പ്രവൃത്തികൾ 26 : 1 (IRVML)
പൗലോസിന്റെ പ്രതിവാദം.
പ്രവൃത്തികൾ 26 : 2 (IRVML)
അഗ്രിപ്പാവ് പൗലൊസിനോട്: “നിന്റെ കാര്യംപറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി* ബഹുമാനസൂചകമായി പ്രതിവാദിച്ചതെന്തെന്നാൽ: “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ച് ഇന്ന് തിരുമുമ്പാകെ പ്രതിവാദിക്കുവാൻ ഇടവന്നതുകൊണ്ട്,
പ്രവൃത്തികൾ 26 : 3 (IRVML)
വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് നിനക്ക് നന്നായി അറിയാമെന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
പ്രവൃത്തികൾ 26 : 4 (IRVML)
എന്റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ ബാല്യംമുതൽ ജീവിച്ചതെങ്ങനെയെന്ന് യെഹൂദന്മാർ എല്ലാവർക്കും അറിയാം.
പ്രവൃത്തികൾ 26 : 5 (IRVML)
ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു.
പ്രവൃത്തികൾ 26 : 6 (IRVML)
എന്നാൽ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത് ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തത്തിൽ പ്രത്യാശ വെച്ചത് കൊണ്ടത്രേ.
പ്രവൃത്തികൾ 26 : 7 (IRVML)
നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ദൈവത്തെ സേവിച്ചുംകൊണ്ട്, എത്തിപ്പിടിക്കുവാൻ ആശിക്കുന്നതായ അതേ വാഗ്ദത്തത്തിലുള്ള പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നത്.
പ്രവൃത്തികൾ 26 : 8 (IRVML)
ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്ത്?
പ്രവൃത്തികൾ 26 : 9 (IRVML)
നസറായനായ യേശുവിന്റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.
പ്രവൃത്തികൾ 26 : 10 (IRVML)
അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ കൊല്ലുന്ന സമയത്ത് ഞാനും സമ്മതം കൊടുത്തു.
പ്രവൃത്തികൾ 26 : 11 (IRVML)
ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ട് യേശുവിനെ ദുഷിച്ചുപറവാൻ നിബ്ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കുകയും ചെയ്തു.
പ്രവൃത്തികൾ 26 : 12 (IRVML)
ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ,
പ്രവൃത്തികൾ 26 : 13 (IRVML)
രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ട്.
പ്രവൃത്തികൾ 26 : 14 (IRVML)
ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരെ എതിരിടുന്നത് നിനക്ക് പ്രയാസം ആകുന്നു’ എന്ന് എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ട്.
പ്രവൃത്തികൾ 26 : 15 (IRVML)
‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ;
പ്രവൃത്തികൾ 26 : 16 (IRVML)
എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്ക് കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്ക് പ്രത്യക്ഷനായി.
പ്രവൃത്തികൾ 26 : 17 (IRVML)
യഹൂദാജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും.
പ്രവൃത്തികൾ 26 : 18 (IRVML)
അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു.
പ്രവൃത്തികൾ 26 : 19 (IRVML)
അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ
പ്രവൃത്തികൾ 26 : 20 (IRVML)
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു.
പ്രവൃത്തികൾ 26 : 21 (IRVML)
ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു.
പ്രവൃത്തികൾ 26 : 22 (IRVML)
എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു.
പ്രവൃത്തികൾ 26 : 23 (IRVML)
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.”
പ്രവൃത്തികൾ 26 : 24 (IRVML)
പൗലോസ് ഇങ്ങനെ പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ്: “പൗലൊസേ, നിനക്ക് ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്ന് ഉറക്കെ പറഞ്ഞു.
പ്രവൃത്തികൾ 26 : 25 (IRVML)
അതിന് പൗലൊസ്: “അതിവിശിഷ്ടനായ ഫെസ്തൊസേ, എനിക്ക് ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.
പ്രവൃത്തികൾ 26 : 26 (IRVML)
രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്ക് നിശ്ചയമുണ്ട്; കാരണം അത് രഹസ്യമായി നടന്നതല്ല.
പ്രവൃത്തികൾ 26 : 27 (IRVML)
അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
പ്രവൃത്തികൾ 26 : 28 (IRVML)
അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
പ്രവൃത്തികൾ 26 : 29 (IRVML)
അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.
പ്രവൃത്തികൾ 26 : 30 (IRVML)
അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറി നിന്നു.
പ്രവൃത്തികൾ 26 : 31 (IRVML)
അവർ ആ മുറിവിട്ട് പോകുമ്പോൾ: “ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല” എന്ന് തമ്മിൽ പറഞ്ഞു.
പ്രവൃത്തികൾ 26 : 32 (IRVML)
“കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32