2 കൊരിന്ത്യർ 11 : 1 (IRVML)
{പൗലോസും കള്ളഅപ്പൊസ്തലന്മാരും} [PS] നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ.
2 കൊരിന്ത്യർ 11 : 2 (IRVML)
ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
2 കൊരിന്ത്യർ 11 : 3 (IRVML)
എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
2 കൊരിന്ത്യർ 11 : 4 (IRVML)
ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം.
2 കൊരിന്ത്യർ 11 : 5 (IRVML)
ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്ന് ചിന്തിക്കുന്നു.
2 കൊരിന്ത്യർ 11 : 6 (IRVML)
ഞാൻ പ്രസംഗത്തിൽ പ്രാവീണ്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 11 : 7 (IRVML)
അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട്, നിങ്ങൾ ഉയരേണ്ടതിന്, എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
2 കൊരിന്ത്യർ 11 : 8 (IRVML)
നിങ്ങൾക്കു ശുശ്രൂഷ ചെയ്യുവാൻ ഞാൻ മറ്റു സഭകളിൽ നിന്ന് ചെലവിന് വാങ്ങി അവരെ കവർന്നു.
2 കൊരിന്ത്യർ 11 : 9 (IRVML)
ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽ നിന്ന് വന്ന സഹോദരന്മാർ അത്രേ എന്റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാ വിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണംഎന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെതന്നെ ചെയ്യും.
2 കൊരിന്ത്യർ 11 : 10 (IRVML)
ക്രിസ്തുവിന്റെ സത്യം എന്നിൽ ഉള്ളതിനാൽ അഖായപ്രദേശങ്ങളിൽ ആരും എന്റെ ഈ പ്രശംസ ഇല്ലാതാക്കുകയില്ല.
2 കൊരിന്ത്യർ 11 : 11 (IRVML)
അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
2 കൊരിന്ത്യർ 11 : 12 (IRVML)
അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളും തുല്യരായി പരിഗണിക്കപ്പെടുവാൻ അവസരം അന്വേഷിക്കുന്നവരുടെ അവസരം ഇല്ലാതേക്കേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും.
2 കൊരിന്ത്യർ 11 : 13 (IRVML)
എന്തെന്നാൽ, ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ;
2 കൊരിന്ത്യർ 11 : 14 (IRVML)
അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 11 : 15 (IRVML)
ആകയാൽ സാത്താന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും. [PS]
2 കൊരിന്ത്യർ 11 : 16 (IRVML)
{പൗലോസിന്റെ കഷ്ടങ്ങളിലെ പ്രശംസ} [PS] ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ ബുദ്ധിഹീനൻ എന്ന് വിചാരിക്കരുത്; വിചാരിച്ചാലോ, ഞാനും അല്പം പ്രശംസിക്കേണ്ടതിന് ഒരു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്ളുവിൻ.
2 കൊരിന്ത്യർ 11 : 17 (IRVML)
ഞാൻ സംസാരിക്കുന്നത് കർത്താവിന്റെ ഹിതത്തോടെ അല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ.
2 കൊരിന്ത്യർ 11 : 18 (IRVML)
പലരും ജഡപ്രകാരം പ്രശംസിക്കുകയാൽ ഞാനും പ്രശംസിക്കുന്നു.
2 കൊരിന്ത്യർ 11 : 19 (IRVML)
നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 11 : 20 (IRVML)
എന്തെന്നാൽ, നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളെ ഇരയാക്കിയാലും, ഒരുവൻ നിങ്ങളെക്കൊണ്ട് നേട്ടം ഉണ്ടാക്കിയാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 11 : 21 (IRVML)
അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു.
2 കൊരിന്ത്യർ 11 : 22 (IRVML)
അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രഹാമിന്റെ സന്തതിയോ? ഞാനും അതേ;
2 കൊരിന്ത്യർ 11 : 23 (IRVML)
അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? -ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു;
2 കൊരിന്ത്യർ 11 : 24 (IRVML)
യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ടു;
2 കൊരിന്ത്യർ 11 : 25 (IRVML)
മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
2 കൊരിന്ത്യർ 11 : 26 (IRVML)
കൂടെക്കൂടെ യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്;
2 കൊരിന്ത്യർ 11 : 27 (IRVML)
അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത
2 കൊരിന്ത്യർ 11 : 28 (IRVML)
എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്.
2 കൊരിന്ത്യർ 11 : 29 (IRVML)
ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളയ്ക്കാതെ ഇരിക്കുന്നു?
2 കൊരിന്ത്യർ 11 : 30 (IRVML)
പ്രശംസിക്കണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും.
2 കൊരിന്ത്യർ 11 : 31 (IRVML)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.
2 കൊരിന്ത്യർ 11 : 32 (IRVML)
ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്റെ പട്ടണത്തെ കാവൽ വച്ചു കാത്തു.
2 കൊരിന്ത്യർ 11 : 33 (IRVML)
എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നും രക്ഷപെട്ടു. [PE]
❮
❯