2 ദിനവൃത്താന്തം 33 : 1 (IRVML)
മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു.
2 ദിനവൃത്താന്തം 33 : 2 (IRVML)
യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളിൽ മുഴുകി അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
2 ദിനവൃത്താന്തം 33 : 3 (IRVML)
തന്റെ അപ്പനായ യെഹിസ്കീയാവ് ഇടിച്ചുകളഞ്ഞ പൂജാഗിരികൾ വീണ്ടും പണിത്, ബാൽവിഗ്രഹങ്ങൾക്ക് ബലിപീഠങ്ങൾ തീർത്തു; അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും ആരാധിക്കുകയും,സേവിക്കുകയും ചെയ്തു.
2 ദിനവൃത്താന്തം 33 : 4 (IRVML)
“യെരൂശലേമിൽ എന്റെ നാമം എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തേപ്പറ്റി യഹോവ അരുളിച്ചെയ്തുവോ ആ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
2 ദിനവൃത്താന്തം 33 : 5 (IRVML)
യഹോവയുടെ ആലയത്തിന്റെ രണ്ട് പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൈന്യത്തിന് ബലിപീഠങ്ങൾ പണിതു.
2 ദിനവൃത്താന്തം 33 : 6 (IRVML)
അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; ലക്ഷണം നോക്കിച്ചു; മന്ത്രവാദവും, ആഭിചാരവും പ്രയോഗിച്ചു, വെളിച്ചപ്പാടുകളുടെയും, ലക്ഷണം പറയുന്നവരെയും നിയമിച്ചു. ഇങ്ങനെ യഹോവയ്ക്ക് അനിഷ്ടമായ പലതും ചെയ്ത് അവനെ കോപിപ്പിച്ചു.
2 ദിനവൃത്താന്തം 33 : 7 (IRVML)
കൊത്തുപണി ചെയ്ത് താൻ ഉണ്ടാക്കിയ വിഗ്രഹം അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ച് ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും ഇപ്രകാരം അരുളിചെയ്തിരുന്നു: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലുള്ള ഈ ആലയത്തിൽ ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും.
2 ദിനവൃത്താന്തം 33 : 8 (IRVML)
ഞാൻ മോശെ മുഖാന്തരം യിസ്രായേലിനോട് കല്പിച്ച നിയമങ്ങളും, ചട്ടങ്ങളും,വിധികളും അനുസരിച്ചു നടപ്പാൻ അവർ ശ്രദ്ധിക്കുമെങ്കിൽ, അവരുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്ന് അവരുടെ കാൽ ഇനി നീക്കിക്കളകയില്ല.”
2 ദിനവൃത്താന്തം 33 : 9 (IRVML)
അങ്ങനെ മനശ്ശെ, യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്തം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും വശീകരിച്ച് തെറ്റിച്ചു കളഞ്ഞു.
2 ദിനവൃത്താന്തം 33 : 10 (IRVML)
യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
2 ദിനവൃത്താന്തം 33 : 11 (IRVML)
ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
2 ദിനവൃത്താന്തം 33 : 12 (IRVML)
കഷ്ടതയിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോട് പ്രാർത്ഥിച്ചു.
2 ദിനവൃത്താന്തം 33 : 13 (IRVML)
അവൻ അവന്റെ പ്രാർത്ഥനയും യാചനയും കൈക്കൊണ്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിലേക്ക് തിരിച്ചു വരുത്തി; യഹോവ തന്നെ ദൈവം എന്ന് മനശ്ശെക്ക് ബോധ്യമായി.
2 ദിനവൃത്താന്തം 33 : 14 (IRVML)
അതിനുശേഷം അവൻ ഗീഹോന് പടിഞ്ഞാറുള്ള താഴ്വരയിൽ, മീൻവാതിലിന്റെ പ്രവേശനംവരെ, ദാവീദിന്റെ നഗരത്തിന് പുറത്തായി ഒരു മതിൽ പണിതു; അവൻ അത് ഓഫേലിന് ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.
2 ദിനവൃത്താന്തം 33 : 15 (IRVML)
അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളേയും നീക്കി, നഗരത്തിന് പുറത്ത് എറിഞ്ഞുകളഞ്ഞു.
2 ദിനവൃത്താന്തം 33 : 16 (IRVML)
അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോട് കല്പിച്ചു.
2 ദിനവൃത്താന്തം 33 : 17 (IRVML)
ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് അത്രേ അവർ യാഗം കഴിച്ചത്.
2 ദിനവൃത്താന്തം 33 : 18 (IRVML)
മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോട് കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോട് സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
2 ദിനവൃത്താന്തം 33 : 19 (IRVML)
അവൻ പ്രാർത്ഥിച്ചതും, ദൈവം അവന്റെ പ്രാർത്ഥന കേട്ടതും, അവൻ തന്നെത്താൻ താഴ്ത്തിയതിന് മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ ഏതെല്ലാം ഇടങ്ങളിൽ പൂജാഗിരികൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുകയും ചെയ്തു എന്നും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
2 ദിനവൃത്താന്തം 33 : 20 (IRVML)
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.
2 ദിനവൃത്താന്തം 33 : 21 (IRVML)
ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു.
2 ദിനവൃത്താന്തം 33 : 22 (IRVML)
അവൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ച് അവയെ സേവിച്ചു.
2 ദിനവൃത്താന്തം 33 : 23 (IRVML)
തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതു പോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
2 ദിനവൃത്താന്തം 33 : 24 (IRVML)
അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അരമനയിൽ വെച്ച് കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 33 : 25 (IRVML)
എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയെല്ലാം കൊന്ന് അവന്റെ മകനായ യോശീയാവെ അവന് പകരം രാജാവാക്കി.
❮
❯