1 ശമൂവേൽ 7 : 1 (IRVML)
കിര്യത്ത്-യെയാരീമിൽ വസിക്കുന്നവർ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന് ശുദ്ധീകരിച്ചു.
1 ശമൂവേൽ 7 : 2 (IRVML)
പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് വളരെക്കാലം, ഏകദേശം ഇരുപത് വർഷം, കഴിഞ്ഞു; യിസ്രായേൽജനമെല്ലാം യഹോവയോട് വിലപിച്ചു.
1 ശമൂവേൽ 7 : 3 (IRVML)
അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽജനത്തോടും: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും, നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞ്, നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ യഹോവയിലേക്ക് തിരിയുകയും, അവനെ മാത്രം സേവിക്കയും ചെയ്യുക; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് വിടുവിക്കും” എന്നു പറഞ്ഞു.
1 ശമൂവേൽ 7 : 4 (IRVML)
അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.
1 ശമൂവേൽ 7 : 5 (IRVML)
പിന്നീട് ശമൂവേൽ: “എല്ലാ യിസ്രായേൽ ജനങ്ങളെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോട് പ്രാർത്ഥിക്കും ” എന്നു പറഞ്ഞു.
1 ശമൂവേൽ 7 : 6 (IRVML)
അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു ” എന്ന് അവിടെവച്ച് പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവച്ച് യിസ്രായേൽമക്കൾക്ക് ന്യായപാലനം ചെയ്തു.
1 ശമൂവേൽ 7 : 7 (IRVML)
യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേൽ ജനങ്ങളെ ആക്രമിക്കുവാൻ ചെന്നു; യിസ്രായേൽമക്കൾ അത് കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു.
1 ശമൂവേൽ 7 : 8 (IRVML)
യിസ്രായേൽമക്കൾ ശമൂവേലിനോട്: “നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കേണ്ടതിന്, ഞങ്ങൾക്കു വേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്കരുതേ” എന്നു പറഞ്ഞു.
1 ശമൂവേൽ 7 : 9 (IRVML)
അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്ക് സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനു വേണ്ടി യഹോവയോട് പ്രാർത്ഥിച്ചു; യഹോവ ഉത്തരം നൽകി.
1 ശമൂവേൽ 7 : 10 (IRVML)
ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോട് യുദ്ധത്തിനു വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.
1 ശമൂവേൽ 7 : 11 (IRVML)
യിസ്രായേൽമക്കൾ മിസ്പയിൽനിന്ന് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാർ വരെ അവരെ സംഹരിച്ചു.
1 ശമൂവേൽ 7 : 12 (IRVML)
പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
1 ശമൂവേൽ 7 : 13 (IRVML)
ഇങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി, പിന്നെ യിസ്രായേൽദേശത്തേക്ക് വന്നതുമില്ല; ശമൂവേലിന്റെ കാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്ക് വിരോധമായിരുന്നു.
1 ശമൂവേൽ 7 : 14 (IRVML)
എക്രോൻ മുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോട് പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന് തിരികെ ലഭിച്ചു. അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മോചിപ്പിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
1 ശമൂവേൽ 7 : 15 (IRVML)
ശമൂവേൽ തന്റെ ജീവകാലം മുഴുവനും യിസ്രായേലിന് ന്യായപാലനം ചെയ്തു.
1 ശമൂവേൽ 7 : 16 (IRVML)
അവൻ എല്ലാവർഷവും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ച് യിസ്രായേലിന് ന്യായപാലനം ചെയ്തിട്ട് രാമയിലേക്ക് മടങ്ങിപ്പോരും;
1 ശമൂവേൽ 7 : 17 (IRVML)
അവിടെയായിരുന്നു അവന്റെ വീട്; അവിടെവെച്ചും അവൻ യിസ്രായേലിന് ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17