2 രാജാക്കന്മാർ 12 : 1 (IRVML)
യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ സിബ്യാ ആയിരുന്നു അവന്റെ അമ്മ.
2 രാജാക്കന്മാർ 12 : 2 (IRVML)
യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളത് ചെയ്തു.
2 രാജാക്കന്മാർ 12 : 3 (IRVML)
എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
2 രാജാക്കന്മാർ 12 : 4 (IRVML)
യെഹോവാശ് പുരോഹിതന്മാരോട്: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന പണമെല്ലാം- ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ പണവും-
2 രാജാക്കന്മാർ 12 : 5 (IRVML)
ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോട് വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കണം” എന്ന് കല്പിച്ചു.
2 രാജാക്കന്മാർ 12 : 6 (IRVML)
എന്നാൽ യെഹോവാശ്‌രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിലും പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.
2 രാജാക്കന്മാർ 12 : 7 (IRVML)
ആകയാൽ യെഹോവാശ്‌രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 12 : 8 (IRVML)
അങ്ങനെ പുരോഹിതന്മാർ മേലാൽ ജനത്തോട് പണം വാങ്ങുകയോ ആലയത്തിന്റെ അറ്റകുറ്റം തീർക്കുകയോ ചെയ്യാതിരിപ്പാൻ സമ്മതിച്ചു.
2 രാജാക്കന്മാർ 12 : 9 (IRVML)
അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പേടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്ത് വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന പണം എല്ലാം അതിൽ ഇടും.
2 രാജാക്കന്മാർ 12 : 10 (IRVML)
പെട്ടിയിൽ പണം വളരെയായി എന്ന് കാണുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥനും മഹാപുരോഹിതനും കൂടെ യഹോവയുടെ ആലയത്തിൽ കണ്ട പണം എണ്ണി സഞ്ചികളിൽ കെട്ടിവെക്കും.
2 രാജാക്കന്മാർ 12 : 11 (IRVML)
അവർ പണം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന മേൽവിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും
2 രാജാക്കന്മാർ 12 : 12 (IRVML)
കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മറ്റ് ചെലവുകൾക്കായും കൊടുക്കും.
2 രാജാക്കന്മാർ 12 : 13 (IRVML)
യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ട് വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ
2 രാജാക്കന്മാർ 12 : 14 (IRVML)
പണിചെയ്യുന്നവർക്കു മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കും.
2 രാജാക്കന്മാർ 12 : 15 (IRVML)
എന്നാൽ പണിചെയ്യുന്നവർക്ക് കൊടുക്കേണ്ടതിന് പണം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വസ്തതയോടെ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.
2 രാജാക്കന്മാർ 12 : 16 (IRVML)
അകൃത്യയാഗത്തിന്റെ പണവും പാപയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതന്മാർക്കുള്ളതായിരുന്നു.
2 രാജാക്കന്മാർ 12 : 17 (IRVML)
ആ കാലത്ത് അരാംരാജാവായ ഹസായേൽ യുദ്ധത്തിനായി പുറപ്പെട്ട് ഗത്ത് പിടിച്ചടക്കി; അനന്തരം ഹസായേൽ യെരൂശലേമിന്റെ നേരേ ദൃഷ്ടി വെച്ചു.
2 രാജാക്കന്മാർ 12 : 18 (IRVML)
യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നും എടുത്ത് അരാംരാജാവായ ഹസായേലിന് കൊടുത്തയച്ചു; അങ്ങനെ അവൻ യെരൂശലേമിനെ ആക്രമിക്കാതെ വിട്ടുപോയി.
2 രാജാക്കന്മാർ 12 : 19 (IRVML)
യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 12 : 20 (IRVML)
യോവാശിന്റെ ഭൃത്യന്മാർ അവനോട് മത്സരിച്ച് അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിയിലുള്ള മില്ലോ ഗൃഹത്തിൽവെച്ച് അവനെ കൊന്നു.
2 രാജാക്കന്മാർ 12 : 21 (IRVML)
ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവ് അവന് പകരം രാജാവായിതീർന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21