2 ശമൂവേൽ 19 : 1 (IRVML)
രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്ന് യോവാബ് കേട്ടു.
2 ശമൂവേൽ 19 : 2 (IRVML)
എന്നാൽ രാജാവ് തന്റെ മകനെക്കുറിച്ച് വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനങ്ങൾക്കെല്ലാം ദുഃഖമായ്തീർന്നു.
2 ശമൂവേൽ 19 : 3 (IRVML)
ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുന്നതുപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു.
2 ശമൂവേൽ 19 : 4 (IRVML)
രാജാവ് മുഖം മൂടി: എന്റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
2 ശമൂവേൽ 19 : 5 (IRVML)
അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞത്: ഇന്ന് നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്ന് ലജ്ജിപ്പിച്ചിരിക്കുന്നു; നീ ശത്രുക്കളെ സ്നേഹിക്കുകയും സ്നേഹിതരെ വെറുക്കുകയും ചെയ്യുന്നു.
2 ശമൂവേൽ 19 : 6 (IRVML)
പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഒന്നുമല്ല എന്ന് നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങൾ എല്ലാവരും ഇന്ന് മരിക്കുകയും ചെയ്തിരുന്നു എങ്കിൽ നിനക്ക് നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി.
2 ശമൂവേൽ 19 : 7 (IRVML)
ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടി താമസിക്കുകയില്ല; അത് നിന്റെ യൗവനം മുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും.
2 ശമൂവേൽ 19 : 8 (IRVML)
അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്ന് ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.
2 ശമൂവേൽ 19 : 9 (IRVML)
യിസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവ് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചു; അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് നമ്മെ വിടുവിച്ചു. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു.
2 ശമൂവേൽ 19 : 10 (IRVML)
നമുക്ക് രാജാവായി നാം അഭിഷേകം ചെയ്ത അബ്ശാലോമോ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് നിങ്ങൾ ഒന്നും പറയാതിരിക്കുന്നത് എന്ത്? എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 11 (IRVML)
പിന്നീട് ദാവീദ് രാജാവ് പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ച് പറയിച്ചത്: നിങ്ങൾ യെഹൂദാമൂപ്പന്മാരോട് പറയേണ്ടത്: രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു. നിങ്ങൾ രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?
2 ശമൂവേൽ 19 : 12 (IRVML)
നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലയോ?. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?
2 ശമൂവേൽ 19 : 13 (IRVML)
നിങ്ങൾ അമാസയോട്: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന് പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം ഇതും ഇതിലധികവും എന്നോട് ചെയ്യട്ടെ എന്നു പറയുവിൻ.
2 ശമൂവേൽ 19 : 14 (IRVML)
ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്ന് രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.
2 ശമൂവേൽ 19 : 15 (IRVML)
അങ്ങനെ രാജാവ് മടങ്ങി യോർദ്ദാനിൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന് യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
2 ശമൂവേൽ 19 : 16 (IRVML)
ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടി ദാവീദ് രാജാവിനെ എതിരേല്ക്കുവാൻ ബദ്ധപ്പെട്ടു ചെന്നു.
2 ശമൂവേൽ 19 : 17 (IRVML)
അവനോടുകൂടി ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു.
2 ശമൂവേൽ 19 : 18 (IRVML)
രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടക്കുവാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോട്:
2 ശമൂവേൽ 19 : 19 (IRVML)
എന്റെ യജമാനൻ എന്റെ കുറ്റം എനിക്ക് കണക്കിടരുതേ; എന്റെ യജമാനനായ രാജാവ് യെരൂശലേമിൽനിന്ന് പുറപ്പെട്ട ദിവസം അടിയൻ ചെയ്തദോഷം രാജാവ് മനസ്സിൽ വയ്ക്കുകയും ഓർക്കുകയും അരുതേ.
2 ശമൂവേൽ 19 : 20 (IRVML)
അടിയൻ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് അടിയൻ ഇതാ, എന്റെ യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാൻ യോസേഫിന്റെ സകലഗൃഹത്തെക്കാളും മുമ്പനായി ഇന്ന് വന്നിരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 21 (IRVML)
എന്നാൽ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടതല്ലയോ എന്നു ചോദിച്ചു.
