ദാനീയേൽ 8 : 1 (IRVML)
ദാനീയേൽ എന്ന എനിക്ക് ആദ്യം ഉണ്ടായ ദർശനത്തിനു ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ വീണ്ടും ഒരു ദർശനം ഉണ്ടായി.
ദാനീയേൽ 8 : 2 (IRVML)
ഞാൻ ഈ ദർശനം കണ്ടത്, ഏലാംസംസ്ഥാനത്തിലെ ശൂശൻരാജധാനിയിൽ ആയിരുന്നപ്പോൾ ആയിരുന്നു; ഞാൻ ഊലായി നദീതീരത്ത് നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.
ദാനീയേൽ 8 : 3 (IRVML)
ഞാൻ തലപൊക്കി നോക്കിയപ്പോൾ, രണ്ടു കൊമ്പുകളുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്ത് നില്ക്കുന്നത് കണ്ടു; ആ കൊമ്പുകൾ രണ്ടും നീളമുള്ളവയായിരുന്നു; ഒന്ന് മറ്റേതിനെക്കാൾ അധികം നീളമുള്ളത്; അധികം നീളമുള്ളത് ഒടുവിൽ മുളച്ചുവന്നതായിരുന്നു.
ദാനീയേൽ 8 : 4 (IRVML)
ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നത് ഞാൻ കണ്ടു; ഒരു മൃഗത്തിനും അതിന്റെ മുമ്പാകെ നില്ക്കുവാൻ കഴിഞ്ഞില്ല; അതിന്റെ കൈയിൽനിന്ന് രക്ഷിക്കുവാൻ കഴിയുന്നവനും ആരുമില്ലായിരുന്നു; അത് ഇഷ്ടംപോലെ പ്രവർത്തിച്ച് മഹാനായിത്തീർന്നു.
ദാനീയേൽ 8 : 5 (IRVML)
ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്ന് നിലം തൊടാതെ സർവ്വഭൂതലത്തിലും കൂടെ വന്നു; ആ കോലാട്ടുകൊറ്റന് കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
ദാനീയേൽ 8 : 6 (IRVML)
അത് നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുകളുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞുചെന്നു.
ദാനീയേൽ 8 : 7 (IRVML)
അത് ആട്ടുകൊറ്റനോട് അടുക്കുന്നത് ഞാൻ കണ്ടു; അത് ആട്ടുകൊറ്റനോട് ക്രുദ്ധിച്ച്, അതിനെ ഇടിച്ച് അതിന്റെ കൊമ്പ് രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്ക്കുവാൻ ആട്ടുകൊറ്റന് ശക്തിയില്ലായിരുന്നു; അത് ആട്ടുകൊറ്റനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു; അതിന്റെ കൈയിൽനിന്ന് ആട്ടുകൊറ്റനെ രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
ദാനീയേൽ 8 : 8 (IRVML)
കോലാട്ടുകൊറ്റൻ ഏറ്റവും വലിപ്പമുള്ളതായിത്തീർന്നു; എന്നാൽ അത് ബലപ്പെട്ടപ്പോൾ വലിയ കൊമ്പ് തകർന്നുപോയി; അതിനു പകരം ആകാശത്തിലെ നാലു കാറ്റിനു നേരെ ഭംഗിയുള്ള നാല് കൊമ്പുകൾ മുളച്ചുവന്നു.
ദാനീയേൽ 8 : 9 (IRVML)
അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പ് പുറപ്പെട്ടു; അത് തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന് നേരെയും ഏറ്റവും വലുതായിത്തീർന്നു.
ദാനീയേൽ 8 : 10 (IRVML)
അത് ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു.
ദാനീയേൽ 8 : 11 (IRVML)
അത് സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ ഉയർത്തി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കുകയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളയുകയും ചെയ്തു.
ദാനീയേൽ 8 : 12 (IRVML)
അതിക്രമം നിമിത്തം നിരന്തരഹോമയാഗത്തിനെതിരെ ഒരു സേന നിയമിക്കപ്പെടും; അത് സത്യം നിലത്ത് തള്ളിയിട്ടു.അവൻ ഇതെല്ലാം നടത്തി വിജയിക്കുകയും ചെയ്യും.
