പുറപ്പാടു് 18 : 1 (IRVML)
ദൈവം മോശെയ്ക്കും തന്റെ ജനമായ യിസ്രായേലിനും വേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു.
പുറപ്പാടു് 18 : 2 (IRVML)
അപ്പോൾ മോശെയുടെ അമ്മായിയപ്പനായ യിത്രോ, മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ട് പുത്രന്മാരെയും കൂട്ടിക്കൊണ്ട് പുറപ്പെട്ടു.
പുറപ്പാടു് 18 : 3 (IRVML)
ഞാൻ അന്യദേശത്ത് പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരു മകന് ഗേർഷോം എന്ന് പേരിട്ടു.
പുറപ്പാടു് 18 : 4 (IRVML)
എന്റെ പിതാവിന്റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ എന്ന് പേരിട്ടു.
പുറപ്പാടു് 18 : 5 (IRVML)
എന്നാൽ മോശെയുടെ അമ്മായിയപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടി, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ, ദൈവത്തിന്റെ പർവ്വതത്തിൽ, അവന്റെ അടുക്കൽ വന്നു.
പുറപ്പാടു് 18 : 6 (IRVML)
നിന്റെ അമ്മായിയപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോട് പറയിച്ചു.
പുറപ്പാടു് 18 : 7 (IRVML)
മോശെ തന്റെ അമ്മായിയപ്പനെ എതിരേല്പാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്ത് കൂടാരത്തിൽ വന്നു.
പുറപ്പാടു് 18 : 8 (IRVML)
മോശെ തന്റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിന് വേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്തതും വഴിയിൽ അവർക്കു നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു.
പുറപ്പാടു് 18 : 9 (IRVML)
യഹോവ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു.
പുറപ്പാടു് 18 : 10 (IRVML)
യിത്രോ പറഞ്ഞത്: “നിങ്ങളെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ച് അവരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
പുറപ്പാടു് 18 : 11 (IRVML)
യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു.കാരണം ഈജിപ്റ്റുകാർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്റെ ജനത്തെ വിടുവിച്ചു.
പുറപ്പാടു് 18 : 12 (IRVML)
മോശെയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഹോമയാഗവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്ന് മോശെയുടെ അമ്മായിയപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
പുറപ്പാടു് 18 : 13 (IRVML)
പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.
പുറപ്പാടു് 18 : 14 (IRVML)
അവൻ ജനത്തിനു വേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നില്ക്കുകയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു.
പുറപ്പാടു് 18 : 15 (IRVML)
മോശെ തന്റെ അമ്മായിയപ്പനോട് : “ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്റെ അടുക്കൽ വരുന്നു.
പുറപ്പാടു് 18 : 16 (IRVML)
അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്ന് പറഞ്ഞു.
പുറപ്പാടു് 18 : 17 (IRVML)
അതിന് മോശെയുടെ അമ്മായിയപ്പൻ അവനോടു പറഞ്ഞത്:
പുറപ്പാടു് 18 : 18 (IRVML)
“നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടിയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്ക് കഴിയുന്നതല്ല.
പുറപ്പാടു് 18 : 19 (IRVML)
ആകയാൽ എന്റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.
പുറപ്പാടു് 18 : 20 (IRVML)
അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക.
പുറപ്പാടു് 18 : 21 (IRVML)
അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക.
പുറപ്പാടു് 18 : 22 (IRVML)
അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്ക് ഭാരം കുറയും.
പുറപ്പാടു് 18 : 23 (IRVML)
നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്ക് നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം.”
പുറപ്പാടു് 18 : 24 (IRVML)
മോശെ തന്റെ അമ്മായിയപ്പന്റെ വാക്ക് കേട്ട്, അവൻ പറഞ്ഞതുപോലെ എല്ലാം ചെയ്തു.
പുറപ്പാടു് 18 : 25 (IRVML)
മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും നൂറുപേർക്ക് അധിപതിമാരായും അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും ജനത്തിന് തലവന്മാരാക്കി.
പുറപ്പാടു് 18 : 26 (IRVML)
അവർ എല്ലാസമയത്തും ജനത്തിന് ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം അവർ തന്നെ തീർക്കും.
പുറപ്പാടു് 18 : 27 (IRVML)
അതിന്റെ ശേഷം മോശെ തന്റെ അമ്മായിയപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.
❮
❯