2 ശമൂവേൽ 19 : 22 (IRVML)
അതിന് ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിന് രാജാവെന്ന് ഞാൻ അറിയുന്നില്ലയോ? എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 23 (IRVML)
പിന്നെ രാജാവ് ശിമെയിയോട്: നീ മരിക്കുകയില്ല എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു.
2 ശമൂവേൽ 19 : 24 (IRVML)
ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്ക്കുവാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ പാദങ്ങൾ സംരക്ഷിക്കുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.
2 ശമൂവേൽ 19 : 25 (IRVML)
എന്നാൽ അവൻ രാജാവിനെ എതിരേല്ക്കുവാൻ യെരൂശലേമിൽനിന്നു വന്നപ്പോൾ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടി വരാതെയിരുന്നത് എന്ത്? എന്നു ചോദിച്ചു.
2 ശമൂവേൽ 19 : 26 (IRVML)
അതിന് അവൻ ഉത്തരം പറഞ്ഞത്: എന്റെ യജമാനനായ രാജാവേ, എന്റെ ദാസൻ എന്നെ ചതിച്ചു; കഴുതപ്പുറത്ത് കയറി, രാജാവിനോടുകൂടി പോകേണ്ടതിന് കോപ്പിടണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ.
2 ശമൂവേൽ 19 : 27 (IRVML)
അവൻ എന്റെ യജമാനനായ രാജാവിനോട് അടിയനെപ്പറ്റി നുണയും പറഞ്ഞു; എങ്കിലും എന്റെ യജമാനനായ രാജാവ് ദൈവദൂതനെപ്പോലെ ആകുന്നു; അതുകൊണ്ട് തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക.
2 ശമൂവേൽ 19 : 28 (IRVML)
എന്റെ യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എന്നിട്ടും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് നിലവിളിക്കാൻ അടിയന് ഇനി എന്ത് അവകാശമുള്ളു?
2 ശമൂവേൽ 19 : 29 (IRVML)
രാജാവ് അവനോട്: നീ നിന്റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊള്ളുവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 30 (IRVML)
മെഫീബോശെത്ത് രാജാവിനോട്: അല്ല, അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; എന്റെ യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ മടങ്ങിവന്നുവല്ലോ എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 31 (IRVML)
ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയയ്ക്കുവാൻ അവനോടുകൂടി യോർദ്ദാൻ കടന്നു.
2 ശമൂവേൽ 19 : 32 (IRVML)
ബർസില്ലായിയോ എൺപതു വയസ്സുള്ള ഒരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ വസിച്ചിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
2 ശമൂവേൽ 19 : 33 (IRVML)
രാജാവ് ബർസില്ലായിയോട്: എന്നോടുകൂടി വരുക; നീ എന്നോടൊപ്പം യെരൂശലേമിൽ ഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 34 (IRVML)
ബർസില്ലായി രാജാവിനോട് പറഞ്ഞത്: ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടി പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?
2 ശമൂവേൽ 19 : 35 (IRVML)
എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? എന്റെ യജമാനനായ രാജാവിന് അടിയൻ ഭാരമായിത്തീരുന്നത് എന്തിന്?
2 ശമൂവേൽ 19 : 36 (IRVML)
അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടക്കുവാൻ മാത്രമേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്?
2 ശമൂവേൽ 19 : 37 (IRVML)
എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ എന്റെ യജമാനനായ രാജാവിനോടുകൂടി പോരട്ടെ; നിനക്ക് പ്രസാദമായതു അവന് ചെയ്തു കൊടുത്താലും.
2 ശമൂവേൽ 19 : 38 (IRVML)
അതിന് രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 39 (IRVML)
പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.
2 ശമൂവേൽ 19 : 40 (IRVML)
രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടി പോയി; യെഹൂദാജനം മുഴുവനും യിസ്രായേൽജനം പകുതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു.
2 ശമൂവേൽ 19 : 41 (IRVML)
അപ്പോൾ യിസ്രായേൽപുരുഷന്മാർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങയുടെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും തട്ടിക്കൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത്? എന്നു പറഞ്ഞു.
2 ശമൂവേൽ 19 : 42 (IRVML)
അതിന് യെഹൂദാപുരുഷന്മാർ എല്ലാവരും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആയതുകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ? എന്ന് ഉത്തരം പറഞ്ഞു.
2 ശമൂവേൽ 19 : 43 (IRVML)
യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43