2 രാജാക്കന്മാർ 19 : 1 (IRVML)
ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു.
2 രാജാക്കന്മാർ 19 : 2 (IRVML)
പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
2 രാജാക്കന്മാർ 19 : 3 (IRVML)
അവർ പ്രവാചകനോട് ഹിസ്കീയാവിന്റെ സന്ദേശം ഇപ്രകാരം അറിയിച്ചു: “ഇത് കഷ്ടവും ശാസനയും ദൈവനിന്ദയും ഉള്ള ദിവസം അത്രെ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; എന്നാൽ പ്രസവിപ്പാനോ ശക്തിയില്ല.
2 രാജാക്കന്മാർ 19 : 4 (IRVML)
ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ച് പറയിക്കുന്ന വാക്കുകൾ നിന്റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്ക് പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.”
2 രാജാക്കന്മാർ 19 : 5 (IRVML)
ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോട് പറഞ്ഞത്:
2 രാജാക്കന്മാർ 19 : 6 (IRVML)
“നിങ്ങൾ നിങ്ങളുടെ യജമാനനോട് യഹോവയുടെ അരുളപ്പാടായി പറയേണ്ടതെന്തെന്നാൽ: ‘അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച് പറഞ്ഞതും നീ കേട്ടതുമായ വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.
2 രാജാക്കന്മാർ 19 : 7 (IRVML)
ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ച് വാൾകൊണ്ട് വീഴുമാറാക്കും.”
2 രാജാക്കന്മാർ 19 : 8 (IRVML)
റബ്-ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നത് കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.
2 രാജാക്കന്മാർ 19 : 9 (IRVML)
കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്ന് കേട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചതെന്തെന്നാൽ:
2 രാജാക്കന്മാർ 19 : 10 (IRVML)
“നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവിനോട് പറയേണ്ടത്: ‘യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്ന് പറഞ്ഞ് നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.
2 രാജാക്കന്മാർ 19 : 11 (IRVML)
അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ മാത്രം രക്ഷപെടുമോ?
2 രാജാക്കന്മാർ 19 : 12 (IRVML)
ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?
2 രാജാക്കന്മാർ 19 : 13 (IRVML)
ഹമാത്ത്‌ രാജാവും, അർപ്പാദ്‌ രാജാവും, സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നിവക്ക് രാജാവായിരുന്നവനും എവിടെ?”
2 രാജാക്കന്മാർ 19 : 14 (IRVML)
ഹിസ്കീയാവ് ദൂതന്മാരുടെ കയ്യിൽനിന്ന് എഴുത്ത് വാങ്ങി വായിച്ചു; അവൻ യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അത് തുറന്നുവച്ചു.
2 രാജാക്കന്മാർ 19 : 15 (IRVML)
ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞത് എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
2 രാജാക്കന്മാർ 19 : 16 (IRVML)
യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് കേൾക്കേണമേ.
2 രാജാക്കന്മാർ 19 : 17 (IRVML)
യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയത് സത്യം തന്നേ.
2 രാജാക്കന്മാർ 19 : 18 (IRVML)
അവരുടെ ദേവന്മാരെ അവർ തീയിലിട്ട് ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
2 രാജാക്കന്മാർ 19 : 19 (IRVML)
ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്ന് ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്റെ കയ്യിൽനിന്ന് രക്ഷിക്കേണമേ.”
2 രാജാക്കന്മാർ 19 : 20 (IRVML)
ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബിന്റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചത് ഞാൻ കേട്ടു.
2 രാജാക്കന്മാർ 19 : 21 (IRVML)
അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: ‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ച് പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു.
2 രാജാക്കന്മാർ 19 : 22 (IRVML)
നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ.
2 രാജാക്കന്മാർ 19 : 23 (IRVML)
നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: ‘എന്റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അതിർത്തിയിലെ പാർപ്പിടംവരെയും തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും.
2 രാജാക്കന്മാർ 19 : 24 (IRVML)
ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും. എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 19 : 25 (IRVML)
ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്ന് നീ കേട്ടിട്ടില്ലയോ? ഉറപ്പുള്ള പട്ടണങ്ങളെ നീ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
2 രാജാക്കന്മാർ 19 : 26 (IRVML)
അതുകൊണ്ട് അവയിലെ നിവാസികൾ ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, പുരപ്പുറത്തു വളരുന്ന പുല്ലും, വളർച്ചയെത്തുന്നതിന് മുമ്പ് കരിഞ്ഞുപോയ ധാന്യവും പോലെ ആയി.
2 രാജാക്കന്മാർ 19 : 27 (IRVML)
എന്നാൽ നിന്റെ ഇരിപ്പും, നിന്റെ ഗമനവും ആഗമനവും, എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
2 രാജാക്കന്മാർ 19 : 28 (IRVML)
എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും എന്റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ട്, നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.
2 രാജാക്കന്മാർ 19 : 29 (IRVML)
എന്നാൽ ഇത് നിനക്ക് അടയാളം ആകും; നിങ്ങൾ ഈ ആണ്ടിലും രണ്ടാം ആണ്ടിലും തനിയെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ച് കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും.
2 രാജാക്കന്മാർ 19 : 30 (IRVML)
യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും.
2 രാജാക്കന്മാർ 19 : 31 (IRVML)
ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത ഈ കാര്യം നിവർത്തിക്കും.”
2 രാജാക്കന്മാർ 19 : 32 (IRVML)
അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്ക് വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന് എതിരെ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയുമില്ല.
2 രാജാക്കന്മാർ 19 : 33 (IRVML)
അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
2 രാജാക്കന്മാർ 19 : 34 (IRVML)
എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പരിപാലിച്ച് രക്ഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
2 രാജാക്കന്മാർ 19 : 35 (IRVML)
അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.
2 രാജാക്കന്മാർ 19 : 36 (IRVML)
അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു. അവൻ മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.
2 രാജാക്കന്മാർ 19 : 37 (IRVML)
അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ട് കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന് പകരം രാജാവായി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37