2 ദിനവൃത്താന്തം 22 : 1 (IRVML)
യെരൂശലേം നിവാസികൾ യെഹോരാമിന്റെ ഇളയമകനായ അഹസ്യാവിനെ അവന് പകരം രാജാവാക്കി; അറബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.
2 ദിനവൃത്താന്തം 22 : 2 (IRVML)
അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് നാല്പത്തിരണ്ട് വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
2 ദിനവൃത്താന്തം 22 : 3 (IRVML)
അവനും ആഹാബ് ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവനെ ഉപദേശിച്ചിരുന്നു.
2 ദിനവൃത്താന്തം 22 : 4 (IRVML)
അതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിനായി അവന്റെ ഉപദേശകരായിരുന്നു.
2 ദിനവൃത്താന്തം 22 : 5 (IRVML)
അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോട് യുദ്ധത്തിന് പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
2 ദിനവൃത്താന്തം 22 : 6 (IRVML)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ്, ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
2 ദിനവൃത്താന്തം 22 : 7 (IRVML)
യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ് ഗൃഹത്തെ ഛേദിച്ചു കളയുവാൻ യഹോവ അഭിഷേകം ചെയ്ത നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.
2 ദിനവൃത്താന്തം 22 : 8 (IRVML)
യേഹൂ ആഹാബ് ഗൃഹത്തോട് ന്യായവിധി നടത്തുമ്പോൾ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന് ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 22 : 9 (IRVML)
പിന്നെ അവൻ അഹസ്യാവിനെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ച് യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ രാജ്യഭരണം ഏൽപ്പാൻ ആരും ഇല്ലാതെയായി.
2 ദിനവൃത്താന്തം 22 : 10 (IRVML)
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ട് യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
2 ദിനവൃത്താന്തം 22 : 11 (IRVML)
എന്നാൽ രാജകുമാരിയായ യെഹോശബത്ത്, കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്ന് അഹസ്യാവിന്റെ മകൻ യോവാശിനെ രഹസ്യമായി എടുത്ത്, അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ഒളിപ്പിച്ചു. ഇങ്ങനെ യെഹോരാം രാജാവിന്റെ മകളും യെഹോയാദാ പുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത് -അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ- അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു.
2 ദിനവൃത്താന്തം 22 : 12 (IRVML)
അഥല്യാ യെഹൂദാ ദേശം ഭരിച്ച ആറ് സംവൽസരങ്ങൾ യോവാശ് അവരോട് കൂടെ ദൈവാലയത്തിൽ ഒളിച്ചിരുന്നു.

1 2 3 4 5 6 7 8 9 10 11 12