2 രാജാക്കന്മാർ 23 : 1 (IRVML)
അനന്തരം രാജാവ് ആളയച്ച് യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി.
2 രാജാക്കന്മാർ 23 : 2 (IRVML)
രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനവും യഹോവയുടെ ആലയത്തിലേക്ക് ചെന്നു; യഹോവയുടെ ആലയത്തിൽവെച്ച് കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെല്ലാം അവർ കേൾക്കെ അവൻ വായിച്ചു.
2 രാജാക്കന്മാർ 23 : 3 (IRVML)
രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു.
2 രാജാക്കന്മാർ 23 : 4 (IRVML)
രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്ന് പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്ത് കിദ്രോൻപ്രദേശത്തുവെച്ച് അവ തീകൊണ്ട് ചുട്ട്, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി.
2 രാജാക്കന്മാർ 23 : 5 (IRVML)
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 23 : 6 (IRVML)
അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്ന് യെരൂശലേമിന് പുറത്ത് കിദ്രോൻതോട്ടിലേക്ക് കൊണ്ടുചെന്ന് കിദ്രോൻ താഴ്വരയിൽവെച്ച് ചുട്ടുപൊടിയാക്കി, ആ പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളുടെ മേൽ ഇട്ടുകളഞ്ഞു.
2 രാജാക്കന്മാർ 23 : 7 (IRVML)
സ്ത്രീകൾ അശേരെക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിലുള്ള പുരുഷവേശ്യമാരുടെ വീടുകളും അവൻ ഇടിച്ചുകളഞ്ഞു.
2 രാജാക്കന്മാർ 23 : 8 (IRVML)
അവൻ യെഹൂദാപട്ടണങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി; പട്ടണത്തിലേക്കുള്ള പ്രവേശന ദ്വാരത്തിന്റെ ഇടത്തുഭാഗത്ത് നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളും അവൻ ഇടിച്ചുകളഞ്ഞു.
2 രാജാക്കന്മാർ 23 : 9 (IRVML)
എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിലേക്ക് പ്രവേശിച്ചില്ല. അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
2 രാജാക്കന്മാർ 23 : 10 (IRVML)
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.
2 രാജാക്കന്മാർ 23 : 11 (IRVML)
യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനസ്ഥലത്ത് വളപ്പിനകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന് പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങൾ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ട് ചുട്ടുകളഞ്ഞു.
2 രാജാക്കന്മാർ 23 : 12 (IRVML)
യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും രാജാവ് തകർത്ത് അവിടെനിന്ന് നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
2 രാജാക്കന്മാർ 23 : 13 (IRVML)
യെരൂശലേമിനെതിരെ, നാശപർവ്വതത്തിന്റെ വലത്തുഭാഗത്ത്, യിസ്രായേൽരാജാവായ ശലോമോൻ, സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി.
2 രാജാക്കന്മാർ 23 : 14 (IRVML)
അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു; അവ നിന്നിരുന്ന സ്ഥലങ്ങൾ മനുഷ്യാസ്ഥികൾകൊണ്ട് നിറെച്ചു.
2 രാജാക്കന്മാർ 23 : 15 (IRVML)
അത്രയുമല്ല, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
2 രാജാക്കന്മാർ 23 : 16 (IRVML)
എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ച് കല്ലറകളിൽ നിന്ന് അസ്ഥികളെ എടുപ്പിച്ചു; ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ അസ്ഥികൾ യാഗപീഠത്തിന്മേൽ ഇട്ട് ചുട്ട് യാഗപീഠം അശുദ്ധമാക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 23 : 17 (IRVML)
“ഞാൻ കാണുന്ന ആ സ്മാരകസ്തംഭം എന്ത്” എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: “അത് യെഹൂദയിൽനിന്ന് വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങൾ ബേഥേലിലെ യാഗപീഠത്തെക്കുറിച്ച് മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 23 : 18 (IRVML)
അപ്പോൾ അവൻ: “അതിരിക്കട്ടെ; അവന്റെ അസ്ഥികൾ ആരും അനക്കരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളും വിട്ടേച്ചുപോയി.
