ആവർത്തനം 1 : 1 (IRVML)
സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ മരുഭൂമിയിലുള്ള അരാബയിൽവെച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ:
ആവർത്തനം 1 : 2 (IRVML)
സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്.
ആവർത്തനം 1 : 3 (IRVML)
നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോട് കല്പിച്ചതുപോലെ പറഞ്ഞു തുടങ്ങി.
ആവർത്തനം 1 : 4 (IRVML)
ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ വസിച്ചിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവച്ച് സംഹരിച്ചശേഷം
ആവർത്തനം 1 : 5 (IRVML)
യോർദ്ദാന് അക്കരെ മോവാബ് ദേശത്തുവച്ച് മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയത് എങ്ങനെയെന്നാൽ:
ആവർത്തനം 1 : 6 (IRVML)
ഹോരേബിൽവച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ ഈ പർവ്വതത്തിൽ വസിച്ചത് മതി.
ആവർത്തനം 1 : 7 (IRVML)
തിരിഞ്ഞ് യാത്രചെയ്ത് അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടൽക്കര തുടങ്ങിയ കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് എന്ന മഹാനദിവരെയും പോകുവിൻ.
ആവർത്തനം 1 : 8 (IRVML)
ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങൾ കടന്നുചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശം കൈവശമാക്കുവിൻ.
ആവർത്തനം 1 : 9 (IRVML)
അക്കാലത്ത് ഞാൻ നിങ്ങളോട് പറഞ്ഞത്: “എനിക്ക് തനിയെ നിങ്ങളെ വഹിക്കുവാൻ കഴിയുകയില്ല.
ആവർത്തനം 1 : 10 (IRVML)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അസംഖ്യം ആയിരിക്കുന്നു.
ആവർത്തനം 1 : 11 (IRVML)
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
ആവർത്തനം 1 : 12 (IRVML)
ഞാൻ ഏകനായി നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?
ആവർത്തനം 1 : 13 (IRVML)
ഓരോ ഗോത്രത്തിൽനിന്നും ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുവിൻ; അവരെ ഞാൻ നിങ്ങൾക്ക് തലവന്മാരാക്കും.“
ആവർത്തനം 1 : 14 (IRVML)
അതിന് നിങ്ങൾ എന്നോട്: “നീ പറഞ്ഞ കാര്യം നല്ലത്” എന്ന് ഉത്തരം പറഞ്ഞു.
ആവർത്തനം 1 : 15 (IRVML)
ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കും നൂറുപേർക്കും അമ്പതുപേർക്കും പത്തുപേർക്കും അധിപതിമാരും തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
ആവർത്തനം 1 : 16 (IRVML)
അന്ന് ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ സഹോദരന്മാരിൽ ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല വ്യവഹാരവും ഉണ്ടായാൽ അത് കേട്ട് നീതിയോടെ വിധിക്കുവിൻ.
ആവർത്തനം 1 : 17 (IRVML)
ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതാണല്ലോ? നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കാം
ആവർത്തനം 1 : 18 (IRVML)
അങ്ങനെ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ അക്കാലത്ത് നിങ്ങളോട് കല്പിച്ചുവല്ലോ.
ആവർത്തനം 1 : 19 (IRVML)
പിന്നെ, നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്ന് പുറപ്പെട്ടശേഷം, നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് കാദേശ്ബർന്നേയയിൽ എത്തി.
ആവർത്തനം 1 : 20 (IRVML)
അപ്പോൾ ഞാൻ നിങ്ങളോട്: “നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.
ആവർത്തനം 1 : 21 (IRVML)
ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അത് കൈവശമാക്കിക്കൊള്ളുക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത്” എന്ന് പറഞ്ഞു.
ആവർത്തനം 1 : 22 (IRVML)
എന്നാൽ നിങ്ങൾ എല്ലാവരും അടുത്തുവന്ന്: “നാം ചില ആളുകളെ മുമ്പേ അയക്കുക; അവർ ദേശം ഒറ്റുനോക്കി, നാം പോകേണ്ടതിന് ഏറ്റവും നല്ല വഴി ഏതെന്നും അവിടെയുള്ള പട്ടണങ്ങൾ എങ്ങനെ ഉണ്ടെന്നും വർത്തമാനം കൊണ്ടുവരട്ടെ” എന്ന് പറഞ്ഞു.
ആവർത്തനം 1 : 23 (IRVML)
ആ പദ്ധതി എനിക്ക് സ്വീകാര്യമായി തോന്നി; ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്ന് തിരഞ്ഞെടുത്തു.
ആവർത്തനം 1 : 24 (IRVML)
അവർ പുറപ്പെട്ട് പർവ്വതത്തിൽ കയറി എസ്കോൽതാഴ്വര വരെ ചെന്ന് ദേശം ഒറ്റുനോക്കി.
ആവർത്തനം 1 : 25 (IRVML)
ദേശത്തിലെ ചില ഫലങ്ങൾ അവർ നമ്മുടെ അടുക്കൽ കൊണ്ടുവന്ന്, വർത്തമാനമെല്ലാം അറിയിച്ചു; ‘നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന ദേശം നല്ലത്’ എന്ന് പറഞ്ഞു.
