പുറപ്പാടു് 23 : 1 (IRVML)
നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്.
പുറപ്പാടു് 23 : 2 (IRVML)
ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.
പുറപ്പാടു് 23 : 3 (IRVML)
ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്.
പുറപ്പാടു് 23 : 4 (IRVML)
നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ എത്തിക്കണം.
പുറപ്പാടു് 23 : 5 (IRVML)
നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിയ്ക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കണം.
പുറപ്പാടു് 23 : 6 (IRVML)
ദരിദ്രന്റെ വ്യവഹാരത്തിൽ അവന് നീതി നിഷേധിക്കരുത്.
പുറപ്പാടു് 23 : 7 (IRVML)
തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ.
പുറപ്പാടു് 23 : 8 (IRVML)
കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് നീ കൈക്കൂലി വാങ്ങരുത്.
പുറപ്പാടു് 23 : 9 (IRVML)
പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ ഈജിപ്റ്റിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
പുറപ്പാടു് 23 : 10 (IRVML)
ആറ് വർഷം നിന്റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക.
പുറപ്പാടു് 23 : 11 (IRVML)
ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അതിൽ നിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക.
പുറപ്പാടു് 23 : 12 (IRVML)
ആറ് ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കണം.
പുറപ്പാടു് 23 : 13 (IRVML)
ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്റെ വായിൽനിന്ന് കേൾക്കുകയും അരുത്.
പുറപ്പാടു് 23 : 14 (IRVML)
വർഷത്തിൽ മൂന്ന് പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കണം.
പുറപ്പാടു് 23 : 15 (IRVML)
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട് പോന്നത്. എന്നാൽ വെരും കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.
പുറപ്പാടു് 23 : 16 (IRVML)
വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽ നിന്ന് നിന്റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കണം.
പുറപ്പാടു് 23 : 17 (IRVML)
വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരണം.
പുറപ്പാടു് 23 : 18 (IRVML)
യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്.
പുറപ്പാടു് 23 : 19 (IRVML)
നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ ഏറ്റവും നല്ലഫലങ്ങൾ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
പുറപ്പാടു് 23 : 20 (IRVML)
ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.
പുറപ്പാടു് 23 : 21 (IRVML)
നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കണം; അവനെ പ്രകോപിപ്പിക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല;
പുറപ്പാടു് 23 : 22 (IRVML)
എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
പുറപ്പാടു് 23 : 23 (IRVML)
എന്റെ ദൂതൻ നിനക്ക് മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.
പുറപ്പാടു് 23 : 24 (IRVML)
അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയണം.
പുറപ്പാടു് 23 : 25 (IRVML)
നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും.
പുറപ്പാടു് 23 : 26 (IRVML)
ഗർഭം അലസുന്നവളും [* മച്ചി = പ്രസവിക്കാൻ കഴിയാത്ത സ്ത്രീ ]മച്ചിയും നിന്റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്ക് ഞാൻ ദീർഘായുസ്സ് തരും.
പുറപ്പാടു് 23 : 27 (IRVML)
എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജാതികളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും.
പുറപ്പാടു് 23 : 28 (IRVML)
നിന്റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്ക് മുമ്പായി കടന്നലിനെ അയയ്ക്കും.
പുറപ്പാടു് 23 : 29 (IRVML)
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്ക് ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയുകയില്ല.
പുറപ്പാടു് 23 : 30 (IRVML)
നീ സന്താനസമ്പന്നരായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയും.
പുറപ്പാടു് 23 : 31 (IRVML)
ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിയ്ക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയണം.
പുറപ്പാടു് 23 : 32 (IRVML)
അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്.
പുറപ്പാടു് 23 : 33 (IRVML)
നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്ക് കെണിയായി തീരും.
❮
❯