മരിച്ചു; യിസ്രായേൽമക്കൾ ഒരുമിച്ചുകൂടി അവനെക്കുറിച്ച് വിലപിച്ചു, രാമയിൽ അവന്റെ വീടിനരികെ അവനെ അടക്കം ചെയ്തു. ദാവീദ് പാരാൻമരുഭൂമിയിൽ പോയി പാർത്തു.
1 ശമൂവേൽ 25 : 2 (IRVML)
കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു.
1 ശമൂവേൽ 25 : 3 (IRVML)
അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.അവന്റെ പേര് നാബാൽ എന്നും അവന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
1 ശമൂവേൽ 25 : 4 (IRVML)
നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്എന്ന് ദാവീദ് മരുഭൂമിയിൽ വച്ച് കേട്ടു.
1 ശമൂവേൽ 25 : 5 (IRVML)
ദാവീദ് പത്ത് യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലുക:
1 ശമൂവേൽ 25 : 6 (IRVML)
നിനക്ക് സമാധാനം ഉണ്ടാകട്ടെ.നിനക്കും നിന്റെ ഭവനത്തിനും നിനക്കുള്ള സകലത്തിനും സമാധാനം ഉണ്ടാകട്ടെ;
1 ശമൂവേൽ 25 : 7 (IRVML)
നീ ആടുകളുടെ രോമം കത്രിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല.
1 ശമൂവേൽ 25 : 8 (IRVML)
അവരോട് ചോദിക്കുക അവരും അത് നിന്നോട് പറയും; അതുകൊണ്ട് ഈ ബാല്യക്കാരോട് ദയ തോന്നണം; ഉത്സവ ദിവസമാണല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്റെ കൈവശം ഉള്ളത് അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിനും തരണമേ എന്നു അവനോടു പറയുവിൻ.”
1 ശമൂവേൽ 25 : 9 (IRVML)
ദാവീദിന്റെ ബാല്യക്കാർ നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ച് മറുപടിയ്ക്കായി കാത്തുനിന്നു.
1 ശമൂവേൽ 25 : 10 (IRVML)
നാബാൽ ദാവീദിന്റെ ഭൃത്യന്മാരോട്: “ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ട് പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്.
1 ശമൂവേൽ 25 : 11 (IRVML)
ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എവിടെ നിന്ന് വന്നു എന്ന് അറിയാത്തവർക്ക് കൊടുക്കുമോ” എന്ന് ഉത്തരം പറഞ്ഞു.
1 ശമൂവേൽ 25 : 12 (IRVML)
ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമെല്ലാം അവനോട് അറിയിച്ചു.
1 ശമൂവേൽ 25 : 13 (IRVML)
അപ്പോൾ ദാവീദ് തന്റെ ആളുകളോട്: “എല്ലാവരും വാൾ അരയിൽ കെട്ടിക്കൊൾവിൻ” എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയിൽ കെട്ടി; ദാവീദും വാൾ അരയിൽ കെട്ടി; ഏകദേശം നാനൂറ് പേർ ദാവീദിന്റെ പിന്നാലെ പോയി; ഇരുനൂറ് പേർ സാധനങ്ങൾ സൂക്ഷിക്കുവാൻ അവിടെ താമസിച്ചു.
1 ശമൂവേൽ 25 : 14 (IRVML)
എന്നാൽ ബാല്യക്കാരിൽ ഒരുവൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോട് : “ദാവീദ് നമ്മുടെ യജമാനന് വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു.
1 ശമൂവേൽ 25 : 15 (IRVML)
എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി താമസിച്ചിരുന്ന കാലത്ത് ഒരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല.
1 ശമൂവേൽ 25 : 16 (IRVML)
ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴെല്ലാം രാവും പകലും അവർ ഞങ്ങൾക്ക് ഒരു കോട്ട ആയിരുന്നു.
1 ശമൂവേൽ 25 : 17 (IRVML)
അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; ദാവീദ് നമ്മുടെ യജമാനനും അവന്റെ സകലഭവനത്തിനും ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു; അവനോ ദുശ്ശാഠ്യക്കാരൻ ആയതുകൊണ്ട് അവനോട് ആർക്കും ഒന്നും സംസാരിക്കാൻ സാധിക്കുകയില്ല”.
1 ശമൂവേൽ 25 : 18 (IRVML)
ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും, രണ്ട് തുരുത്തി വീഞ്ഞും, പാകം ചെയ്ത അഞ്ച് ആടും, അഞ്ച് പറ മലരും, നൂറ് ഉണക്കമുന്തിരിക്കുലയും, ഇരുനൂറ് അത്തിയടയും കഴുതപ്പുറത്ത് കയറ്റി ബാല്യക്കാരോട്;
1 ശമൂവേൽ 25 : 19 (IRVML)
“നിങ്ങൾ എനിക്ക് മുമ്പെ പോകുവിൻ; ഞാൻ പിന്നാലെ വരാം” എന്നു പറഞ്ഞു. ഭർത്താവായ നാബാലിനെ അവൾ ഒന്നും അറിയിച്ചില്ല.
1 ശമൂവേൽ 25 : 20 (IRVML)
അവൾ കഴുതപ്പുറത്ത് കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അവന്റെ സഹയാത്രികരും അവൾക്കെതിരെ വരുന്നു; അവൾ അവരെ എതിരേറ്റു.
1 ശമൂവേൽ 25 : 21 (IRVML)
അപ്പോൾ ദാവീദ്: “മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതെല്ലാം ഞാൻ സംരക്ഷിച്ചത് വെറുതെയായി. അവന് ഒന്നും നഷ്ടപ്പെട്ടതുമില്ല; അവനോ നന്മക്ക് പകരം എനിക്ക് തിന്മ ചെയ്തു.
