2 ശമൂവേൽ 14 : 1 (IRVML)
രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവയിലേക്ക് ആളയച്ചു
2 ശമൂവേൽ 14 : 2 (IRVML)
അവിടെനിന്ന് വിവേകമതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായി ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും
2 ശമൂവേൽ 14 : 3 (IRVML)
രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.
2 ശമൂവേൽ 14 : 4 (IRVML)
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിക്കുവാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കണമേ” എന്നു പറഞ്ഞു.
2 ശമൂവേൽ 14 : 5 (IRVML)
രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.
2 ശമൂവേൽ 14 : 6 (IRVML)
എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
2 ശമൂവേൽ 14 : 7 (IRVML)
ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരുക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തിക്കളയുവാൻ ഭാവിക്കുന്നു.”
2 ശമൂവേൽ 14 : 8 (IRVML)
രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോകുക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.
2 ശമൂവേൽ 14 : 9 (IRVML)
ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 14 : 10 (IRVML)
അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.
2 ശമൂവേൽ 14 : 11 (IRVML)
“രക്തപ്രതികാരകൻ അധികം സംഹാരം ചെയ്യുകയും എന്റെ മകനെ അവർ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
2 ശമൂവേൽ 14 : 12 (IRVML)
അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.
2 ശമൂവേൽ 14 : 13 (IRVML)
ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? ഓടിപ്പോയവനെ രാജാവ് മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.
2 ശമൂവേൽ 14 : 14 (IRVML)
നാം മരിക്കേണ്ടവരല്ലയോ?: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
2 ശമൂവേൽ 14 : 15 (IRVML)
ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;
2 ശമൂവേൽ 14 : 16 (IRVML)
രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുകയും ചെയ്യും.
2 ശമൂവേൽ 14 : 17 (IRVML)
എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിയുവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടി ഇരിക്കുമാറാകട്ടെ.”
2 ശമൂവേൽ 14 : 18 (IRVML)
രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത് ” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.
2 ശമൂവേൽ 14 : 19 (IRVML)
അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.
2 ശമൂവേൽ 14 : 20 (IRVML)
കാര്യങ്ങളെല്ലാം നേരെയാക്കാൻ നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ള സകലവും അറിയുവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.”
2 ശമൂവേൽ 14 : 21 (IRVML)
രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരുക” എന്നു കല്പിച്ചു.
2 ശമൂവേൽ 14 : 22 (IRVML)
അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
2 ശമൂവേൽ 14 : 23 (IRVML)
അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
2 ശമൂവേൽ 14 : 24 (IRVML)
എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല. [PE][PS]
2 ശമൂവേൽ 14 : 25 (IRVML)
എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുവനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.
2 ശമൂവേൽ 14 : 26 (IRVML)
അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കുകയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.
2 ശമൂവേൽ 14 : 27 (IRVML)
അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
2 ശമൂവേൽ 14 : 28 (IRVML)
രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു.
2 ശമൂവേൽ 14 : 29 (IRVML)
ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിക്കുവാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
2 ശമൂവേൽ 14 : 30 (IRVML)
അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളയുവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
2 ശമൂവേൽ 14 : 31 (IRVML)
അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
2 ശമൂവേൽ 14 : 32 (IRVML)
അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 14 : 33 (IRVML)
യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു. [PE]
❮
❯