ദാനീയേൽ 2 : 1 (IRVML)
തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.
ദാനീയേൽ 2 : 2 (IRVML)
രാജാവിനോട് സ്വപ്നം അറിയിക്കുവാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിക്കുവാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു.
ദാനീയേൽ 2 : 3 (IRVML)
രാജാവ് അവരോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപ്നം ഓർക്കുവാൻ കഴിയാതെ എന്റെ മനസ്സ് വ്യാകുലപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.
ദാനീയേൽ 2 : 4 (IRVML)
അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു.
ദാനീയേൽ 2 : 5 (IRVML)
രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: “വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി നുറുക്കുകയും നിങ്ങളുടെ വീടുകൾ കുപ്പക്കുന്നാക്കുകയും ചെയ്യും;
ദാനീയേൽ 2 : 6 (IRVML)
സ്വപ്നവും അർത്ഥവും അറിയിച്ചാൽ നിങ്ങൾക്ക് സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ട് സ്വപ്നവും അർത്ഥവും അറിയിക്കുവിൻ”.
ദാനീയേൽ 2 : 7 (IRVML)
അവർ പിന്നെയും: “രാജാവ് സ്വപ്നം അടിയങ്ങളോട് അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്ന് ഉണർത്തിച്ചു.
ദാനീയേൽ 2 : 8 (IRVML)
അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്ന് നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് ഞാൻ അറിയുന്നു.
ദാനീയേൽ 2 : 9 (IRVML)
നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും.”
ദാനീയേൽ 2 : 10 (IRVML)
കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഒരു രാജാവും ഇതുപോലെ ഒരു കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
ദാനീയേൽ 2 : 11 (IRVML)
രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിക്കുവാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല.”
ദാനീയേൽ 2 : 12 (IRVML)
ഇതു മൂലം രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു: ബാബേലിലെ സകല വിദ്വാന്മാരെയും നശിപ്പിക്കുവാൻ കല്പന കൊടുത്തു.
ദാനീയേൽ 2 : 13 (IRVML)
അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു.
ദാനീയേൽ 2 : 14 (IRVML)
എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു.
ദാനീയേൽ 2 : 15 (IRVML)
“രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു;
ദാനീയേൽ 2 : 16 (IRVML)
ദാനീയേൽ അകത്തു ചെന്ന് രാജാവിനോട് തനിക്കു സമയം നൽകണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
ദാനീയേൽ 2 : 17 (IRVML)
പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്,
ദാനീയേൽ 2 : 18 (IRVML)
ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു.
ദാനീയേൽ 2 : 19 (IRVML)
അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്:
ദാനീയേൽ 2 : 20 (IRVML)
“ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
ദാനീയേൽ 2 : 21 (IRVML)
അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
ദാനീയേൽ 2 : 22 (IRVML)
അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടി വസിക്കുന്നു.
ദാനീയേൽ 2 : 23 (IRVML)
എന്റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.”
ദാനീയേൽ 2 : 24 (IRVML)
അതുകൊണ്ട് ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കുവാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: “ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം” എന്ന് പറഞ്ഞു.
ദാനീയേൽ 2 : 25 (IRVML)
അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: “രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്ന് ഉണർത്തിച്ചു.
ദാനീയേൽ 2 : 26 (IRVML)
ബേല്ത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോട് രാജാവ്: “ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിക്കുവാൻ നിനക്കു കഴിയുമോ?” എന്ന് ചോദിച്ചു.
ദാനീയേൽ 2 : 27 (IRVML)
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല.
ദാനീയേൽ 2 : 28 (IRVML)
എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു:
ദാനീയേൽ 2 : 29 (IRVML)
“രാജാവേ, ഇനിമേൽ സംഭവിക്കുവാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കുവാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു.
ദാനീയേൽ 2 : 30 (IRVML)
എനിക്ക് ജീവനോടിരിക്കുന്ന ആരേക്കാളും അധിക ജ്ഞാനം ഉണ്ടായിട്ടല്ല, പ്രത്യുത, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം അങ്ങ് അറിയേണ്ടതിനും ആകുന്നു ഈ രഹസ്യം എനിക്ക് വെളിപ്പെട്ടിരിക്കുന്നത്.
ദാനീയേൽ 2 : 31 (IRVML)
രാജാവു കണ്ട ദർശനം: വലിയ ഒരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
ദാനീയേൽ 2 : 32 (IRVML)
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും
ദാനീയേൽ 2 : 33 (IRVML)
കാൽ പകുതി ഇരിമ്പുകൊണ്ടും പകുതി കളിമണ്ണുകൊണ്ടും ആയിരുന്നു.
ദാനീയേൽ 2 : 34 (IRVML)
തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു.
ദാനീയേൽ 2 : 35 (IRVML)
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനല്ക്കാലത്ത് കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതെ കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവ്വതമായിത്തീർന്ന് ഭൂമിയിൽ എല്ലാം നിറഞ്ഞു.
ദാനീയേൽ 2 : 36 (IRVML)
ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം.
ദാനീയേൽ 2 : 37 (IRVML)
രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
ദാനീയേൽ 2 : 38 (IRVML)
മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ.
ദാനീയേൽ 2 : 39 (IRVML)
തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
ദാനീയേൽ 2 : 40 (IRVML)
നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും.
ദാനീയേൽ 2 : 41 (IRVML)
കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും.
ദാനീയേൽ 2 : 42 (IRVML)
കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും.
ദാനീയേൽ 2 : 43 (IRVML)
ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
ദാനീയേൽ 2 : 44 (IRVML)
ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതയ്ക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കുകയും ചെയ്യും.
ദാനീയേൽ 2 : 45 (IRVML)
കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു. ”
ദാനീയേൽ 2 : 46 (IRVML)
അപ്പോൾ നെബൂഖദ്നേസർരാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്:
ദാനീയേൽ 2 : 47 (IRVML)
“നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്ന് കല്പിച്ചു.
ദാനീയേൽ 2 : 48 (IRVML)
രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി.
ദാനീയേൽ 2 : 49 (IRVML)
ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്റെ അരമനക്കുള്ളിൽ വസിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49