2 ദിനവൃത്താന്തം 28 : 1 (IRVML)
ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.
2 ദിനവൃത്താന്തം 28 : 2 (IRVML)
അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴികളിൽ നടന്ന് ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി.
2 ദിനവൃത്താന്തം 28 : 3 (IRVML)
അവൻ ബെൻ-ഹിന്നോംതാഴ്വരയിൽ ധൂപം കാട്ടുകയും, യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
2 ദിനവൃത്താന്തം 28 : 4 (IRVML)
അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
2 ദിനവൃത്താന്തം 28 : 5 (IRVML)
ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യംപേരെ തടവുകാരായി ദമ്മേശെക്കിലേക്ക് കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
2 ദിനവൃത്താന്തം 28 : 6 (IRVML)
അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതു കൊണ്ട് രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ പരാക്രമശാലികളായ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരു ദിവസം സംഹരിച്ചു.
2 ദിനവൃത്താന്തം 28 : 7 (IRVML)
എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവിനെയും, രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു ശേഷം രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 28 : 8 (IRVML)
യിസ്രായേല്യർ തങ്ങളുടെ സഹോദര ജനത്തിൽ നിന്ന് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ തടവുകാരായി പിടിച്ചു കൊണ്ടുപോയി. വളരെയധികം കൊള്ളയിട്ടു; കൊള്ളമുതൽ ശമര്യയിലേക്ക് കൊണ്ടുപോയി.
2 ദിനവൃത്താന്തം 28 : 9 (IRVML)
എന്നാൽ യഹോവയുടെ പ്രവാചകനായ ഓദേദ്, ശമര്യയിലേക്ക് മടങ്ങിവന്ന സൈന്യത്തെ എതിരേറ്റ് ചെന്ന് അവരോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോട് കോപിച്ച് അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശത്തോളം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
2 ദിനവൃത്താന്തം 28 : 10 (IRVML)
ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളും ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാർ അല്ലയോ?
2 ദിനവൃത്താന്തം 28 : 11 (IRVML)
ആകയാൽ ഞാൻ പറയുന്നത് കേട്ട്, നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾ പിടിച്ചു കൊണ്ടുവന്ന തടവുകാരെ വിട്ടയക്കുക; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിയ്ക്കും.”
2 ദിനവൃത്താന്തം 28 : 12 (IRVML)
അപ്പോൾ യോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവ്, ഹദ്ലായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യ തലവന്മാരിൽ ചിലർ യുദ്ധത്തിൽ നിന്ന് മടങ്ങി വന്നവരോട് എതിർത്തു നിന്ന്, അവരോട്:
2 ദിനവൃത്താന്തം 28 : 13 (IRVML)
“നിങ്ങൾ തടവുകാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നേ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമ്മുടെ അകൃത്യം വലിയത്. യഹോവയുടെ ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
2 ദിനവൃത്താന്തം 28 : 14 (IRVML)
അപ്പോൾ പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ പടയാളികൾ തടവുകാരെ കൊള്ളമുതലോടുകൂടെ വിട്ടയച്ചു.
2 ദിനവൃത്താന്തം 28 : 15 (IRVML)
പ്രത്യേകമായി നിയോഗിക്കപ്പെട്ട ആളുകൾ ബദ്ധന്മാരെ കൂട്ടി, അവരിൽ നഗ്നരായവരെ കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ച് ചെരിപ്പ് ധരിപ്പിച്ചശേഷം അവർക്ക് ഭക്ഷിപ്പാനും കുടിപ്പാനും കൊടുത്തു; എണ്ണയും തേപ്പിച്ചു. ക്ഷീണമുള്ളവരെ കഴുതപ്പുറത്ത് കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയശേഷം ശമര്യയിലേക്ക് മടങ്ങിപ്പോയി.
2 ദിനവൃത്താന്തം 28 : 16 (IRVML)
ആ കാലത്ത് ആഹാസ്‌, തന്നെ സഹായിക്കേണം എന്ന് അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച് അഭ്യർത്ഥിച്ചു.
2 ദിനവൃത്താന്തം 28 : 17 (IRVML)
കാരണം,എദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും തടവുകാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തിരുന്നു.
2 ദിനവൃത്താന്തം 28 : 18 (IRVML)
ഫെലിസ്ത്യർ താഴ്വരയിലും, യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, തിമ്നയും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗിംസോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, പിടിച്ച് അവിടെ പാർത്തു.
2 ദിനവൃത്താന്തം 28 : 19 (IRVML)
യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ ധാർമിക അധഃപതനത്തിന് ഇടയാക്കി യഹോവയോട് മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
2 ദിനവൃത്താന്തം 28 : 20 (IRVML)
അശ്ശൂർരാജാവായ തിൽഗത്ത്-പിലേസെർ അവന്റെ അടുക്കൽ വന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.
2 ദിനവൃത്താന്തം 28 : 21 (IRVML)
ആഹാസ്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കുറെ സമ്പത്ത് കവർന്നെടുത്ത് അശ്ശൂർരാജാവിന് കൊടുത്തു; എങ്കിലും ഇതിനാൽ അവന് സഹായം ലഭിച്ചില്ല.
2 ദിനവൃത്താന്തം 28 : 22 (IRVML)
ആഹാസ്‌ രാജാവ് തന്റെ കഷ്ടകാലത്തും യഹോവയോട് അധികം അവിശ്വസ്തത കാണിച്ചു.
2 ദിനവൃത്താന്തം 28 : 23 (IRVML)
എങ്ങനെയെന്നാൽ: “അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ട് അവർ എന്നെയും സഹായിക്കേണ്ടതിന് ഞാൻ അവർക്കു ബലികഴിക്കും” എന്ന് പറഞ്ഞ് അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്ക് ബലികഴിച്ചു; എന്നാൽ അവ അവനും എല്ലായിസ്രായേലിനും നാശകാരണമായി തീർന്നു.
2 ദിനവൃത്താന്തം 28 : 24 (IRVML)
ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ ഒരുമിച്ച് കൂട്ടി ഉടച്ചുകളഞ്ഞു; യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടച്ച് യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി.
2 ദിനവൃത്താന്തം 28 : 25 (IRVML)
അന്യദേവന്മാർക്ക് ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
2 ദിനവൃത്താന്തം 28 : 26 (IRVML)
അവന്റെ മറ്റുള്ള പ്രവൃത്തികളും ജീവിതരീതികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
2 ദിനവൃത്താന്തം 28 : 27 (IRVML)
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേം നഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവ് അവന് പകരം രാജാവായി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27