2 രാജാക്കന്മാർ 16 : 1 (IRVML)
രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
2 രാജാക്കന്മാർ 16 : 2 (IRVML)
ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; തന്റെ പിതാവായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.
2 രാജാക്കന്മാർ 16 : 3 (IRVML)
അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
2 രാജാക്കന്മാർ 16 : 4 (IRVML)
അവൻ പൂജാഗിരികളിലും കുന്നുകളിലും ഓരോ പച്ചവൃക്ഷത്തിന്റെ കീഴിലും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
2 രാജാക്കന്മാർ 16 : 5 (IRVML)
അക്കാലത്ത് അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്കു കഴിഞ്ഞില്ല.
2 രാജാക്കന്മാർ 16 : 6 (IRVML)
അന്ന് അരാംരാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്ന് നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
2 രാജാക്കന്മാർ 16 : 7 (IRVML)
ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാംരാജാവിന്റെയും യിസ്രായേൽരാജാവിന്റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്ന് പറയിച്ചു.
2 രാജാക്കന്മാർ 16 : 8 (IRVML)
അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർരാജാവിന് സമ്മാനമായി കൊടുത്തയച്ചു.
2 രാജാക്കന്മാർ 16 : 9 (IRVML)
അശ്ശൂർരാജാവ് അവന്റെ അപേക്ഷ കേട്ട് ദമ്മേശെക്കിലേക്ക് ചെന്ന് അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്ക് ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.
2 രാജാക്കന്മാർ 16 : 10 (IRVML)
ആഹാസ് രാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവ് ആ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതന് കൊടുത്തയച്ചു.
2 രാജാക്കന്മാർ 16 : 11 (IRVML)
ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ച മാതൃക പ്രകാരം രാജാവ് ദമ്മേശെക്കിൽനിന്ന് മടങ്ങി വരുമ്പോഴെക്ക് ഊരീയാപുരോഹിതൻ അത് പണിതിരുന്നു.
2 രാജാക്കന്മാർ 16 : 12 (IRVML)
രാജാവ് വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.
2 രാജാക്കന്മാർ 16 : 13 (IRVML)
ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ച്, പാനീയയാഗവും പകർന്ന്, സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
2 രാജാക്കന്മാർ 16 : 14 (IRVML)
യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്ത് തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേനിന്ന് നീക്കി, തന്റെ യാഗപീഠത്തിന്റെ വടക്കുവശത്ത് കൊണ്ടു പോയി വെച്ചു.
2 രാജാക്കന്മാർ 16 : 15 (IRVML)
ആഹാസ് രാജാവ് ഊരീയാപുരോഹിതനോട് കല്പിച്ചത്: “മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമെല്ലാം തളിക്കയും ചെയ്യേണം; താമ്രയാഗപീഠമോ, എനിക്ക് ദൈവഹിതം അറിയാനായി മാറ്റിവക്കേണം.”
2 രാജാക്കന്മാർ 16 : 16 (IRVML)
ആഹാസ് രാജാവ് കല്പിച്ചതെല്ലാം ഊരീയാപുരോഹിതൻ ചെയ്തു.
2 രാജാക്കന്മാർ 16 : 17 (IRVML)
ആഹാസ് രാജാവ് പീഠങ്ങളുടെ ചട്ടപ്പലക മുറിച്ച് തൊട്ടികൾ അവയുടെമേൽനിന്ന് നീക്കി; താമ്രക്കടൽ താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിൽ വെച്ചു.
2 രാജാക്കന്മാർ 16 : 18 (IRVML)
ശബ്ബത്ത് ദിവസം രാജാവിന് പ്രവേശിക്കുവാനുള്ള മേൽക്കൂരയോടുകൂടിയ പുറത്തെ പാതയും അശ്ശൂർരാജാവിനെ പ്രീതിപ്പെടുത്താനായി യഹോവയുടെ ആലയത്തിൽനിന്ന് മാറ്റിക്കളഞ്ഞു.
2 രാജാക്കന്മാർ 16 : 19 (IRVML)
ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 16 : 20 (IRVML)
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവ് അവന് പകരം രാജാവായി.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20