1 ശമൂവേൽ 9 : 1 (IRVML)
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
1 ശമൂവേൽ 9 : 2 (IRVML)
അവന് ശൗൽ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു; അവൻ സുന്ദരൻ ആയിരുന്നു. യിസ്രായേൽമക്കളിൽ അവനേക്കാൾ സൗന്ദര്യമുള്ള പുരുഷൻ വേറെ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും ഉയരമുള്ളവൻ ആയിരുന്നു.
1 ശമൂവേൽ 9 : 3 (IRVML)
ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകളെ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: “നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ട് ചെന്ന് കഴുതകളെ അന്വേഷിക്കുക” എന്നു പറഞ്ഞു.
1 ശമൂവേൽ 9 : 4 (IRVML)
അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും, ശാലീംദേശത്തും അന്വേഷിച്ചു; അവയെ കണ്ടില്ല;; അവൻ ബെന്യാമീൻദേശത്തും അന്വേഷിച്ചു; എന്നിട്ടും കണ്ടുകിട്ടിയില്ല.
1 ശമൂവേൽ 9 : 5 (IRVML)
സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോട്: “വരിക, നമുക്ക് മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ച് വിഷമിക്കും” എന്നു പറഞ്ഞു.
1 ശമൂവേൽ 9 : 6 (IRVML)
അതിന് അവൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി ചിലപ്പൊൾ അവൻ പറഞ്ഞുതരും” എന്ന് അവനോടു പറഞ്ഞു.
1 ശമൂവേൽ 9 : 7 (IRVML)
ശൗൽ തന്റെ ഭൃത്യനോട്: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിന് കൊടുക്കേണ്ടത് ? നമ്മുടെ പാത്രത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന് കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമ്മുടെ കൈയ്യിൽ ഒന്നുമില്ലല്ലോ” എന്നു പറഞ്ഞു.
1 ശമൂവേൽ 9 : 8 (IRVML)
ഭൃത്യൻ ശൗലിനോട്: “എന്റെ കയ്യിൽ കാൽശേക്കെൽ[* ശേക്കെൽ = ഏകദേശം 11.38 ഗ്രാം ] വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്ന് ഉത്തരം പറഞ്ഞു.
1 ശമൂവേൽ 9 : 9 (IRVML)
പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ: “വരുവിൻ; നാം ദർശകന്റെ[† ദർശകൻ = ദൈവഹിതം മുൻകൂട്ടി ദർശിക്കുന്നവർ ] അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്ന് പറയുന്നവനെ അന്ന് ദർശകൻ എന്ന് പറഞ്ഞുവന്നു.
1 ശമൂവേൽ 9 : 10 (IRVML)
ശൗൽ ഭൃത്യനോട്: നല്ലത്; “വരുക, നമുക്ക് പോകാം” എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി.
1 ശമൂവേൽ 9 : 11 (IRVML)
അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന യുവതികളെ കണ്ട് അവരോട്: “ദർശകൻ ഇവിടെ ഉണ്ടോ” എന്നു ചോദിച്ചു.
1 ശമൂവേൽ 9 : 12 (IRVML)
അവർ അവരോട്: ഉണ്ട്; “അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്ന് പൂജാഗിരിയിൽ[‡ പൂജിഗിരി = ദൈവീക ആരാധനയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം ] ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്ന് പട്ടണത്തിൽ വന്നിട്ടുണ്ട്.
1 ശമൂവേൽ 9 : 13 (IRVML)
നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
1 ശമൂവേൽ 9 : 14 (IRVML)
അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ എത്തിയപ്പോൾ ശമൂവേൽ പൂജാഗിരിക്ക് പോകുവാനായി അവരുടെ നേരേ വരുന്നു.
1 ശമൂവേൽ 9 : 15 (IRVML)
എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി:
1 ശമൂവേൽ 9 : 16 (IRVML)
“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തിരുന്നു.
1 ശമൂവേൽ 9 : 17 (IRVML)
ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു.
1 ശമൂവേൽ 9 : 18 (IRVML)
അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ” എന്നു ചോദിച്ചു.
1 ശമൂവേൽ 9 : 19 (IRVML)
ശമൂവേൽ ശൗലിനോട് : “ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
1 ശമൂവേൽ 9 : 20 (IRVML)
മൂന്ന് ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ പിതാവിന്റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു.
1 ശമൂവേൽ 9 : 21 (IRVML)
അതിന് ശൗൽ: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്ന് ഉത്തരം പറഞ്ഞു.
1 ശമൂവേൽ 9 : 22 (IRVML)
പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
1 ശമൂവേൽ 9 : 23 (IRVML)
ശമൂവേൽ പാചകക്കാരനോട്: “നിന്റെ അടുക്കൽ പ്രത്യേകം മാറ്റിവയ്ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരുക” എന്നു പറഞ്ഞു.
1 ശമൂവേൽ 9 : 24 (IRVML)
പാചകക്കാരൻ കൈക്കുറകും[§ കൈക്കുറകു് = പുരോഹിതന് അവകാശപ്പെട്ട യാഗമൃഗത്തിന്റെ കൈയുടെ മാംസമുള്ളഭാഗം ] അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവെച്ചു. “നിനക്കായി വേർതിരിച്ച് വച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്ളുക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇത് ഉത്സവത്തിന് വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു” എന്ന് ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
1 ശമൂവേൽ 9 : 25 (IRVML)
അവർ പൂജാഗിരിയിൽനിന്ന് പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു.
1 ശമൂവേൽ 9 : 26 (IRVML)
അവർ അതിരാവിലെ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: "എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം” എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, ശൗലും ശമൂവേലും വെളിയിലേക്ക് പോയി.
1 ശമൂവേൽ 9 : 27 (IRVML)
പട്ടണത്തിന്റെ പുറത്ത് എത്തിയപ്പോൾ ശമൂവേൽ ശൗലിനോട്: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി; - “ഞാൻ നിന്നോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം കാത്തുനില്ക്ക” എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27