എസ്ഥേർ 5 : 1 (IRVML)
മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു.
എസ്ഥേർ 5 : 2 (IRVML)
എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.
എസ്ഥേർ 5 : 3 (IRVML)
രാജാവു അവളോട്: “എസ്ഥേർരാജ്ഞിയേ, എന്ത് വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പകുതി വേണമെങ്കിലും നിനക്ക് തരാം” എന്ന് പറഞ്ഞു.
എസ്ഥേർ 5 : 4 (IRVML)
അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളം ഉണ്ടായിട്ട് ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് രാജാവും ഹാമാനും ഇന്ന് വരേണം” എന്ന് അപേക്ഷിച്ചു.
എസ്ഥേർ 5 : 5 (IRVML)
“എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുവാൻ ഹാമാനെ വേഗം വരുത്തുവിൻ” എന്ന് രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന് ചെന്നു.
എസ്ഥേർ 5 : 6 (IRVML)
വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: “നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പകുതി ആണെങ്കിലും അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
എസ്ഥേർ 5 : 7 (IRVML)
അതിന് എസ്ഥേർ: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:
എസ്ഥേർ 5 : 8 (IRVML)
രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം സാധിച്ചുതരുവാനും രാജാവിന് തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന് വരേണം; നാളെ ഞാൻ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം” എന്ന് പറഞ്ഞു.
എസ്ഥേർ 5 : 9 (IRVML)
അന്ന് ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതില്ക്കൽ മൊർദ്ദെഖായി എഴുന്നേല്ക്കാതെയും ഭയപ്പെടാതെയും ഇരിക്കുന്നത് കണ്ട് ഹാമാന് മൊർദ്ദെഖായിയുടെ നേരെ കോപം ഉണ്ടായി.
എസ്ഥേർ 5 : 10 (IRVML)
എങ്കിലും ഹാമാൻ സ്വയം നിയന്ത്രിച്ചുകൊണ്ട് തന്റെ വീട്ടിൽ ചെന്ന് സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
എസ്ഥേർ 5 : 11 (IRVML)
ഹാമാൻ അവരോട് തന്റെ ധനസമ്പത്തും പുത്രസമ്പത്തും രാജാവ് തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മുകളിലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
എസ്ഥേർ 5 : 12 (IRVML)
എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന് എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന് ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
എസ്ഥേർ 5 : 13 (IRVML)
എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല” എന്നും ഹാമാൻ പറഞ്ഞു.
എസ്ഥേർ 5 : 14 (IRVML)
അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോട്: “അമ്പത് മുഴം[* 1 മുഴം = 45 സെന്റി മീറ്റർ ] ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കൊല്ലുവാൻ നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്ക് സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന് പോകാം” എന്ന് പറഞ്ഞു. ഈ കാര്യം ഹാമാന് ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14