പുറപ്പാടു് 16 : 1 (IRVML)
അവർ ഏലീമിൽനിന് യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.
പുറപ്പാടു് 16 : 2 (IRVML)
ആ മരുഭൂമിയിൽവച്ച് യിസ്രായേൽമക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു.
പുറപ്പാടു് 16 : 3 (IRVML)
യിസ്രായേൽമക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്റ്റിൽ വച്ച് യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 4 (IRVML)
അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്ന് ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് ശേഖരിക്കട്ടെ.
പുറപ്പാടു് 16 : 5 (IRVML)
എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടി കാണും” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 16 : 6 (IRVML)
മോശെയും അഹരോനും യിസ്രായേൽമക്കളോട് : “നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്ന് ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും.
പുറപ്പാടു് 16 : 7 (IRVML)
പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്? ” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 8 (IRVML)
മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ ” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 9 (IRVML)
അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്ന് യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറയുക” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 10 (IRVML)
അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു.
പുറപ്പാടു് 16 : 11 (IRVML)
യഹോവ മോശെയോട് : “യിസ്രായേൽമക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.
പുറപ്പാടു് 16 : 12 (IRVML)
നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയും എന്ന് പറയുക” എന്ന് കല്പിച്ചു.
പുറപ്പാടു് 16 : 13 (IRVML)
വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്റെ ചുറ്റും മഞ്ഞ് വീണുകിടന്നു.
പുറപ്പാടു് 16 : 14 (IRVML)
വീണുകിടന്ന മഞ്ഞ് മാറിയ ശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽ പോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു.
പുറപ്പാടു് 16 : 15 (IRVML)
യിസ്രായേൽമക്കൾ അത് കണ്ടപ്പോൾ എന്താണ് എന്ന് അറിയാഞ്ഞതുകൊണ്ട് “ഇതെന്ത് ” എന്ന് തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
പുറപ്പാടു് 16 : 16 (IRVML)
ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം ശേഖരിക്കുവിൻ; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് [* ഇടങ്ങഴി = ഒരു ലിറ്ററിനേക്കാൾ അല്പം കൂടുതൽ ]ഇടങ്ങഴിവീതം എടുത്തുകൊള്ളണം എന്ന് യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 17 (IRVML)
യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി.
പുറപ്പാടു് 16 : 18 (IRVML)
[† ഇടങ്ങഴി = അളവുപാത്രം ]ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
പുറപ്പാടു് 16 : 19 (IRVML)
“പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്ന് മോശെ പറഞ്ഞു.
പുറപ്പാടു് 16 : 20 (IRVML)
എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു.
പുറപ്പാടു് 16 : 21 (IRVML)
അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും.
പുറപ്പാടു് 16 : 22 (IRVML)
എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു.
പുറപ്പാടു് 16 : 23 (IRVML)
അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.”
പുറപ്പാടു് 16 : 24 (IRVML)
മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച് വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല.
പുറപ്പാടു് 16 : 25 (IRVML)
അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല.
പുറപ്പാടു് 16 : 26 (IRVML)
ആറ് ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.”
പുറപ്പാടു് 16 : 27 (IRVML)
എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല.
പുറപ്പാടു് 16 : 28 (IRVML)
അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്രനാൾ മനസ്സില്ലാതെയിരിക്കും?
പുറപ്പാടു് 16 : 29 (IRVML)
നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ട് ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്ന് കല്പിച്ചു.
പുറപ്പാടു് 16 : 30 (IRVML)
അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
പുറപ്പാടു് 16 : 31 (IRVML)
യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്ന് പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു.
പുറപ്പാടു് 16 : 32 (IRVML)
പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു : ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 33 (IRVML)
അഹരോനോട് മോശെ: “ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്ന് പറഞ്ഞു.
പുറപ്പാടു് 16 : 34 (IRVML)
യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു.
പുറപ്പാടു് 16 : 35 (IRVML)
താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.
പുറപ്പാടു് 16 : 36 (IRVML)
ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ) യുടെ പത്തിൽ ഒന്ന് ആകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36