2 ദിനവൃത്താന്തം 26 : 1 (IRVML)
യെഹൂദാജനം എല്ലാവരും ചേർന്ന് പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവിനെ അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
2 ദിനവൃത്താന്തം 26 : 2 (IRVML)
രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്ത് പുതുക്കി പണിതതും അതിനെ യെഹൂദാ ദേശത്തോട് ചേർത്തതും ഉസ്സീയാവ് തന്നെ.
2 ദിനവൃത്താന്തം 26 : 3 (IRVML)
വാഴ്ചതുടങ്ങിയപ്പോൾ പതിനാറ് വയസ്സായിരുന്ന ഉസ്സീയാവ് അമ്പത്തിരണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ യെഖൊല്യാ എന്നായിരുന്നു. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
2 ദിനവൃത്താന്തം 26 : 4 (IRVML)
അവൻ തന്റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
2 ദിനവൃത്താന്തം 26 : 5 (IRVML)
ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
2 ദിനവൃത്താന്തം 26 : 6 (IRVML)
അവൻ പുറപ്പെട്ട് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് ഗത്തിന്റെയും, യബ്നെയുടെയും, അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
2 ദിനവൃത്താന്തം 26 : 7 (IRVML)
ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവന് വിജയം നൽകി.
2 ദിനവൃത്താന്തം 26 : 8 (IRVML)
അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി ഈജിപ്റ്റ് വരെ പരന്നു.
2 ദിനവൃത്താന്തം 26 : 9 (IRVML)
ഉസ്സീയാവ് യെരൂശലേമിൽ കോൺവാതില്ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി.
2 ദിനവൃത്താന്തം 26 : 10 (IRVML)
താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തൽപ്പരനായിരുന്നതിനാൽ അവന് മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 26 : 11 (IRVML)
കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ നേതൃത്വത്തിൽ യുദ്ധത്തിന് പുറപ്പെടും.
2 ദിനവൃത്താന്തം 26 : 12 (IRVML)
യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ്.
2 ദിനവൃത്താന്തം 26 : 13 (IRVML)
അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 26 : 14 (IRVML)
ഉസ്സീയാവ് സർവ്വ സൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
2 ദിനവൃത്താന്തം 26 : 15 (IRVML)
അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൌശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതു കൊണ്ട് അവന്റെ ശ്രുതി എല്ലായിടത്തും പരന്നു.
2 ദിനവൃത്താന്തം 26 : 16 (IRVML)
എന്നാൽ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായി നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോട് പാപം ചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
2 ദിനവൃത്താന്തം 26 : 17 (IRVML)
അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപത് പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്ത് ചെന്ന് ഉസ്സീയാ രാജാവിനെ വിലക്കി,അവനോട്:
2 ദിനവൃത്താന്തം 26 : 18 (IRVML)
“ഉസ്സീയാവേ, യഹോവയ്ക്ക് ധൂപം കാട്ടുന്നത് നിനക്ക് അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ? നീ ലംഘനം ചെയ്തിരിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്ത് പോകുക; നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്ന് പറഞ്ഞു.
2 ദിനവൃത്താന്തം 26 : 19 (IRVML)
ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോട് കോപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ച് പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി.
2 ദിനവൃത്താന്തം 26 : 20 (IRVML)
മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്ന് പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നേ പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
2 ദിനവൃത്താന്തം 26 : 21 (IRVML)
അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു.
2 ദിനവൃത്താന്തം 26 : 22 (IRVML)
ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
2 ദിനവൃത്താന്തം 26 : 23 (IRVML)
ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; “അവൻ കുഷ്ഠരോഗിയല്ലോ” എന്ന് പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരോടൊപ്പം അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23