2 ദിനവൃത്താന്തം 4 : 1 (IRVML)
ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു.
2 ദിനവൃത്താന്തം 4 : 2 (IRVML)
വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.
2 ദിനവൃത്താന്തം 4 : 3 (IRVML)
അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.
2 ദിനവൃത്താന്തം 4 : 4 (IRVML)
അത് പന്ത്രണ്ട് കാളകളുടെ പുറത്തു വെച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻ ഭാഗം അകത്തോട്ട് ആയിരുന്നു.
2 ദിനവൃത്താന്തം 4 : 5 (IRVML)
ജലസംഭരണിക്ക് നാലു വിരലുകളുടെ കനവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം [* baths ]ബത്ത് വെള്ളം കൊള്ളുമായിരുന്നു.
2 ദിനവൃത്താന്തം 4 : 6 (IRVML)
കഴുകാൻ വെള്ളം വെക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചു വീതം വെച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു.
2 ദിനവൃത്താന്തം 4 : 7 (IRVML)
അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു.
2 ദിനവൃത്താന്തം 4 : 8 (IRVML)
അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നു കൊണ്ട് നൂറു തളികകളും ഉണ്ടാക്കി.
2 ദിനവൃത്താന്തം 4 : 9 (IRVML)
അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു.
2 ദിനവൃത്താന്തം 4 : 10 (IRVML)
അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വെച്ചു.
2 ദിനവൃത്താന്തം 4 : 11 (IRVML)
ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു.
2 ദിനവൃത്താന്തം 4 : 12 (IRVML)
രണ്ട് തൂണുകൾ,തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
2 ദിനവൃത്താന്തം 4 : 13 (IRVML)
തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ
2 ദിനവൃത്താന്തം 4 : 14 (IRVML)
പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
2 ദിനവൃത്താന്തം 4 : 15 (IRVML)
ജലസംഭരണി, അതിന് കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ,
2 ദിനവൃത്താന്തം 4 : 16 (IRVML)
ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു.
2 ദിനവൃത്താന്തം 4 : 17 (IRVML)
യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ച് രാജാവ് അവയെ വാർപ്പിച്ചു.
2 ദിനവൃത്താന്തം 4 : 18 (IRVML)
ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്റെ തൂക്കം നോക്കിയില്ല.
2 ദിനവൃത്താന്തം 4 : 19 (IRVML)
ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വെക്കുന്ന മേശകളും
2 ദിനവൃത്താന്തം 4 : 20 (IRVML)
അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും
2 ദിനവൃത്താന്തം 4 : 21 (IRVML)
നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും
2 ദിനവൃത്താന്തം 4 : 22 (IRVML)
തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22