2 ദിനവൃത്താന്തം 23 : 1 (IRVML)
ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ് യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു.
2 ദിനവൃത്താന്തം 23 : 2 (IRVML)
അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാനഗരങ്ങളിൽ നിന്നും ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
2 ദിനവൃത്താന്തം 23 : 3 (IRVML)
സർവ്വ സഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടി ചെയ്തു; അവൻ അവരോട് പറഞ്ഞത്: “ദാവീദിന്റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജാവിന്റെ പുത്രൻ തന്നേ രാജാവാകേണം.
2 ദിനവൃത്താന്തം 23 : 4 (IRVML)
നിങ്ങൾ ഇപ്രകാരം ചെയ്യേണം: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.
2 ദിനവൃത്താന്തം 23 : 5 (IRVML)
മൂന്നിൽ ഒരു ഭാഗം രാജധാനിയിലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
2 ദിനവൃത്താന്തം 23 : 6 (IRVML)
എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ച് ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ ശുദ്ധീകരിക്കപ്പെട്ടരിക്കയാൽ അവർക്ക് ആലയത്തിൽ കടക്കാം; എന്നാൽ ജനം എല്ലാം യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
2 ദിനവൃത്താന്തം 23 : 7 (IRVML)
ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
2 ദിനവൃത്താന്തം 23 : 8 (IRVML)
ലേവ്യരും എല്ലാ യെഹൂദയും യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും തവണമാറി വരുന്നവരെയും, കൂട്ടിക്കൊണ്ട് വന്നു; യെഹോയാദാ പുരോഹിതൻ ഗണങ്ങളെ ശുശ്രൂഷക്കുശേഷം വിട്ടയച്ചിരുന്നില്ല.
2 ദിനവൃത്താന്തം 23 : 9 (IRVML)
യെഹോയാദാ പുരോഹിതൻ, ദൈവാലയത്തിൽ ഉണ്ടായിരുന്ന ദാവീദ് രാജാവിന്റെ കുന്തങ്ങളും ചെറുപരിചകളും വൻ പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
2 ദിനവൃത്താന്തം 23 : 10 (IRVML)
അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിർത്തി;
2 ദിനവൃത്താന്തം 23 : 11 (IRVML)
അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ രാജാവായി അഭിഷേകം ചെയ്തു: “രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു.
2 ദിനവൃത്താന്തം 23 : 12 (IRVML)
ജനം ഓടി വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
2 ദിനവൃത്താന്തം 23 : 13 (IRVML)
പ്രവേശനകവാടത്തിൽ രാജാവ് തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമെല്ലാം സന്തോഷിച്ച് കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം!” എന്ന് പറഞ്ഞു.
2 ദിനവൃത്താന്തം 23 : 14 (IRVML)
യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്ന് കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ച് കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
2 ദിനവൃത്താന്തം 23 : 15 (IRVML)
അങ്ങനെ അവർ അവളെ പിടിച്ചു; അവൾ രാജധാനിക്കു സമീപം കുതിരവാതിലിന്റെ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ അവിടെവെച്ച് അവർ അവളെ കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 23 : 16 (IRVML)
അനന്തരം യെഹോയാദാ, തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്ന് താനും സർവ്വജനവും രാജാവും തമ്മിൽ ഒരു ഉടമ്പടി ചെയ്തു.
2 ദിനവൃത്താന്തം 23 : 17 (IRVML)
പിന്നെ ജനമെല്ലാം ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 23 : 18 (IRVML)
ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്, യെഹോയാദാ, യഹോവയുടെ ആലയത്തിന് ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗസ്ഥരേയും നിയമിച്ചു.
2 ദിനവൃത്താന്തം 23 : 19 (IRVML)
ഏതെങ്കിലും വിധത്തിൽ അശുദ്ധനായ ഒരുവനും അകത്ത് കടക്കാതെയിരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
2 ദിനവൃത്താന്തം 23 : 20 (IRVML)
അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്ന് പുറത്തേക്ക് ആനയിച്ച് മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്ക് കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തി.
2 ദിനവൃത്താന്തം 23 : 21 (IRVML)
ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരുശലേം നഗരം സ്വസ്ഥമായിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21