2 ദിനവൃത്താന്തം 1 : 1 (IRVML)
ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു; ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്വവാനാക്കി.
2 ദിനവൃത്താന്തം 1 : 2 (IRVML)
ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും
2 ദിനവൃത്താന്തം 1 : 3 (IRVML)
സംസാരിച്ചിട്ട്, സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിയിലേക്ക് പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.
2 ദിനവൃത്താന്തം 1 : 4 (IRVML)
എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ്, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.
2 ദിനവൃത്താന്തം 1 : 5 (IRVML)
ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും പ്രാർഥനയോടെ യഹോവയെ അന്വേഷിച്ചു.
2 ദിനവൃത്താന്തം 1 : 6 (IRVML)
ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു.
2 ദിനവൃത്താന്തം 1 : 7 (IRVML)
അന്നു രാത്രി ദൈവം ശലോമോന് പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
2 ദിനവൃത്താന്തം 1 : 8 (IRVML)
ശലോമോൻ ദൈവത്തോടു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവന് പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
2 ദിനവൃത്താന്തം 1 : 9 (IRVML)
ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായല്ലോ? ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന് നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
2 ദിനവൃത്താന്തം 1 : 10 (IRVML)
ആകയാൽ ഈ ജനത്തിന് നായകനായിരിക്കേണ്ടതിന് എനിക്ക് ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”
2 ദിനവൃത്താന്തം 1 : 11 (IRVML)
അതിന് ദൈവം ശലോമോനോട്: “ഇത് നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന് ന്യായപാലനം ചെയ്യേണ്ടതിന് ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
2 ദിനവൃത്താന്തം 1 : 12 (IRVML)
ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും” എന്ന് അരുളിച്ചെയ്തു.
2 ദിനവൃത്താന്തം 1 : 13 (IRVML)
പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്ന്, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ രാജാവായി വാണു.
2 ദിനവൃത്താന്തം 1 : 14 (IRVML)
ശലോമോൻ രഥങ്ങളെയും കുതിരപ്പടയേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു.
2 ദിനവൃത്താന്തം 1 : 15 (IRVML)
രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും കല്ലുകൾ പോലെ സമൃദ്ധമാക്കി. ദേവദാരു വൃക്ഷങ്ങൾ താഴ്വരയിലെ കാട്ടത്തിമരങ്ങൾ പോലെ പെരുകി.
2 ദിനവൃത്താന്തം 1 : 16 (IRVML)
ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തത് ഈജിപ്റ്റിൽ നിന്ന്[* Keveh ] ആയിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വാങ്ങിക്കൊണ്ടുവരും.
2 ദിനവൃത്താന്തം 1 : 17 (IRVML)
അവർ ഈജിപ്റ്റിൽ നിന്ന് രഥമൊന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കെൽ വെള്ളി വിലയായി കൊടുത്ത് വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17