സഭാപ്രസംഗി 3 : 1 (IRVML)
എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴിലുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ട്.
സഭാപ്രസംഗി 3 : 2 (IRVML)
ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം;
സഭാപ്രസംഗി 3 : 3 (IRVML)
ഇടിച്ചുകളയുവാൻ ഒരു കാലം, പണിയുവാൻ ഒരുകാലം,
സഭാപ്രസംഗി 3 : 4 (IRVML)
കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരുകാലം; വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം;
സഭാപ്രസംഗി 3 : 5 (IRVML)
കല്ലു പെറുക്കിക്കളയുവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്യുവാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാൻ ഒരു കാലം;
സഭാപ്രസംഗി 3 : 6 (IRVML)
സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം; സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം;
സഭാപ്രസംഗി 3 : 7 (IRVML)
കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം; മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം;
സഭാപ്രസംഗി 3 : 8 (IRVML)
സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.
സഭാപ്രസംഗി 3 : 9 (IRVML)
പ്രയത്നിക്കുന്നവന് തന്റെ പ്രയത്നംകൊണ്ട് എന്ത് ലാഭം?
സഭാപ്രസംഗി 3 : 10 (IRVML)
ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്ന കഷ്ടപ്പാട് ഞാൻ കണ്ടിട്ടുണ്ട്.
സഭാപ്രസംഗി 3 : 11 (IRVML)
അവൻ സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്ത്, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ഗ്രഹിക്കുവാൻ അവർക്കു കഴിവില്ല.
സഭാപ്രസംഗി 3 : 12 (IRVML)
ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കില്ല എന്നു ഞാൻ അറിയുന്നു.
സഭാപ്രസംഗി 3 : 13 (IRVML)
ഏതു മനുഷ്യനും തിന്നു കുടിച്ച് തന്റെ സകലപ്രയത്നത്താലും സുഖം അനുഭവിക്കുന്നത് ദൈവത്തിന്റെ ദാനം ആകുന്നു.
സഭാപ്രസംഗി 3 : 14 (IRVML)
ദൈവം പ്രവർത്തിക്കുന്നതെല്ലാം ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറയ്ക്കുവാനും കഴിയുന്നതല്ല; മനുഷ്യർ, തന്നെ ഭയപ്പെടേണ്ടതിന് ദൈവം അത് ചെയ്തിരിക്കുന്നു.
സഭാപ്രസംഗി 3 : 15 (IRVML)
ഇപ്പോഴുള്ളത് പണ്ടുണ്ടായിരുന്നു; ഇനി ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
സഭാപ്രസംഗി 3 : 16 (IRVML)
പിന്നെയും ഞാൻ സൂര്യനു കീഴിലുള്ള ന്യായത്തിന്റെ സ്ഥലത്ത് ന്യായക്കേടും നീതിയുടെ സ്ഥലത്ത് നീതികേടും കണ്ടു.
സഭാപ്രസംഗി 3 : 17 (IRVML)
ഞാൻ എന്റെ മനസ്സിൽ: “ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിനും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ” എന്നു വിചാരിച്ചു.
സഭാപ്രസംഗി 3 : 18 (IRVML)
പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്ന് അവർ കാണേണ്ടതിനും തന്നെ.”
സഭാപ്രസംഗി 3 : 19 (IRVML)
മനുഷ്യർക്കു ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
സഭാപ്രസംഗി 3 : 20 (IRVML)
എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്ത്തീരുന്നു.
സഭാപ്രസംഗി 3 : 21 (IRVML)
മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?
സഭാപ്രസംഗി 3 : 22 (IRVML)
അതുകൊണ്ട് മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്ന് ഞാൻ കണ്ടു; അതു തന്നെ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാകാനിരിക്കുന്നതു കാണുവാൻ ആര് അവനെ മടക്കിവരുത്തും?
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22