പുറപ്പാടു് 3 : 1 (IRVML)
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ട് ചെന്നു.അങ്ങനെ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ എത്തി.
പുറപ്പാടു് 3 : 2 (IRVML)
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു.
പുറപ്പാടു് 3 : 3 (IRVML)
“മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്ന് ഞാൻ ചെന്ന് നോക്കട്ടെ” എന്ന് മോശെ പറഞ്ഞു.
പുറപ്പാടു് 3 : 4 (IRVML)
അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്ന്, അവനെ “മോശെ, മോശെ” എന്ന് വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്ന് പറഞ്ഞു.
പുറപ്പാടു് 3 : 5 (IRVML)
അപ്പോൾ അവൻ: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്ന് കല്പിച്ചു.
പുറപ്പാടു് 3 : 6 (IRVML)
“ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി.
പുറപ്പാടു് 3 : 7 (IRVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റിൽ താമസിക്കുന്ന എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
പുറപ്പാടു് 3 : 8 (IRVML)
അവരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
പുറപ്പാടു് 3 : 9 (IRVML)
യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.
പുറപ്പാടു് 3 : 10 (IRVML)
ആകയാൽ വരുക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ ഈജിപ്റ്റിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും.”
പുറപ്പാടു് 3 : 11 (IRVML)
മോശെ ദൈവത്തോട്: “ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് വിടുവിക്കുവാനും ഞാൻ ആര് ?” എന്ന് പറഞ്ഞു.
പുറപ്പാടു് 3 : 12 (IRVML)
അതിന് അവൻ: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 3 : 13 (IRVML)
മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്ന്: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്ന് പറയുമ്പോൾ: ‘അവന്റെ നാമം എന്തെന്ന്’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയണം” എന്ന് ചോദിച്ചു.
പുറപ്പാടു് 3 : 14 (IRVML)
അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോട് പറയണം” എന്ന് കല്പിച്ചു.
പുറപ്പാടു് 3 : 15 (IRVML)
ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.”
പുറപ്പാടു് 3 : 16 (IRVML)
നീ ചെന്ന് യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു.
പുറപ്പാടു് 3 : 17 (IRVML)
ഈജിപ്റ്റിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്ന് പറയുക.
പുറപ്പാടു് 3 : 18 (IRVML)
എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും ഈജിപ്റ്റിലെ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ ചെന്ന് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്ന് പറയുവിൻ.
പുറപ്പാടു് 3 : 19 (IRVML)
എന്നാൽ ഈജിപ്റ്റിലെ രാജാവ് [* ഭുജം = കൈ ]ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്ന് ഞാൻ അറിയുന്നു.
പുറപ്പാടു് 3 : 20 (IRVML)
അതുകൊണ്ട് ഞാൻ എന്റെ കൈ നീട്ടി ഈജിപ്റ്റിന്റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ട് അവരെ ശിക്ഷിക്കും; അതിന്റെ ശേഷം ഈജിപ്റ്റിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും.
പുറപ്പാടു് 3 : 21 (IRVML)
ഞാൻ ഈജിപ്റ്റുകാർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല.
പുറപ്പാടു് 3 : 22 (IRVML)
ഓരോ സ്ത്രീയും തന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും ഈജിപ്റ്റുകാരെ കൊള്ളയിടുകയും വേണം”.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22