ആമോസ് 2 : 1 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
ആമോസ് 2 : 2 (IRVML)
ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അത് കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടി മരിക്കും.
ആമോസ് 2 : 3 (IRVML)
ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്ന് ഛേദിച്ച്, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടി കൊല്ലും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ആമോസ് 2 : 4 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും, അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും, അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
ആമോസ് 2 : 5 (IRVML)
ഞാൻ യെഹൂദയിൽ ഒരു തീ അയയ്ക്കും; അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും”.
ആമോസ് 2 : 6 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
ആമോസ് 2 : 7 (IRVML)
അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു.
ആമോസ് 2 : 8 (IRVML)
അവർ ഏത് ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു.
ആമോസ് 2 : 9 (IRVML)
ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
ആമോസ് 2 : 10 (IRVML)
ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, അമോര്യന്റെ ദേശം കൈവശമാക്കേണ്ടതിന് നിങ്ങളെ നാല്പത് സംവത്സരം മരുഭൂമിയിൽകൂടി നടത്തി.
ആമോസ് 2 : 11 (IRVML)
ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽമക്കളേ”, എന്ന് യഹോവയുടെ അരുളപ്പാട്.
ആമോസ് 2 : 12 (IRVML)
എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും പ്രവാചകന്മാരോടു: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു.
ആമോസ് 2 : 13 (IRVML)
കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.
ആമോസ് 2 : 14 (IRVML)
അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കുകയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കുകയില്ല;
ആമോസ് 2 : 15 (IRVML)
വില്ലാളി ഉറച്ചുനിൽക്കുകയില്ല; വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കുകയുമില്ല.
ആമോസ് 2 : 16 (IRVML)
വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും” എന്ന് യഹോവയുടെ അരുളപ്പാട്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16