ദാനീയേൽ 8 : 13 (IRVML)
അനന്തരം ഒരു വിശുദ്ധദൂതൻ സംസാരിക്കുന്നത് ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധദൂതനോട് മറ്റൊരു ദൂതൻ: “വിശുദ്ധമന്ദിരത്തെയും സേനയെയും ചവിട്ടിക്കളയേണ്ടതിന് ഏല്പിച്ചുകൊടുക്കുവാൻ തക്കവിധം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദർശനത്തിൽ കണ്ടത് എത്ര കാലത്തേക്കുള്ളതാണ്” എന്ന് ചോദിച്ചു.
ദാനീയേൽ 8 : 14 (IRVML)
അതിന് അവൻ മറ്റെ ദൂതനോട്: “രണ്ടായിരത്തിമുന്നൂറ് സന്ധ്യകളും ഉഷസ്സുകളും തികയുവോളം തന്നെ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.”
ദാനീയേൽ 8 : 15 (IRVML)
എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ട് അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നത് കണ്ടു.
ദാനീയേൽ 8 : 16 (IRVML)
“ഗബ്രീയേലേ, ഇവന് ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്കുക” എന്ന് ഊലായിതീരത്തുനിന്ന് വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.
ദാനീയേൽ 8 : 17 (IRVML)
അപ്പോൾ ഞാൻ നിന്നിടത്ത് അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോട്: “മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു” എന്ന് പറഞ്ഞു.
ദാനീയേൽ 8 : 18 (IRVML)
അവൻ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഗാഢനിദ്രയിലായി നിലത്ത് കവിണ്ണു വീണു; അവൻ എന്നെ തൊട്ട് എഴുന്നേല്പിച്ചുനിർത്തി.
ദാനീയേൽ 8 : 19 (IRVML)
പിന്നെ അവൻ പറഞ്ഞത്: “ക്രോധത്തിന്റെ അവസാന കാലത്ത് സംഭവിക്കുവാനിരിക്കുന്നത് ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അത് അന്ത്യകാലത്തേക്കുള്ളതാണല്ലോ.
ദാനീയേൽ 8 : 20 (IRVML)
നീ കണ്ട രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.
ദാനീയേൽ 8 : 21 (IRVML)
പരുക്കനായ കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവും ആകുന്നു.
ദാനീയേൽ 8 : 22 (IRVML)
അത് തകർന്ന ശേഷം അതിന്റെ സ്ഥാനത്ത് നാലു കൊമ്പുകൾ മുളച്ചതോ, നാലു രാജ്യങ്ങൾ ആ രാജ്യത്തിൽനിന്ന് ഉത്ഭവിക്കും; അത്രത്തോളം ശക്തിയുള്ളവ അല്ലതാനും.
ദാനീയേൽ 8 : 23 (IRVML)
എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്ത് അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ള ഒരു രാജാവ് എഴുന്നേല്ക്കും.
ദാനീയേൽ 8 : 24 (IRVML)
അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കുകയും കൃതാർത്ഥനായിത്തീരുകയും ചെയ്യും.അവൻ വീരന്മാരെയും വിശുദ്ധജനത്തെയും നശിപ്പിക്കുകയും ചെയ്യും.
ദാനീയേൽ 8 : 25 (IRVML)
അവൻ നയതന്ത്രത്താൽ തന്റെ ഭരണകാലത്ത് വഞ്ചന വളർത്തുകയും ഹൃദയത്തിൽ നിഗളിച്ച്, മുന്നറിയിപ്പില്ലാതെ പലരെയും നശിപ്പിക്കുകയും കർത്താധികർത്താവിനോട് എതിർത്ത് നില്ക്കുകയും ചെയ്യും.എന്നാൽ അവൻ മാനുഷകരങ്ങളാൽ അല്ലാതെ തകർന്നുപോകുകയും ചെയ്യും.
ദാനീയേൽ 8 : 26 (IRVML)
സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ച് പറഞ്ഞുതന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അത് മുദ്രവയ്ക്കുക.
ദാനീയേൽ 8 : 27 (IRVML)
എന്നാൽ ദാനീയേലെന്ന ഞാൻ ബോധരഹിതനായി, കുറെ ദിവസങ്ങൾ രോഗിയായിക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റ് രാജാവിന്റെ കാര്യാദികൾ നോക്കി; ഞാൻ ദർശനത്തെക്കുറിച്ച് വിസ്മയിച്ചു; ആർക്കും അത് മനസ്സിലായില്ലതാനും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27