2 രാജാക്കന്മാർ 9 : 1 (IRVML)
എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.
2 രാജാക്കന്മാർ 9 : 2 (IRVML)
അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി,കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക.
2 രാജാക്കന്മാർ 9 : 3 (IRVML)
അതിനു ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക.”
2 രാജാക്കന്മാർ 9 : 4 (IRVML)
അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്ക് പോയി.
2 രാജാക്കന്മാർ 9 : 5 (IRVML)
അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോടു തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
2 രാജാക്കന്മാർ 9 : 6 (IRVML)
യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
2 രാജാക്കന്മാർ 9 : 7 (IRVML)
എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.
2 രാജാക്കന്മാർ 9 : 8 (IRVML)
ആഹാബ് ഗൃഹം അശേഷം നശിച്ചുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനോ ദാസനോ ആയ പുരുഷപ്രജയെ എല്ലാം ഞാൻ ഛേദിച്ചുകളയും.
2 രാജാക്കന്മാർ 9 : 9 (IRVML)
ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
2 രാജാക്കന്മാർ 9 : 10 (IRVML)
ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല.” പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
2 രാജാക്കന്മാർ 9 : 11 (IRVML)
യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 12 (IRVML)
അപ്പോൾ അവർ: “അത് നേരല്ല; നീ ഞങ്ങളോട് പറയണം” എന്ന് പറഞ്ഞതിന് അവൻ: “ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് തുടങ്ങി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോട് സംസാരിച്ചു” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 13 (IRVML)
ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്ത് കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: “യേഹൂ രാജാവായി” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 14 (IRVML)
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽജനവും അരാംരാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.
2 രാജാക്കന്മാർ 9 : 15 (IRVML)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്ന് ഉണ്ടാ‍യ മുറിവുകൾക്ക് യിസ്രയേലിൽവെച്ച് ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്ന് ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 16 (IRVML)
അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
2 രാജാക്കന്മാർ 9 : 17 (IRVML)
യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.
2 രാജാക്കന്മാർ 9 : 18 (IRVML)
അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. “സമാധാനം കൊണ്ട് നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങി വന്നിട്ടില്ല” എന്ന് അറിയിച്ചു.
2 രാജാക്കന്മാർ 9 : 19 (IRVML)
അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.
2 രാജാക്കന്മാർ 9 : 20 (IRVML)
അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 21 (IRVML)
ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.
2 രാജാക്കന്മാർ 9 : 22 (IRVML)
യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 23 (IRVML)
അപ്പോൾ യോരാം രഥം തിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവിനോട്: “അഹസ്യാവേ, ഇത് ദ്രോഹം!” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 24 (IRVML)
യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
2 രാജാക്കന്മാർ 9 : 25 (IRVML)
യേഹൂ തന്റെ പടനായകനായ ബിദ്കാരോട് പറഞ്ഞത്: “അവനെ എടുത്ത് യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിലേക്ക് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിനെ കുതിരപ്പുറത്ത് പിന്തുടരുമ്പോൾ,
2 രാജാക്കന്മാർ 9 : 26 (IRVML)
‘നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ച് ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക.”
2 രാജാക്കന്മാർ 9 : 27 (IRVML)
യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽ വെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.
2 രാജാക്കന്മാർ 9 : 28 (IRVML)
അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കംചെയ്തു.
2 രാജാക്കന്മാർ 9 : 29 (IRVML)
ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.
2 രാജാക്കന്മാർ 9 : 30 (IRVML)
യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.
2 രാജാക്കന്മാർ 9 : 31 (IRVML)
യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: “യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ?” എന്ന് ചോദിച്ചു.
2 രാജാക്കന്മാർ 9 : 32 (IRVML)
അവൻ തന്റെ മുഖം കിളിവാതില്ക്കലേക്ക് ഉയർത്തി: “ആരാണ് എന്റെ പക്ഷത്തുള്ളത്? ആരാണുള്ളത്?” എന്ന് ചോദിച്ചു. അപ്പോൾ രണ്ടുമൂന്ന് ഷണ്ഡന്മാർ പുറത്തേക്ക് നോക്കി.
2 രാജാക്കന്മാർ 9 : 33 (IRVML)
“അവളെ താഴെ തള്ളിയിടുവിൻ” എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.
2 രാജാക്കന്മാർ 9 : 34 (IRVML)
അവൻ ഭക്ഷിച്ചു പാനംചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്ന് അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്ന് പറഞ്ഞു.
2 രാജാക്കന്മാർ 9 : 35 (IRVML)
അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
2 രാജാക്കന്മാർ 9 : 36 (IRVML)
അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
2 രാജാക്കന്മാർ 9 : 37 (IRVML)
അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്റെ മൃതദേഹം യിസ്രായേൽപ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്റെ നിവൃത്തി തന്നേ ഇത്” എന്ന് പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37