2 ശമൂവേൽ 10 : 1 (IRVML)
അതിന്റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന് പകരം ഭരണം നടത്തി.
2 ശമൂവേൽ 10 : 2 (IRVML)
അപ്പോൾ ദാവീദ്: “ഹാനൂന്റെ പിതാവായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്റെ പിതാവിനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറയുവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
2 ശമൂവേൽ 10 : 3 (IRVML)
ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ യജമാനനായ ഹാനൂനോട്: “ദാവീദ് നിന്റെ പിതാവിനെ ബഹുമാനിക്കുന്നതുകൊണ്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചത് എന്ന് തോന്നുന്നുവോ? പട്ടണത്തെ നിരീക്ഷിച്ച് ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളയുവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചത് ” എന്നു പറഞ്ഞു.
2 ശമൂവേൽ 10 : 4 (IRVML)
അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരം ചെയ്യിപ്പിച്ച് അവരുടെ അങ്കികളുടെ നടുവിൽ ആസനംവരെ മുറിപ്പിച്ച് അവരെ അയച്ചു.
2 ശമൂവേൽ 10 : 5 (IRVML)
ദാവീദ്രാജാവ് ഇത് അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ട് അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ താമസിക്കുവിൻ; പിന്നെ മടങ്ങിവരാം എന്നു പറയിപ്പിച്ചു.
2 ശമൂവേൽ 10 : 6 (IRVML)
തങ്ങൾ ദാവീദിന് വെറുപ്പുള്ളവരായ്തീർന്നു എന്ന് അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ച് ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്ന് പന്ത്രണ്ടായിരംപേരെയും കൂലിക്ക് വരുത്തി.
2 ശമൂവേൽ 10 : 7 (IRVML)
ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
2 ശമൂവേൽ 10 : 8 (IRVML)
അമ്മോന്യരും പുറപ്പെട്ട് പട്ടണവാതില്ക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും മറ്റൊരു ഭാഗമായി മൈതാനത്തായിരുന്നു.
2 ശമൂവേൽ 10 : 9 (IRVML)
തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്ന് കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേർക്ക് അണിനിരത്തി.
2 ശമൂവേൽ 10 : 10 (IRVML)
ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന് തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്:
2 ശമൂവേൽ 10 : 11 (IRVML)
“അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യണം; എന്നാൽ അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്ക് സഹായം ചെയ്യും.
2 ശമൂവേൽ 10 : 12 (IRVML)
ധൈര്യമായിരിക്കുക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 10 : 13 (IRVML)
പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യർക്കെതിരെ പടയ്ക്ക് അടുത്തു; അവർ അവന്റെ മുമ്പിൽനിന്ന് ഓടിപ്പോയി.
2 ശമൂവേൽ 10 : 14 (IRVML)
അരാമ്യർ ഓടിപ്പോകുന്നത് അമ്മോന്യർ കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
2 ശമൂവേൽ 10 : 15 (IRVML)
തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യർ കണ്ടിട്ട് അവർ ഒന്നിച്ചുകൂടി.
2 ശമൂവേൽ 10 : 16 (IRVML)
ഹദദേസെർ ആളയച്ച് നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്ക് വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.
2 ശമൂവേൽ 10 : 17 (IRVML)
അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്ന് ഹേലാമിൽ ചെന്നു. അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്ന് അവനോട് യുദ്ധം ചെയ്തു.
2 ശമൂവേൽ 10 : 18 (IRVML)
അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.
2 ശമൂവേൽ 10 : 19 (IRVML)
എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും അവർ യിസ്രായേലിനോടു തോറ്റു എന്ന് കണ്ട് യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്യുവാൻ അരാമ്യർ ഭയപ്പെട്ടു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19