2 ശമൂവേൽ 18 : 1 (IRVML)
അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
2 ശമൂവേൽ 18 : 2 (IRVML)
ദാവീദ് ജനത്തിൽ മൂന്നിൽ ഒരു വിഭാഗത്തെ യോവാബിന്റെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ അധീനത്തിലും അയച്ചു: ഞാനും നിങ്ങളോടുകൂടി വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു.
2 ശമൂവേൽ 18 : 3 (IRVML)
എന്നാൽ ജനം: “നീ വരണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പകുതിപേർ കൊല്ലപ്പെട്ടു എന്നുവന്നാലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത് ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 4 (IRVML)
രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനങ്ങൾ നൂറുനൂറായും ആയിരം ആയിരമായും പുറപ്പെട്ടു.
2 ശമൂവേൽ 18 : 5 (IRVML)
“എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോട് അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
2 ശമൂവേൽ 18 : 6 (IRVML)
പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി.
2 ശമൂവേൽ 18 : 7 (IRVML)
യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു.
2 ശമൂവേൽ 18 : 8 (IRVML)
യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികം പേർ വനത്തിനിരയായ്തീർന്നു.
2 ശമൂവേൽ 18 : 9 (IRVML)
അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ ഉടക്കിയിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി.
2 ശമൂവേൽ 18 : 10 (IRVML)
ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു.
2 ശമൂവേൽ 18 : 11 (IRVML)
യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 12 (IRVML)
അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.
2 ശമൂവേൽ 18 : 13 (IRVML)
അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്ക്കുമായിരുന്നു.”
2 ശമൂവേൽ 18 : 14 (IRVML)
എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി.
2 ശമൂവേൽ 18 : 15 (IRVML)
യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
2 ശമൂവേൽ 18 : 16 (IRVML)
പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽനിന്ന് പിൻവാങ്ങി.
2 ശമൂവേൽ 18 : 17 (IRVML)
അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയ ഒരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും അവനവന്റെ വീട്ടിലേക്ക് ഓടിപ്പോയി.
2 ശമൂവേൽ 18 : 18 (IRVML)
അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേര് നിലനിർത്തേണ്ടതിന് എനിക്കു ഒരു മകൻ ഇല്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ ഒരു തൂൺ എടുത്തു നാട്ടി അതിന് തന്റെ പേര് വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.
2 ശമൂവേൽ 18 : 19 (IRVML)
പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു എന്ന വാർത്ത അറിയിക്കട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 20 (IRVML)
യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കരുത്; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 21 (IRVML)
പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 22 (IRVML)
അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 23 (IRVML)
അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊള്ളുക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.
2 ശമൂവേൽ 18 : 24 (IRVML)
എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മദ്ധ്യത്തിൽ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിയെ ഓടിവരുന്നത് കണ്ടു.
2 ശമൂവേൽ 18 : 25 (IRVML)
കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ വാർത്തയും കൊണ്ടാകുന്നു വരുന്നത് ” എന്ന് രാജാവ് പറഞ്ഞു.
2 ശമൂവേൽ 18 : 26 (IRVML)
അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും വാർത്ത കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു.
2 ശമൂവേൽ 18 : 27 (IRVML)
“ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 28 (IRVML)
അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്” എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 29 (IRVML)
അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയ ഒരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 30 (IRVML)
“നീ അവിടെ മാറി നില്ക്കുക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു.
2 ശമൂവേൽ 18 : 31 (IRVML)
ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു.
2 ശമൂവേൽ 18 : 32 (IRVML)
അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്യുവാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 18 : 33 (IRVML)
ഉടനെ രാജാവ് നടുങ്ങി പടിപ്പുരയുടെ മുകളിലുള്ള സ്വകാര്യമുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളാമായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33