2 ശമൂവേൽ 12 : 1 (IRVML)
അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ട് പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
2 ശമൂവേൽ 12 : 2 (IRVML)
ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
2 ശമൂവേൽ 12 : 3 (IRVML)
ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവനുള്ള ആഹാരം തിന്നുകയും അവന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയും അവന്റെ മടിയിൽ കിടക്കുകയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.
2 ശമൂവേൽ 12 : 4 (IRVML)
ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്യുവാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുക്കുവാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ച് തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.”
2 ശമൂവേൽ 12 : 5 (IRVML)
അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം.
2 ശമൂവേൽ 12 : 6 (IRVML)
അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കണം” എന്നു പറഞ്ഞു.
2 ശമൂവേൽ 12 : 7 (IRVML)
നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
2 ശമൂവേൽ 12 : 8 (IRVML)
ഞാൻ നിനക്കു നിന്റെ യജമാനന്റെ ഭവനത്തെയും നിന്റെ മാർവ്വിടത്തിലേക്ക് നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്കു തരുമായിരുന്നു.
2 ശമൂവേൽ 12 : 9 (IRVML)
നീ യഹോവയുടെ കല്പന നിരസിച്ച് അവന്റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവിനെ വാൾകൊണ്ട് വെട്ടി അവന്റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു.
2 ശമൂവേൽ 12 : 10 (IRVML)
നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’
2 ശമൂവേൽ 12 : 11 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്റെ കൺമുമ്പിൽവച്ച് ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്റെ വെളിച്ചത്തിൽ തന്നെ നിന്റെ ഭാര്യമാരോടുകൂടി ശയിക്കും.
2 ശമൂവേൽ 12 : 12 (IRVML)
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്റെയും മുമ്പിൽവച്ച് സൂര്യന്റെ വെളിച്ചത്തിൽ തന്നെ നടത്തും.’ ”
2 ശമൂവേൽ 12 : 13 (IRVML)
ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.
2 ശമൂവേൽ 12 : 14 (IRVML)
എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾക്ക് ദൂഷണം പറയുവാൻ വലിയ അവത്സരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്റെ വീട്ടിലേക്ക് പോയി.
2 ശമൂവേൽ 12 : 15 (IRVML)
ഊരീയാവിന്റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു.
2 ശമൂവേൽ 12 : 16 (IRVML)
ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കുകയും അകത്ത് കടന്ന് രാത്രി മുഴുവനും നിലത്ത് കിടക്കുകയും ചെയ്തു.
2 ശമൂവേൽ 12 : 17 (IRVML)
അവന്റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കുവാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തു ചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടു കൂടി ഭക്ഷണം കഴിച്ചതുമില്ല.
2 ശമൂവേൽ 12 : 18 (IRVML)
എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിക്കുവാൻ ഭൃത്യന്മാർ ഭയപ്പെട്ടു: “കുഞ്ഞു ജീവനോടിരുന്ന സമയം നമ്മൾ അവനോട് സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്ക് കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്ന് നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല നാശവും വരുത്തും” എന്ന് അവർ പറഞ്ഞു.
2 ശമൂവേൽ 12 : 19 (IRVML)
ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു.
2 ശമൂവേൽ 12 : 20 (IRVML)
ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്ന് നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവച്ചു; അവൻ ഭക്ഷിച്ചു.
2 ശമൂവേൽ 12 : 21 (IRVML)
അവന്റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു.
2 ശമൂവേൽ 12 : 22 (IRVML)
അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്ന് ഞാൻ വിചാരിച്ചു.
2 ശമൂവേൽ 12 : 23 (IRVML)
ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്ക് പോകുകയല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങിവരുകയില്ലല്ലോ” എന്നു പറഞ്ഞു.
2 ശമൂവേൽ 12 : 24 (IRVML)
പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടി ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്ന് പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
2 ശമൂവേൽ 12 : 25 (IRVML)
യഹോവ നാഥാൻ പ്രവാചകൻ മുഖാന്തരം ഒരു സന്ദേശം അയച്ചു; യഹോവ അവനെ സ്നേഹിക്കുകയാൽ ശലോമോന് യെദീദ്യാവ് എന്നു പേർ വിളിച്ചു.
2 ശമൂവേൽ 12 : 26 (IRVML)
എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോട് പൊരുതി രാജനഗരം പിടിച്ചു.
2 ശമൂവേൽ 12 : 27 (IRVML)
യോവാബ് ദാവീദിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ രബ്ബയോട് പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു.
2 ശമൂവേൽ 12 : 28 (IRVML)
ആകയാൽ ഞാൻ നഗരം പിടിച്ചിട്ട് കീർത്തി എനിക്ക് ആകാതിരിക്കേണ്ടതിന് നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന് നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ളുക” എന്നു പറയിച്ചു.
2 ശമൂവേൽ 12 : 29 (IRVML)
അങ്ങനെ ദാവീദ് ജനത്തെ എല്ലാവരെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്ന് യുദ്ധം ചെയ്ത് അതിനെ പിടിച്ചു.
2 ശമൂവേൽ 12 : 30 (IRVML)
അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്ത് പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അത് ദാവീദിന്റെ തലയിൽവച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.
2 ശമൂവേൽ 12 : 31 (IRVML)
രബ്ബയിലെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ അറക്കവാൾക്കാരും മെതിവണ്ടിക്കാരും കോടാലിക്കാരുമാക്കി; അവരെക്കൊണ്ട് ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31