2 ശമൂവേൽ 2 : 1 (IRVML)
പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരത്തിലേക്ക് പോകണമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകണം” എന്ന് ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്ന് അരുളപ്പാടുണ്ടായി.
2 ശമൂവേൽ 2 : 2 (IRVML)
അങ്ങനെ ദാവീദ് ജെസ്രീയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ട് ഭാര്യമാരുമായി അവിടേക്ക് പോയി.
2 ശമൂവേൽ 2 : 3 (IRVML)
ദാവീദ് തന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ എല്ലാവരേയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ വസിച്ചു.
2 ശമൂവേൽ 2 : 4 (IRVML)
അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു.
2 ശമൂവേൽ 2 : 5 (IRVML)
യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് ” എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ സന്ദേശവുമായി അയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
2 ശമൂവേൽ 2 : 6 (IRVML)
യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കുകകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും.
2 ശമൂവേൽ 2 : 7 (IRVML)
ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ; നിങ്ങൾ ധീരന്മാരായിരിക്കുവിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ അവർ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു” എന്ന് പറയിച്ചു.
2 ശമൂവേൽ 2 : 8 (IRVML)
എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുപോയി,
2 ശമൂവേൽ 2 : 9 (IRVML)
അവനെ ഗിലെയാദിനും, അശൂരിയർക്കും, ജെസ്രീയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി.
2 ശമൂവേൽ 2 : 10 (IRVML)
ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ അവന് നാല്പതു വയസ്സായിരുന്നു; അവൻ രണ്ട് വർഷം ഭരിച്ചു. യെഹൂദാഗൃഹം മാത്രം ദാവീദിനോട് ചേർന്നുനിന്നു.
2 ശമൂവേൽ 2 : 11 (IRVML)
ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന് രാജാവായിരുന്ന കാലം ഏഴ് വർഷവും ആറുമാസവും ആയിരുന്നു.
2 ശമൂവേൽ 2 : 12 (IRVML)
നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ഭടന്മാരും മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു.
2 ശമൂവേൽ 2 : 13 (IRVML)
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ഭടന്മാരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
2 ശമൂവേൽ 2 : 14 (IRVML)
അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെമുമ്പാകെ ഒന്നു പൊരുതട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 2 : 15 (IRVML)
യോവാബ്: “അവർ എഴുന്നേല്ക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എഴുന്നേറ്റ് തമ്മിൽ അടുത്തു.
2 ശമൂവേൽ 2 : 16 (IRVML)
ഓരോരുത്തൻ അവനവന്റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിന് ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
2 ശമൂവേൽ 2 : 17 (IRVML)
അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ഭടന്മാരോട് തോറ്റുപോയി.
2 ശമൂവേൽ 2 : 18 (IRVML)
അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.
2 ശമൂവേൽ 2 : 19 (IRVML)
അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
2 ശമൂവേൽ 2 : 20 (IRVML)
അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്ന് അവൻ ഉത്തരം പറഞ്ഞു.
2 ശമൂവേൽ 2 : 21 (IRVML)
അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, യുവാക്കന്മാരിൽ ഒരുത്തനെ പിടിച്ച് അവന്റെ ആയുധങ്ങൾ നിനക്കുവേണ്ടി എടുത്തുകൊള്ളുക” എന്ന് പറഞ്ഞു. എന്നാൽ അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് അസാഹേൽ പിന്മാറിയില്ല.
2 ശമൂവേൽ 2 : 22 (IRVML)
അബ്നേർ പിന്നെയും അസാഹേലിനോട്: “എന്നെ പിന്തുടരുന്നതിൽനിന്ന് പിന്മാറുക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും” എന്ന് പറഞ്ഞു.
2 ശമൂവേൽ 2 : 23 (IRVML)
എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവരെല്ലാം സ്തംഭിച്ചുനിന്നുപോയി.
2 ശമൂവേൽ 2 : 24 (IRVML)
യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികിൽ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
2 ശമൂവേൽ 2 : 25 (IRVML)
ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒന്നിച്ചുകൂടി ഒരു കൂട്ടമായി ഒരു കുന്നിൻമുകളിൽ നിന്നു.
2 ശമൂവേൽ 2 : 26 (IRVML)
അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കണമോ? അതിന്റെ അവസാനം ദുഃഖകരമായിരിക്കുമെന്ന് നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നത് മതിയാക്കുന്നതിന് ജനത്തോട് കല്പിക്കുവാൻ നീ എത്രത്തോളം താമസിക്കും” എന്ന് വിളിച്ചു പറഞ്ഞു.
2 ശമൂവേൽ 2 : 27 (IRVML)
അതിന് യോവാബ്: “ദൈവത്താണ, നീ പറഞ്ഞില്ലായിരുന്നെങ്കിൽ, ജനങ്ങൾ സഹോദരന്മാരെ രാവിലെ വരെ പിന്തുടരുന്നതിൽ നിന്ന് നിശ്ചയമായും പിന്തിരിയുമായിരുന്നില്ല” എന്ന് പറഞ്ഞു.
2 ശമൂവേൽ 2 : 28 (IRVML)
ഉടനെ യോവാബ് കാഹളം ഊതി, ജനം എല്ലാവരും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല.
2 ശമൂവേൽ 2 : 29 (IRVML)
അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്ന് മഹനയീമിൽ എത്തി.
2 ശമൂവേൽ 2 : 30 (IRVML)
യോവാബും അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് പിന്തിരിഞ്ഞു, യോവാബ് ജനത്തെ മുഴുവനും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ഭടന്മാരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
2 ശമൂവേൽ 2 : 31 (IRVML)
എന്നാൽ ദാവീദിന്റെ ഭടന്മാർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കുകയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
2 ശമൂവേൽ 2 : 32 (IRVML)
അസാഹേലിനെ അവർ എടുത്ത് ബേത്ലഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32