2 ദിനവൃത്താന്തം 20 : 1 (IRVML)
അതിനുശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിനോട് യുദ്ധം ചെയ്യുവാൻ വന്നു.
2 ദിനവൃത്താന്തം 20 : 2 (IRVML)
അപ്പോൾ ചിലർ വന്ന് യെഹോശാഫാത്തിനോട്: “വലിയോരു ജനസമൂഹം കടലിനക്കരെയുള്ള, അരാമിൽനിന്ന് നിനക്കെതിരെ വരുന്നു; ഇപ്പോൾ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട്” എന്ന് അറിയിച്ചു.
2 ദിനവൃത്താന്തം 20 : 3 (IRVML)
യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.
2 ദിനവൃത്താന്തം 20 : 4 (IRVML)
യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
2 ദിനവൃത്താന്തം 20 : 5 (IRVML)
യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞതെന്തെന്നാൽ:
2 ദിനവൃത്താന്തം 20 : 6 (IRVML)
“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജനതകളുടെ സകലരാജ്യങ്ങളും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പ്രാപ്തിയും നിനക്കുണ്ടല്ലോ.
2 ദിനവൃത്താന്തം 20 : 7 (IRVML)
ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ നീക്കിക്കളഞ്ഞ് അത് നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്ക് ശാശ്വതമായി കൊടുത്തുവല്ലോ.
2 ദിനവൃത്താന്തം 20 : 8 (IRVML)
അവർ അതിൽ പാർത്തു; ‘ന്യായവിധിയുടെ വാൾ, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർത്ഥങ്ങൾ ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്ന് -നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും’ എന്ന് പറഞ്ഞു.
2 ദിനവൃത്താന്തം 20 : 9 (IRVML)
ആ ദേശത്ത് തിരുനാമത്തിനു വേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു.
2 ദിനവൃത്താന്തം 20 : 10 (IRVML)
യിസ്രായേൽജനം ഈജിപ്റ്റിൽനിന്ന് വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
2 ദിനവൃത്താന്തം 20 : 11 (IRVML)
ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
2 ദിനവൃത്താന്തം 20 : 12 (IRVML)
ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു.”
2 ദിനവൃത്താന്തം 20 : 13 (IRVML)
അങ്ങനെ യെഹൂദ്യർ എല്ലാം അവരുടെ ഭാര്യമാരോടും കുഞ്ഞുകുട്ടികളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
2 ദിനവൃത്താന്തം 20 : 14 (IRVML)
അപ്പോൾ സഭാമദ്ധ്യേവെച്ച് യഹോവയുടെ ആത്മാവ് ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു.
2 ദിനവൃത്താന്തം 20 : 15 (IRVML)
അവൻ പറഞ്ഞത് എന്തെന്നാൽ: “യെഹൂദ്യരെ, യെരൂശലേംനിവാസികളെ, യെഹോശാഫാത്ത് രാജാവേ!കേട്ടാലും; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ‘ഈ വലിയ സമൂഹംനിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.’
2 ദിനവൃത്താന്തം 20 : 16 (IRVML)
നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്റെ അറ്റത്തുവെച്ച് കാണും.
2 ദിനവൃത്താന്തം 20 : 17 (IRVML)
ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ട ആവശ്യം ഇല്ല; യെഹൂദാ -യെരൂശലേം നിവാസികളെ, നിങ്ങൾ സ്വസ്ഥമായി നിന്ന് യഹോവ നിങ്ങൾക്ക് വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.”
2 ദിനവൃത്താന്തം 20 : 18 (IRVML)
അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണ് നമസ്കരിച്ചു.
2 ദിനവൃത്താന്തം 20 : 19 (IRVML)
കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു.
2 ദിനവൃത്താന്തം 20 : 20 (IRVML)
പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്ന് പറഞ്ഞു.
2 ദിനവൃത്താന്തം 20 : 21 (IRVML)
പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാര വസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, “യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ“ എന്ന് പാടുവാനും സംഗീതക്കാരെ നിയമിച്ചു.
2 ദിനവൃത്താന്തം 20 : 22 (IRVML)
അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
2 ദിനവൃത്താന്തം 20 : 23 (IRVML)
അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.
2 ദിനവൃത്താന്തം 20 : 24 (IRVML)
യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്ത് ശവങ്ങളായി കിടക്കുന്നത് കണ്ടു; ഒരുത്തനും രക്ഷപെട്ടിരുന്നില്ല.
2 ദിനവൃത്താന്തം 20 : 25 (IRVML)
യെഹോശാഫാത്തും അവന്റെ പടയാളികളും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ ധാരാളം സമ്പത്തും വസ്ത്രങ്ങളും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്ക് ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള മുതൽ വളരെയായിരുന്നതുകൊണ്ട് അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
2 ദിനവൃത്താന്തം 20 : 26 (IRVML)
നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്ന് പേർ പറഞ്ഞുവരുന്നു.
2 ദിനവൃത്താന്തം 20 : 27 (IRVML)
യഹോവ അവർക്ക് ശത്രുക്കളുടെമേൽ ജയഘോഷം നല്കിയതുകൊണ്ട് യെഹൂദ്യരും യെരൂശലേമ്യരും യെഹോശാഫാത്തിന്റെ പിന്നാലെ സന്തോഷത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു;
2 ദിനവൃത്താന്തം 20 : 28 (IRVML)
അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു.
2 ദിനവൃത്താന്തം 20 : 29 (IRVML)
യഹോവ യിസ്രായേലിന്റെ ശത്രുക്കളോട് യുദ്ധം ചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.
2 ദിനവൃത്താന്തം 20 : 30 (IRVML)
ഇങ്ങനെ തന്റെ ദൈവം നാലു ചുറ്റും അവന് സ്വസ്തത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു.
2 ദിനവൃത്താന്തം 20 : 31 (IRVML)
യെഹോശാഫാത്ത് യെഹൂദയിൽ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്ന് പേരായിരുന്നു; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
2 ദിനവൃത്താന്തം 20 : 32 (IRVML)
അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്ന്, അത് വിട്ടുമാറാതെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു.
2 ദിനവൃത്താന്തം 20 : 33 (IRVML)
എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയം പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിച്ചതുമില്ല.
2 ദിനവൃത്താന്തം 20 : 34 (IRVML)
യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 ദിനവൃത്താന്തം 20 : 35 (IRVML)
അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോട് സഖ്യതയിൽ ഏർപ്പെട്ടു. അഹസ്യാവ് മഹാ ദുഷ്പ്രവൃത്തിക്കാരനായിരുന്നു.
2 ദിനവൃത്താന്തം 20 : 36 (IRVML)
അവൻ തർശീശിലേക്ക് പോകാൻ കപ്പലുകൾ ഉണ്ടാക്കുന്നതിനായി അവനോട് യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകളുണ്ടാക്കി.
2 ദിനവൃത്താന്തം 20 : 37 (IRVML)
എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചു: “നീ അഹസ്യാവിനോട് സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു പോകുവാൻ കഴിയാതെ തകർന്നുപോയി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37