1 ശമൂവേൽ 25 : 22 (IRVML)
അവന്റെ പുരുഷന്മാരിൽ ആരെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചിരുന്നാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് പകരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു”.
1 ശമൂവേൽ 25 : 23 (IRVML)
അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ പെട്ടെന്ന് കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിനെ സാഷ്ടാംഗം നമസ്കരിച്ചു.
1 ശമൂവേൽ 25 : 24 (IRVML)
അവൾ അവന്റെ കാല്ക്കൽ വീണ് പറഞ്ഞത്: “യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.
1 ശമൂവേൽ 25 : 25 (IRVML)
ദുസ്സ്വഭാവിയായ നാബാലിനെ യജമാനൻ കാര്യമാക്കരുത്; അവൻ തന്റെ പേരു പോലെ തന്നെ ആണ്. നാബാൽ എന്നാണല്ലോ അവന്റെ പേർ; ഭോഷത്തം മാത്രമേ അവന്റെ കയ്യിൽ ഉള്ളൂ. അടിയൻ, യജമാനൻ അയച്ച വേലക്കാരെ കണ്ടിരുന്നില്ല.
1 ശമൂവേൽ 25 : 26 (IRVML)
അതുകൊണ്ട് യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടഞ്ഞിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന് ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
1 ശമൂവേൽ 25 : 27 (IRVML)
ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച[* കാഴ്ച = മറ്റൊരാൾക്ക് നൽകുന്ന സമ്മാനം ] യജമാനന്റെ ബാല്യക്കാർക്ക് ഇരിക്കട്ടെ.
1 ശമൂവേൽ 25 : 28 (IRVML)
അടിയന്റെ കുറ്റം ക്ഷമിക്കേണമേ. യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; കാരണം യഹോവയുടെ യുദ്ധങ്ങളാണല്ലോ യജമാനൻ നടത്തുന്നത്. ജീവിതകാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.
1 ശമൂവേൽ 25 : 29 (IRVML)
ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും.
1 ശമൂവേൽ 25 : 30 (IRVML)
എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ച്, നിന്നെ യിസ്രായേലിന് പ്രഭുവാക്കി വെയ്ക്കുമ്പോൾ
1 ശമൂവേൽ 25 : 31 (IRVML)
കാരണം കൂടാതെ രക്തം ചിന്തിയെന്നോ, പ്രതികാരം ചെയ്തു എന്നോ പശ്ചാത്താപവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന് നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളണമേ.”
1 ശമൂവേൽ 25 : 32 (IRVML)
ദാവീദ് അബീഗയിലിനോട് പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം.
1 ശമൂവേൽ 25 : 33 (IRVML)
നിന്റെ വിവേകം സ്തുത്യം; രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയിരിക്കുവാനും ഇന്ന് എന്നെ തടഞ്ഞ നീ അനുഗ്രഹിക്കപ്പെട്ടവൾ.
1 ശമൂവേൽ 25 : 34 (IRVML)
നിനക്ക് ദോഷം വരാതെയിരിക്കുവാൻ എന്നെ തടഞ്ഞ യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ വേഗം എന്നെ എതിരേറ്റ് വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്ക് പുരുഷപ്രജയൊന്നും നാബാലിന് ശേഷിക്കയില്ലായിരുന്നു.
1 ശമൂവേൽ 25 : 35 (IRVML)
പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കയ്യിൽനിന്ന് വാങ്ങി അവളോട്: “സമാധാനത്തോടെ വീട്ടിലേയ്ക്ക് പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 25 : 36 (IRVML)
അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
1 ശമൂവേൽ 25 : 37 (IRVML)
എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞിന്റെ ലഹരി മാറിയശേഷം അവന്റെ ഭാര്യ അവനോട് വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ ജീവനില്ലാത്തതു പോലെ ആയി.അവൻ ശിലാസമനായി.
1 ശമൂവേൽ 25 : 38 (IRVML)
പത്ത് ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി.
1 ശമൂവേൽ 25 : 39 (IRVML)
നാബാൽ മരിച്ചു എന്ന് ദാവീദ് കേട്ടപ്പോൾ: “എന്നെ നിന്ദിച്ചതിനാൽ നാബാലിനോട് പകരംചോദിക്കുകയും, അങ്ങയുടെ ദാസനെ തിന്മ ചെയ്യാതെ തടയുകയും ചെയ്ത യഹോവയ്ക്ക് സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നെ വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്ക് ഭാര്യയാക്കേണ്ടതിന് അവളോട് സംസാരിപ്പാൻ ആളയച്ചു.
1 ശമൂവേൽ 25 : 40 (IRVML)
ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: “നീ ദാവീദിന് ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 25 : 41 (IRVML)
അവൾ എഴുന്നേറ്റ് നിലംവരെ തല കുനിച്ചു: “ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി” എന്നു പറഞ്ഞു.
1 ശമൂവേൽ 25 : 42 (IRVML)
ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരികമാരായ അഞ്ച് ബാല്യക്കാരത്തികളുമായി കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരോടുകൂടി ചെന്ന് അവന് ഭാര്യയായി തീർന്നു.
1 ശമൂവേൽ 25 : 43 (IRVML)
യിസ്രായേലിൽ നിന്നും ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ രണ്ടുപേരും ദാവീദിന് ഭാര്യമാരാത്തീർന്നു.
1 ശമൂവേൽ 25 : 44 (IRVML)
ശൗൽ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്ക് കൊടുത്തിരുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44