2 രാജാക്കന്മാർ 23 : 19 (IRVML)
യഹോവയെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു; ബേഥേലിൽ അവൻ ചെയ്തതുപോലെ അവയോടും ചെയ്തു.
2 രാജാക്കന്മാർ 23 : 20 (IRVML)
അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയെല്ലാം ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
2 രാജാക്കന്മാർ 23 : 21 (IRVML)
അനന്തരം രാജാവ് സകലജനത്തോടും: “ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പിൻ” എന്ന് കല്പിച്ചു.
2 രാജാക്കന്മാർ 23 : 22 (IRVML)
യിസ്രായേലിന് ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതൽ യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലം വരെ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
2 രാജാക്കന്മാർ 23 : 23 (IRVML)
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഇപ്രകാരം പെസഹ ആചരിച്ചു.
2 രാജാക്കന്മാർ 23 : 24 (IRVML)
ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വചനങ്ങൾ അനുസരിച്ച് യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നശിപ്പിക്കയും ഗൃഹബിംബങ്ങളും മറ്റു വിഗ്രഹങ്ങളും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളും നീക്കിക്കളയുകയും ചെയ്തു.
2 രാജാക്കന്മാർ 23 : 25 (IRVML)
അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണപ്രകാരം യഹോവയിലേക്ക് തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, അതിനുശേഷം എഴുന്നേറ്റിട്ടുമില്ല.
2 രാജാക്കന്മാർ 23 : 26 (IRVML)
എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകാര്യങ്ങളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രത വിട്ടുമാറാതെ യഹോവ :
2 രാജാക്കന്മാർ 23 : 27 (IRVML)
“ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്ന് നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും ‘എന്റെ നാമം അവിടെ ഇരിക്കും ‘എന്ന് ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും” എന്ന് കല്പിച്ചു.
2 രാജാക്കന്മാർ 23 : 28 (IRVML)
യോശീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ ചെയ്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 23 : 29 (IRVML)
അവന്റെ കാലത്ത് ഈജിപ്റ്റ് രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ സഹായത്തിനായി ഫ്രാത്ത് നദിയുടെ തീരത്തേക്ക് പുറപ്പെട്ടു; യോശീയാരാജാവ് അവന്റെ നേരെ ചെന്നു; നെഖോ അവനെ കണ്ടിട്ട് മെഗിദ്ദോവിൽവെച്ച് യോശീയാവിനെ കൊന്നുകളഞ്ഞു.
2 രാജാക്കന്മാർ 23 : 30 (IRVML)
അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുവന്ന് അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്ന് അഭിഷേകം ചെയ്ത് അവന്റെ അപ്പന് പകരം രാജാവാക്കി.
2 രാജാക്കന്മാർ 23 : 31 (IRVML)
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
2 രാജാക്കന്മാർ 23 : 32 (IRVML)
അവൻ തന്റെ പിതാക്കന്മാരേപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
2 രാജാക്കന്മാർ 23 : 33 (IRVML)
അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവനെ തടവുകാരനാക്കി; ദേശത്തിന് നൂറ് താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
2 രാജാക്കന്മാർ 23 : 34 (IRVML)
ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന് പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്ന് മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്ന് അവിടെവെച്ച് മരിച്ചുപോയി.
2 രാജാക്കന്മാർ 23 : 35 (IRVML)
പിഴയായി ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന് കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന് അവൻ ജനത്തിന് നികുതി ചുമത്തി; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ നികുതി ചുമത്തിയതുപോലെ വെള്ളിയും പൊന്നും അവരോട് പിരിച്ചെടുത്ത് ഫറവോൻ-നെഖോവിന് കൊടുത്തു.
2 രാജാക്കന്മാർ 23 : 36 (IRVML)
യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് സെബീദാ എന്ന് പേരായിരുന്നു; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.
2 രാജാക്കന്മാർ 23 : 37 (IRVML)
അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
❮
❯