2 രാജാക്കന്മാർ 20 : 1 (IRVML)
ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 20 : 2 (IRVML)
അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ച് യഹോവയോട് പ്രാർത്ഥിച്ചു:
2 രാജാക്കന്മാർ 20 : 3 (IRVML)
“അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്ന് നിനക്ക് പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ” എന്ന് പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു.
2 രാജാക്കന്മാർ 20 : 4 (IRVML)
എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
2 രാജാക്കന്മാർ 20 : 5 (IRVML)
നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്റെ പ്രാർത്ഥന കേട്ടു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
2 രാജാക്കന്മാർ 20 : 6 (IRVML)
ഞാൻ നിന്റെ ആയുസ്സിനോട് പതിനഞ്ച് സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്ന് വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.”
2 രാജാക്കന്മാർ 20 : 7 (IRVML)
പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അവർ അത് കൊണ്ടുവന്ന് ഹിസ്കീയാവിന്റെ പരുവിന്മേൽ ഇട്ടു; അവന് സൗഖ്യമായി.
2 രാജാക്കന്മാർ 20 : 8 (IRVML)
ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്ന് ചോദിച്ചു.
2 രാജാക്കന്മാർ 20 : 9 (IRVML)
അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്ക് അടയാളം ഇത് ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്ത് പടി മുമ്പോട്ട് പോകണമോ? പത്ത് പടി പിന്നോക്കം തിരിയണമോ?” എന്ന് ചോദിച്ചു.
2 രാജാക്കന്മാർ 20 : 10 (IRVML)
അതിന് ഹിസ്കീയാവ്: “നിഴൽ പത്ത് പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്ത് പടി പിന്നോക്കം തിരിയട്ടെ“ എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 20 : 11 (IRVML)
അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
2 രാജാക്കന്മാർ 20 : 12 (IRVML)
ആ കാലത്ത് ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്ന് കേട്ടിട്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.
2 രാജാക്കന്മാർ 20 : 13 (IRVML)
ഹിസ്കീയാവ് അവരുടെ വാക്കു കേട്ട്, തന്റെ ഭണ്ഡാരഗൃഹം മുഴുവനും -പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും-അങ്ങനെ തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
2 രാജാക്കന്മാർ 20 : 14 (IRVML)
എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 20 : 15 (IRVML)
“അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 20 : 16 (IRVML)
യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്ക:
2 രാജാക്കന്മാർ 20 : 17 (IRVML)
ഇപ്പോൾ രാജധാനിയിലുള്ളതും നിന്റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
2 രാജാക്കന്മാർ 20 : 18 (IRVML)
നീ ജനിപ്പിക്കുന്നവരായ, നിന്നിൽനിന്നുത്ഭവിക്കുന്ന, നിന്റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2 രാജാക്കന്മാർ 20 : 19 (IRVML)
അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്ന് അവൻ പറഞ്ഞു.
2 രാജാക്കന്മാർ 20 : 20 (IRVML)
ഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 20 : 21 (IRVML)
ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21