ദാനീയേൽ 5 : 1 (IRVML)
ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.
ദാനീയേൽ 5 : 2 (IRVML)
ബേൽശസ്സർ വീഞ്ഞു കുടിച്ച് രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന, പൊന്നും, വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിക്കേണ്ടതിന് കൊണ്ടുവരുവാൻ കല്പിച്ചു.
ദാനീയേൽ 5 : 3 (IRVML)
അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽനിന്ന് കുടിച്ചു.
ദാനീയേൽ 5 : 4 (IRVML)
അവർ വീഞ്ഞു കുടിച്ച്, പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
ദാനീയേൽ 5 : 5 (IRVML)
തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.
ദാനീയേൽ 5 : 6 (IRVML)
ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി.
ദാനീയേൽ 5 : 7 (IRVML)
രാജാവ് ഉറക്കെ വിളിച്ചു; ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: “ആരെങ്കിലും ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്ന് കല്പിച്ചു.
ദാനീയേൽ 5 : 8 (IRVML)
അങ്ങനെ രാജാവിന്റെ വിദ്വാന്മാരെല്ലാം അകത്തുവന്നു; എങ്കിലും എഴുത്ത് വായിക്കുവാനും രാജാവിനെ അർത്ഥം അറിയിക്കുവാനും അവർക്ക് കഴിഞ്ഞില്ല.
ദാനീയേൽ 5 : 9 (IRVML)
അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു; അവന്റെ മുഖഭാവം മാറി. അവന്റെ പ്രഭുക്കന്മാർ അമ്പരന്നു പോയി.
ദാനീയേൽ 5 : 10 (IRVML)
രാജാവിന്റെയും പ്രഭുക്കന്മാരുടെയും വാക്കു ഹേതുവായി രാജ്ഞി വിരുന്നുശാലയിൽ വന്നു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ട് വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്.
ദാനീയേൽ 5 : 11 (IRVML)
വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെ ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവ്,
ദാനീയേൽ 5 : 12 (IRVML)
ബേൽത്ത്ശസ്സർ എന്ന് പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും, അറിവും, ബുദ്ധിയും, സ്വപ്നവ്യാഖ്യാനവും, കടങ്കഥകളുടെ വ്യാഖ്യാനവും, സംശയനിവാരണവും, കണ്ടിരിക്കുകയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കി വച്ചു; ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും; അവൻ അർത്ഥം ബോധിപ്പിക്കും” എന്ന് ഉണർത്തിച്ചു.
ദാനീയേൽ 5 : 13 (IRVML)
അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്റെ അപ്പനായ രാജാവ് യെഹൂദയിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ?
ദാനീയേൽ 5 : 14 (IRVML)
ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു.
ദാനീയേൽ 5 : 15 (IRVML)
ഇപ്പോൾ ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിക്കേണ്ടതിന് വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും അർത്ഥം അറിയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
ദാനീയേൽ 5 : 16 (IRVML)
എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്റെ അർത്ഥം അറിയിക്കുവാൻ നിനക്ക് കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.
ദാനീയേൽ 5 : 17 (IRVML)
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചത്: “ദാനങ്ങൾ തിരുമേനിക്കു തന്നെ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന് കൊടുത്താലും; എഴുത്ത് ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ച് അർത്ഥം ബോധിപ്പിക്കാം;
ദാനീയേൽ 5 : 18 (IRVML)
രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിന് രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
ദാനീയേൽ 5 : 19 (IRVML)
അവന് നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ട് വിറച്ചിരുന്നു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെ ശേഷിപ്പിക്കുകയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
ദാനീയേൽ 5 : 20 (IRVML)
എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ച്, അവന്റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയതിനാൽ അവൻ രാജാസനത്തിൽനിന്ന് നീക്കപ്പെട്ടു; അവർ അവന്റെ മഹത്വം അവനിൽനിന്ന് എടുത്തുകളഞ്ഞു.
ദാനീയേൽ 5 : 21 (IRVML)
അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കപ്പെട്ടു; അവന്റെ ഹൃദയം മൃഗപ്രായമായിത്തീർന്നു; അവന്റെ വാസം കാട്ടുകഴുതകളോടുകൂടി ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്ക് ബോധിച്ചവനെ അതിന് നിയമിക്കുകയും ചെയ്യുന്നു എന്ന് അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
ദാനീയേൽ 5 : 22 (IRVML)
അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെ അറിഞ്ഞിട്ടും തിരുമേനി ഹൃദയത്തെ താഴ്ത്താതെ
ദാനീയേൽ 5 : 23 (IRVML)
സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ സ്വയം ഉയർത്തി, അവന്റെ ആലയത്തിലെ പാത്രങ്ങൾ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് വീഞ്ഞു കുടിച്ചു; കാണുവാനും കേൾക്കുവാനും അറിയുവാനും കഴിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും തിരുമേനിയുടെ എല്ലാവഴികളും കൈയിൽ വഹിക്കുന്നവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.
ദാനീയേൽ 5 : 24 (IRVML)
അതിനാൽ അവൻ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു.
ദാനീയേൽ 5 : 25 (IRVML)
എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
ദാനീയേൽ 5 : 26 (IRVML)
കാര്യത്തിന്റെ അർത്ഥമെന്തെന്നാൽ: മെനേ എന്നുവച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു.
ദാനീയേൽ 5 : 27 (IRVML)
തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
ദാനീയേൽ 5 : 28 (IRVML)
പെറേസ് എന്നുവച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു”
ദാനീയേൽ 5 : 29 (IRVML)
അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ച് പ്രസിദ്ധമാക്കി.
ദാനീയേൽ 5 : 30 (IRVML)
ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
ദാനീയേൽ 5 : 31 (IRVML)
മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

BG:

Opacity:

Color:


Size:


Font: