1 ശമൂവേൽ 26 : 1 (IRVML)
അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു; “ദാവീദ് മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 26 : 2 (IRVML)
ശൗൽ എഴുന്നേറ്റ് ദാവീദിനെ തെരയുവാൻ സീഫ് മരുഭൂമിയിലേയ്ക്കു് ചെന്നു; യിസ്രായേലിൽനിന്നു തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
1 ശമൂവേൽ 26 : 3 (IRVML)
ശൗൽ മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ വഴിയരികെ പാളയം ഇറങ്ങി. ദാവീദ് മരുഭൂമിയിൽ താമസിച്ചു. ശൗൽ തന്നെ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു മനസ്സിലായി
1 ശമൂവേൽ 26 : 4 (IRVML)
അതുകൊണ്ട് ദാവീദ് ചാരന്മാരെ അയച്ച് ശൗൽ വന്നിരിക്കുന്നു എന്നു അറിഞ്ഞു.
1 ശമൂവേൽ 26 : 5 (IRVML)
ദാവീദ് എഴുന്നേറ്റ് ശൗൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്ത് ചെന്നു; ശൗലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
1 ശമൂവേൽ 26 : 6 (IRVML)
ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും, സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുക്കലേക്ക് ആര് എന്നോടുകൂടെ പോരും” എന്നു ചോദിച്ചു. “ഞാൻ നിന്നോടുകൂടെ വരാം” എന്ന് അബീശായി പറഞ്ഞു.
1 ശമൂവേൽ 26 : 7 (IRVML)
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു.
1 ശമൂവേൽ 26 : 8 (IRVML)
അബീശായി ദാവീദിനോട്: “ദൈവം നിന്റെ ശത്രുവിനെ ഇന്ന് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തം കൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല ” എന്നു പറഞ്ഞു.
1 ശമൂവേൽ 26 : 9 (IRVML)
ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകയില്ല” എന്നു പറഞ്ഞു.
1 ശമൂവേൽ 26 : 10 (IRVML)
“യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കുചെന്ന് നശിക്കും;
1 ശമൂവേൽ 26 : 11 (IRVML)
ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.
1 ശമൂവേൽ 26 : 12 (IRVML)
ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലയുടെ അടുക്കൽ നിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
1 ശമൂവേൽ 26 : 13 (IRVML)
ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു.
1 ശമൂവേൽ 26 : 14 (IRVML)
ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: “അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ” എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: “രാജസന്നിധിയിൽ കൂകുന്ന നീ ആര്” എന്ന് അങ്ങോട്ട് ചോദിച്ചു.
1 ശമൂവേൽ 26 : 15 (IRVML)
ദാവീദ് അബ്നേരിനോട് : “നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്ക് തുല്യൻ ആരുണ്ട്? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നത് എന്ത്? നിന്റെ യജമാനനായ രാജാവിനെ നശിപ്പിക്കുവാൻ ജനത്തിൽ ഒരുവൻ അവിടെ വന്നിരുന്നുവല്ലോ.
1 ശമൂവേൽ 26 : 16 (IRVML)
നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്ന് നോക്കുക.”
1 ശമൂവേൽ 26 : 17 (IRVML)
അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: “എന്റെ മകനെ, ദാവീദേ, ഇത് നിന്റെ ശബ്ദമോ ” എന്നു ചോദിച്ചതിന് ദാവീദ് “എന്റെ ശബ്ദം തന്നെ, യജമാനനായ രാജാവേ” എന്നു പറഞ്ഞു.
1 ശമൂവേൽ 26 : 18 (IRVML)
“യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്റെ പക്കൽ എന്ത് ദോഷമാണുള്ളത്?
1 ശമൂവേൽ 26 : 19 (IRVML)
അതുകൊണ്ട് യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന് എതിരായി വിട്ടിരിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് സ്വീകരിച്ച് പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ.യഹോവയുടെ അവകാശത്തിൽ എനിക്ക് പങ്കില്ലാതാകത്തക്കവിധം നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു അവർ എന്നെ ഇന്ന് പുറത്ത് തള്ളിയിരിക്കുന്നു.
1 ശമൂവേൽ 26 : 20 (IRVML)
എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്ത് വീഴരുതേ; ഒരുവൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവ് ഒരു ഒറ്റ ചെള്ളിനെ തെരഞ്ഞ് പുറപ്പെട്ടിരിക്കുന്നു” എന്നും അവൻ പറഞ്ഞു.
1 ശമൂവേൽ 26 : 21 (IRVML)
അതിന് ശൗൽ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്ക് വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്ക് ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 26 : 22 (IRVML)
ദാവീദ് ഉത്തരം പറഞ്ഞത്: “രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുവൻ വന്ന് കൊണ്ടുപോകട്ടെ.
1 ശമൂവേൽ 26 : 23 (IRVML)
യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
1 ശമൂവേൽ 26 : 24 (IRVML)
എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്ക് വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്ക് വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ”.
1 ശമൂവേൽ 26 : 25 (IRVML)
അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്ക് പോയി; ശൗലും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25