സഭാപ്രസംഗി 12 : 1 (IRVML)
യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക; ദുർദ്ദിവസങ്ങൾ വരുകയും ‘എനിക്ക് ഇഷ്ടമില്ല’ എന്ന് നീ പറയുന്ന കാലം സമീപിക്കുന്നതിന് മുമ്പ്,
സഭാപ്രസംഗി 12 : 2 (IRVML)
സൂര്യന്റെ വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരുകയും ചെയ്യുന്നതിനു മുമ്പു തന്നെ.
സഭാപ്രസംഗി 12 : 3 (IRVML)
അന്ന് വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും.
സഭാപ്രസംഗി 12 : 4 (IRVML)
തെരുവിലെ കതകുകൾ അടയും; അരയ്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും;
സഭാപ്രസംഗി 12 : 5 (IRVML)
അന്ന് അവർ കയറ്റം പേടിക്കും; വഴിയിൽ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; മോഹങ്ങൾ അസ്തമിക്കും. മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.
സഭാപ്രസംഗി 12 : 6 (IRVML)
അന്ന് വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിടത്തിലെ കുടം ഉടയും; കിണറ്റിലെ ചക്രം തകരും.
സഭാപ്രസംഗി 12 : 7 (IRVML)
പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകും.
സഭാപ്രസംഗി 12 : 8 (IRVML)
ഹാ മായ, മായ, സകലവും മായ തന്നെ എന്ന് സഭാപ്രസംഗി പറയുന്നു.
സഭാപ്രസംഗി 12 : 9 (IRVML)
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കുകയും, ചിന്തിച്ചും പരിശോധിച്ചും അനേകം സദൃശവാക്യങ്ങൾ രചിക്കുകയും ചെയ്തു.
സഭാപ്രസംഗി 12 : 10 (IRVML)
ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.
സഭാപ്രസംഗി 12 : 11 (IRVML)
ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു.
സഭാപ്രസംഗി 12 : 12 (IRVML)
എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊള്ളുക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നെ.
സഭാപ്രസംഗി 12 : 13 (IRVML)
എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിച്ചുകൊള്ളുക; അതാകുന്നു സകല മനുഷ്യർക്കും വേണ്ടത്.
സഭാപ്രസംഗി 12 : 14 (IRVML)
ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തികളെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14