2 രാജാക്കന്മാർ 13 : 1 (IRVML)
യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന് രാജാവായി. ശമര്യയിൽ അവൻ പതിനേഴ് സംവത്സരം വാണു.
2 രാജാക്കന്മാർ 13 : 2 (IRVML)
അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.
2 രാജാക്കന്മാർ 13 : 3 (IRVML)
ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു.
2 രാജാക്കന്മാർ 13 : 4 (IRVML)
എന്നാൽ യെഹോവാഹാസ് യഹോവയോട് കരുണയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ പീഡിപ്പിച്ച് ഞെരുക്കിയത് യഹോവ കണ്ട് അവന്റെ അപേക്ഷ കേട്ടു.
2 രാജാക്കന്മാർ 13 : 5 (IRVML)
യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
2 രാജാക്കന്മാർ 13 : 6 (IRVML)
എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങൾ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല.
2 രാജാക്കന്മാർ 13 : 7 (IRVML)
യഹോവയായ ദൈവം യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരും പത്ത് രഥങ്ങളും പതിനായിരം കാലാളുകളും അല്ലാതെ മറ്റ് യാതൊരു സൈന്യത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
2 രാജാക്കന്മാർ 13 : 8 (IRVML)
യെഹോവാഹാസിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 13 : 9 (IRVML)
യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന് പകരം രാജാവായി.
2 രാജാക്കന്മാർ 13 : 10 (IRVML)
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന് രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.
2 രാജാക്കന്മാർ 13 : 11 (IRVML)
അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളും അവൻ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.
2 രാജാക്കന്മാർ 13 : 12 (IRVML)
യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവിനോട് യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 13 : 13 (IRVML)
യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം അവന്റെ സിംഹാസനത്തിൽ ഭരണം തുടങ്ങി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
2 രാജാക്കന്മാർ 13 : 14 (IRVML)
ആ കാലത്ത് എലീശാ മരണകരമായ രോഗംപിടിച്ച് കിടപ്പിലായി; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 13 : 15 (IRVML)
എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്ന് പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
2 രാജാക്കന്മാർ 13 : 16 (IRVML)
അപ്പോൾ അവൻ യിസ്രായേൽരാജാവിനോട്: “നിന്റെ കൈ വില്ലിന്മേൽവെക്കുക” എന്ന് പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
2 രാജാക്കന്മാർ 13 : 17 (IRVML)
“കിഴക്കെ കിളിവാതിൽ തുറക്കുക” എന്ന് അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്ന് എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 13 : 18 (IRVML)
“അമ്പ് എടുക്കുക” എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്ന് അവൻ യിസ്രായേൽരാജാവിനോട് പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.
2 രാജാക്കന്മാർ 13 : 19 (IRVML)
അപ്പോൾ ദൈവപുരുഷൻ അവനോട് കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 13 : 20 (IRVML)
അതിനു ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കംചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
2 രാജാക്കന്മാർ 13 : 21 (IRVML)
ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ട് മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് എഴുന്നേറ്റുനിന്നു.
2 രാജാക്കന്മാർ 13 : 22 (IRVML)
എന്നാൽ യെഹോവാഹാസിന്റെ ഭരണകാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
2 രാജാക്കന്മാർ 13 : 23 (IRVML)
യഹോവയ്ക്ക് അവരോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നിവരോടുള്ള തന്റെ നിയമംനിമിത്തം അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന് മനസ്സായില്ല; തന്റെ സന്നിധിയിൽ നിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല.
2 രാജാക്കന്മാർ 13 : 24 (IRVML)
അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന് പകരം രാജാവായി.
2 രാജാക്കന്മാർ 13 : 25 (IRVML)
യെഹോവാഹാസിന്റെ മകനായ യെഹോവാശ്, തന്റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിന്റെ കാലത്ത് തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25