പ്രവൃത്തികൾ 19 : 1 (IRVML)
പൗലോസ് എഫെസൊസിൽ. അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ട്:
പ്രവൃത്തികൾ 19 : 2 (IRVML)
“നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്ന് അവരോട് ചോദിച്ചതിന്: “പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല” എന്ന് അവർ പറഞ്ഞു.
പ്രവൃത്തികൾ 19 : 3 (IRVML)
“എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?” എന്ന് അവൻ അവരോട് ചോദിച്ചതിന്: “യോഹന്നാന്റെ സ്നാനം” എന്ന് അവർ പറഞ്ഞു.
പ്രവൃത്തികൾ 19 : 4 (IRVML)
അതിന് പൗലൊസ്: “യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചത്, തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണം എന്ന് ജനത്തോടു പറഞ്ഞു” എന്നു പറഞ്ഞു.
പ്രവൃത്തികൾ 19 : 5 (IRVML)
ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
പ്രവൃത്തികൾ 19 : 6 (IRVML)
പൗലൊസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു, അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കയും ചെയ്തു.
പ്രവൃത്തികൾ 19 : 7 (IRVML)
ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
പ്രവൃത്തികൾ 19 : 8 (IRVML)
പിന്നെ അവൻ പള്ളിയിൽ ചെന്ന് മൂന്നു മാസത്തോളം ദൈവരാജ്യത്തെക്കുറിച്ച് ധൈര്യത്തോടെ സംവാദിക്കുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് പ്രസംഗിച്ചു പോന്നു.
പ്രവൃത്തികൾ 19 : 9 (IRVML)
എന്നാൽ ചില യഹൂദന്മാർ കഠിനപ്പെട്ട് അനുസരിക്കാതെ ജനങ്ങളുടെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചുപറഞ്ഞപ്പോൾ പൗലോസ് അവരെ വിട്ടു ശിഷ്യന്മാരെ അവരിൽനിന്ന് വേർതിരിച്ച്, തുറന്നൊസിന്റെ പാഠശാലയിൽ കൊണ്ടുപോയി അവിടെ ദിനംപ്രതി വചനം സംവാദിച്ചുപോന്നു.
പ്രവൃത്തികൾ 19 : 10 (IRVML)
അത് രണ്ടു വർഷത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾക്കുവാൻ ഇടയായി.
പ്രവൃത്തികൾ 19 : 11 (IRVML)
ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
പ്രവൃത്തികൾ 19 : 12 (IRVML)
അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.
പ്രവൃത്തികൾ 19 : 13 (IRVML)
എന്നാൽ സഞ്ചാരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ ദുരാത്മാവ് ബാധിച്ചവരോട്: “പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞ് യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
പ്രവൃത്തികൾ 19 : 14 (IRVML)
ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴ് പുത്രന്മാർ ആയിരുന്നു.
പ്രവൃത്തികൾ 19 : 15 (IRVML)
ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.
പ്രവൃത്തികൾ 19 : 16 (IRVML)
പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി.
പ്രവൃത്തികൾ 19 : 17 (IRVML)
ഇത് എഫെസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞ്; അവർക്ക് ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
പ്രവൃത്തികൾ 19 : 18 (IRVML)
വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു.
പ്രവൃത്തികൾ 19 : 19 (IRVML)
ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ട്.
പ്രവൃത്തികൾ 19 : 20 (IRVML)
ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.
പ്രവൃത്തികൾ 19 : 21 (IRVML)
അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്ന് മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു.
പ്രവൃത്തികൾ 19 : 22 (IRVML)
തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
പ്രവൃത്തികൾ 19 : 23 (IRVML)
എഫെസൊസിലെ കലഹം. ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
പ്രവൃത്തികൾ 19 : 24 (IRVML)
വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു.
പ്രവൃത്തികൾ 19 : 25 (IRVML)
അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
പ്രവൃത്തികൾ 19 : 26 (IRVML)
എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
പ്രവൃത്തികൾ 19 : 27 (IRVML)
അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്ന് വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു.
പ്രവൃത്തികൾ 19 : 28 (IRVML)
അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തു.
പ്രവൃത്തികൾ 19 : 29 (IRVML)
പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു.
പ്രവൃത്തികൾ 19 : 30 (IRVML)
പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല.
പ്രവൃത്തികൾ 19 : 31 (IRVML)
ആസ്യാധിപന്മാരിൽ ചിലർ പൗലൊസിന്റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു.
പ്രവൃത്തികൾ 19 : 32 (IRVML)
ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
പ്രവൃത്തികൾ 19 : 33 (IRVML)
യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു.
പ്രവൃത്തികൾ 19 : 34 (IRVML)
എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് എല്ലാവരും കൂടി രണ്ടു മണിക്കൂറോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.
പ്രവൃത്തികൾ 19 : 35 (IRVML)
പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്ന് അറിയാത്ത മനുഷ്യൻ ആരുള്ളു?
പ്രവൃത്തികൾ 19 : 36 (IRVML)
ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.
പ്രവൃത്തികൾ 19 : 37 (IRVML)
ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
പ്രവൃത്തികൾ 19 : 38 (IRVML)
എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ട്; ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ.
പ്രവൃത്തികൾ 19 : 39 (IRVML)
വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
പ്രവൃത്തികൾ 19 : 40 (IRVML)
ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ.”
പ്രവൃത്തികൾ 19 : 41 (IRVML)
ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.
❮
❯