സഭാപ്രസംഗി 4 : 1 (IRVML)
പിന്നെ ഞാൻ സൂര്യനു കീഴിൽ നടക്കുന്ന പീഡനങ്ങളെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും അവരെ ആശ്വസിപ്പിക്കാൻ ആരും അവർക്കില്ല.
സഭാപ്രസംഗി 4 : 2 (IRVML)
ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്നവരെക്കാൾ മുമ്പെ തന്നെ മരിച്ചുപോയ മൃതന്മാരെ ഞാൻ പ്രശംസിച്ചു.
സഭാപ്രസംഗി 4 : 3 (IRVML)
ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.
സഭാപ്രസംഗി 4 : 4 (IRVML)
സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്ന് ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
സഭാപ്രസംഗി 4 : 5 (IRVML)
മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വന്തമാംസം തിന്നുന്നു.
സഭാപ്രസംഗി 4 : 6 (IRVML)
രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
സഭാപ്രസംഗി 4 : 7 (IRVML)
ഞാൻ പിന്നെയും സൂര്യനു കീഴിൽ മായ കണ്ടു.
സഭാപ്രസംഗി 4 : 8 (IRVML)
ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ട് തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
സഭാപ്രസംഗി 4 : 9 (IRVML)
ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
സഭാപ്രസംഗി 4 : 10 (IRVML)
വീണാൽ ഒരുവൻ മറ്റവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!
സഭാപ്രസംഗി 4 : 11 (IRVML)
രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരാൾ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
സഭാപ്രസംഗി 4 : 12 (IRVML)
ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകുകയില്ല.
സഭാപ്രസംഗി 4 : 13 (IRVML)
പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ.
സഭാപ്രസംഗി 4 : 14 (IRVML)
അവൻ മറ്റൊരു രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു.
സഭാപ്രസംഗി 4 : 15 (IRVML)
സൂര്യനുകീഴിൽ സഞ്ചരിക്കുന്ന ജീവനുള്ളവർ എല്ലം രാജാവിനു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം ചേർന്നിരിക്കുന്നത് ഞാൻ കണ്ടു.
സഭാപ്രസംഗി 4 : 16 (IRVML)
അവൻ അസംഖ്യജനത്തിന് തലവനായിരുന്നു; എങ്കിലും പിന്നീട് വരുന്നവർ അവനിൽ സന്തോഷിക്കുകയില്ല. അതും മായയും വൃഥാപ്രയത്നവും തന്നെ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16