ആവർത്തനം 1 : 26 (IRVML)
എന്നാൽ ആ ദേശത്തേക്ക് പോകുവാൻ നിങ്ങൾക്ക് മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ നിരസിച്ചു.
ആവർത്തനം 1 : 27 (IRVML)
“യഹോവ നമ്മെ വെറുക്കുന്നതുകൊണ്ട് അമോര്യരുടെ കയ്യിൽ ഏല്പിച്ച് നശിപ്പിക്കേണ്ടതിന് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്നിരിക്കുന്നു.
ആവർത്തനം 1 : 28 (IRVML)
എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? അവിടെയുള്ള ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു” എന്ന് പറഞ്ഞു.ഇങ്ങനെ നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ക്ഷീണിപ്പിച്ചിരിക്കുന്നു എന്ന് നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ച് പിറുപിറുത്തു.
ആവർത്തനം 1 : 29 (IRVML)
അപ്പോൾ ഞാൻ നിങ്ങളോട്: “നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.
ആവർത്തനം 1 : 30 (IRVML)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ ഈജിപ്റ്റിലും മരുഭൂമിയിലും ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി ഇനിയും യുദ്ധം ചെയ്യും.
ആവർത്തനം 1 : 31 (IRVML)
ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ നടന്ന് ഈ സ്ഥലത്ത് എത്തുവോളം എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്ന് നിങ്ങൾ കണ്ടുവല്ലോ“ എന്ന് പറഞ്ഞു.
ആവർത്തനം 1 : 32 (IRVML)
ഇങ്ങനെയെല്ലാമായിട്ടും, പാളയമിറങ്ങേണ്ടതിന് നിങ്ങൾക്ക് സ്ഥലം അന്വേഷിക്കുവാനും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരുവാനും
ആവർത്തനം 1 : 33 (IRVML)
രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക് മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
ആവർത്തനം 1 : 34 (IRVML)
ആകയാൽ യഹോവ നിങ്ങളുടെ വാക്ക് കേട്ട് കോപിച്ചു:
ആവർത്തനം 1 : 35 (IRVML)
ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യം ചെയ്ത നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
ആവർത്തനം 1 : 36 (IRVML)
യെഫുന്നെയുടെ മകനായ കാലേബ് മാത്രം അത് കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവന്റെ കാൽ ചവിട്ടിയ ദേശം ഞാൻ കൊടുക്കുകയും ചെയ്യുമെന്ന് സത്യം ചെയ്ത് കല്പിച്ചു.
ആവർത്തനം 1 : 37 (IRVML)
യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ച് കല്പിച്ചത്: “നീയും അവിടെ ചെല്ലുകയില്ല.
ആവർത്തനം 1 : 38 (IRVML)
നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അത് കൈവശമാക്കിക്കൊടുക്കേണ്ടത്.
ആവർത്തനം 1 : 39 (IRVML)
ശത്രുവിന് കൊള്ളയാകുമെന്ന് നിങ്ങൾ പറഞ്ഞ, ഇന്നു ഗുണദോഷങ്ങൾ തിരിച്ചറിയാത്ത നിങ്ങളുടെ കുഞ്ഞുങ്ങൾ, അവിടെ ചെല്ലും; അവർക്കു ഞാൻ അത് കൊടുക്കും; അവർ അത് കൈവശമാക്കും.
ആവർത്തനം 1 : 40 (IRVML)
നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര ചെയ്യുവിൻ.
ആവർത്തനം 1 : 41 (IRVML)
അതിന് നിങ്ങൾ എന്നോട്: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധം ചെയ്യും” എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ അവനവന്റെ യുദ്ധായുധം ധരിച്ച് പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.
ആവർത്തനം 1 : 42 (IRVML)
എന്നാൽ യഹോവ എന്നോട്: “നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോട് നിങ്ങൾ തോറ്റുപോകും“ എന്ന് അവരോട് പറയുക എന്ന് കല്പിച്ചു.
ആവർത്തനം 1 : 43 (IRVML)
അങ്ങനെ ഞാൻ നിങ്ങളോട് പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന നിരസിച്ച് അഹങ്കാരത്തോടെ പർവ്വതത്തിൽ കയറി.
ആവർത്തനം 1 : 44 (IRVML)
ആ പർവ്വതത്തിൽ താമസിച്ചിരുന്ന അമോര്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്ന് തേനീച്ചപോലെ നിങ്ങളെ പിന്തുടർന്ന്, സേയീരിൽ ഹൊർമ്മാവരെ ചിതറിച്ചുകളഞ്ഞു.
ആവർത്തനം 1 : 45 (IRVML)
നിങ്ങൾ മടങ്ങിവന്ന് യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷയ്ക്ക് ചെവി തന്നതുമില്ല.
ആവർത്തനം 1 : 46 (IRVML)
അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46