പുറപ്പാടു് 14 : 1 (IRVML)
യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ:
പുറപ്പാടു് 14 : 2 (IRVML)
“നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽമക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം.
പുറപ്പാടു് 14 : 3 (IRVML)
എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.
പുറപ്പാടു് 14 : 4 (IRVML)
ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.”
പുറപ്പാടു് 14 : 5 (IRVML)
അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ്?” എന്ന് അവർ പറഞ്ഞു.
പുറപ്പാടു് 14 : 6 (IRVML)
പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി.
പുറപ്പാടു് 14 : 7 (IRVML)
വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി.
പുറപ്പാടു് 14 : 8 (IRVML)
യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
പുറപ്പാടു് 14 : 9 (IRVML)
ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു.
പുറപ്പാടു് 14 : 10 (IRVML)
ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു.
പുറപ്പാടു് 14 : 11 (IRVML)
അവർ മോശെയോട്: “ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്?
പുറപ്പാടു് 14 : 12 (IRVML)
ഈജിപ്റ്റുകാർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു.
പുറപ്പാടു് 14 : 13 (IRVML)
അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല.
പുറപ്പാടു് 14 : 14 (IRVML)
യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.
പുറപ്പാടു് 14 : 15 (IRVML)
അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു: “നീ എന്നോട് നിലവിളിക്കുന്നത് എന്തിന് ? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറയുക.
പുറപ്പാടു് 14 : 16 (IRVML)
വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
പുറപ്പാടു് 14 : 17 (IRVML)
എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽമക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.
പുറപ്പാടു് 14 : 18 (IRVML)
ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.”
പുറപ്പാടു് 14 : 19 (IRVML)
അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു.
പുറപ്പാടു് 14 : 20 (IRVML)
രാത്രി മുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്ത വിധം അത് അവരുടെ മദ്ധ്യേ വന്നു; ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
പുറപ്പാടു് 14 : 21 (IRVML)
മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്ന് രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
പുറപ്പാടു് 14 : 22 (IRVML)
യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
പുറപ്പാടു് 14 : 23 (IRVML)
ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു.
പുറപ്പാടു് 14 : 24 (IRVML)
പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.
പുറപ്പാടു് 14 : 25 (IRVML)
അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ : “നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.
പുറപ്പാടു് 14 : 26 (IRVML)
അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന് കടലിന്മേൽ കൈനീട്ടുക” എന്ന് കല്പിച്ചു.
പുറപ്പാടു് 14 : 27 (IRVML)
മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.
പുറപ്പാടു് 14 : 28 (IRVML)
വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻ പോലും ശേഷിച്ചില്ല.
പുറപ്പാടു് 14 : 29 (IRVML)
യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.
പുറപ്പാടു് 14 : 30 (IRVML)
ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു.
പുറപ്പാടു് 14 : 31 (IRVML)
യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31