2 ദിനവൃത്താന്തം 9 : 1 (IRVML)
ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ട് കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
2 ദിനവൃത്താന്തം 9 : 2 (IRVML)
അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; ഉത്തരം പറവാൻ കഴിയാതെ ഒന്നും ശലോമോന് കഠിനമായിരുന്നില്ല.
2 ദിനവൃത്താന്തം 9 : 3 (IRVML)
ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത കൊട്ടാരവും
2 ദിനവൃത്താന്തം 9 : 4 (IRVML)
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ പരിചാരകരുടെ ശുശ്രൂഷയും, പാനപാത്രവാഹകന്മാരെയും അവരുടെ വേഷവും,യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.
2 ദിനവൃത്താന്തം 9 : 5 (IRVML)
അവൾ രാജാവിനോടു പറഞ്ഞത്: “നിന്റെ വചനങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യംതന്നേ;
2 ദിനവൃത്താന്തം 9 : 6 (IRVML)
ഞാൻ വന്ന് സ്വന്തകണ്ണുകൊണ്ട് കാണും വരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
2 ദിനവൃത്താന്തം 9 : 7 (IRVML)
നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്ന് നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
2 ദിനവൃത്താന്തം 9 : 8 (IRVML)
നിന്റെ ദൈവമായ യഹോവക്കു വേണ്ടി രാജാവായി തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ച്, നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
2 ദിനവൃത്താന്തം 9 : 9 (IRVML)
അവൾ രാജാവിന് നൂറ്റിരുപത് താലന്ത് പൊന്നും ധാരാളം സുഗന്ധവർഗ്ഗവും അമൂല്യ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന് കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
2 ദിനവൃത്താന്തം 9 : 10 (IRVML)
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനത്തടിയും രത്നങ്ങളും കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9 : 11 (IRVML)
രാജാവ് ചന്ദനമരംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും, സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക മുമ്പ് യഹൂദാദേശത്ത് അശേഷം കണ്ടിരുന്നില്ല.
2 ദിനവൃത്താന്തം 9 : 12 (IRVML)
ശെബാരാജ്ഞി രാജാവിനായി കൊണ്ടുവന്നതിൽ അധികമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
2 ദിനവൃത്താന്തം 9 : 13 (IRVML)
സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് പ്രതിവർഷം ലഭിച്ചിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറ് താലന്ത് ആയിരുന്നു.
2 ദിനവൃത്താന്തം 9 : 14 (IRVML)
അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതിമാരും ശലോമോന് പൊന്നും വെള്ളിയും കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9 : 15 (IRVML)
ശലോമോൻരാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിചകൾ ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറു ശേക്കെൽ പൊന്ന് ചെലവായി.
2 ദിനവൃത്താന്തം 9 : 16 (IRVML)
അവൻ അടിച്ചുപരത്തിയ പൊന്നു കൊണ്ട് മുന്നൂറു ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും മുന്നൂറു ശേക്കെൽ പൊന്ന് ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു.
2 ദിനവൃത്താന്തം 9 : 17 (IRVML)
രാജാവ് ആനക്കൊമ്പു കൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
2 ദിനവൃത്താന്തം 9 : 18 (IRVML)
സിംഹാസനത്തിന് ആറു പടികളും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങുകളും കൈത്താങ്ങുകൾക്കരികെ രണ്ടു സിംഹ പ്രതിമകളും ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 9 : 19 (IRVML)
ആറു പടികളുടെ ഇരുവശത്തുമായി പന്ത്രണ്ടു സിംഹപ്രതിമകൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
2 ദിനവൃത്താന്തം 9 : 20 (IRVML)
ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്ക് ശലോമോന്റെ കാലത്ത് വിലയില്ലായിരുന്നു.
2 ദിനവൃത്താന്തം 9 : 21 (IRVML)
രാജാവ് കപ്പലുകൾ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9 : 22 (IRVML)
ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മഹാനായിരുന്നു.
2 ദിനവൃത്താന്തം 9 : 23 (IRVML)
ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
2 ദിനവൃത്താന്തം 9 : 24 (IRVML)
അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ട് വെള്ളിയും, പൊന്നും കൊണ്ടുള്ള പാത്രങ്ങൾ, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9 : 25 (IRVML)
ശലോമോന് കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
2 ദിനവൃത്താന്തം 9 : 26 (IRVML)
അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
2 ദിനവൃത്താന്തം 9 : 27 (IRVML)
രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ട് കല്ലുപോലെയും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരംപോലെയും ആക്കി.
2 ദിനവൃത്താന്തം 9 : 28 (IRVML)
ഈജിപ്റ്റിൽ നിന്നും സകല ദേശങ്ങളിൽ നിന്നും ശലോമോന് കുതിരകളെ കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9 : 29 (IRVML)
ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
2 ദിനവൃത്താന്തം 9 : 30 (IRVML)
ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിനും രാജാവായി നാല്പതു സംവത്സരം വാണു.
2 ദിനവൃത്താന്തം 9 : 31 (IRVML)
പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.
❮
❯