പുറപ്പാടു് 32 : 1 (IRVML)
എന്നാൽ മോശെ പർവ്വതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്ന് ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: “നീ എഴുന്നേറ്റ്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കി തരുക; ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്ന മോശെയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 2 (IRVML)
അഹരോൻ അവരോട്: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്ക് അഴിച്ച് എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 3 (IRVML)
ജനം തങ്ങളുടെ കാതുകളിൽ നിന്ന് പൊൻകുണുക്ക് അഴിച്ച് എടുത്ത് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.
പുറപ്പാടു് 32 : 4 (IRVML)
അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി, മൂശയിലുരുക്കി കൊത്തുളികൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: “യിസ്രായേലേ, ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 5 (IRVML)
അഹരോൻ അത് കണ്ടപ്പോൾ അതിന് മുമ്പിൽ ഒരു യാഗപീഠം പണിതു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവം” എന്ന് വിളിച്ചു പറഞ്ഞു.
പുറപ്പാടു് 32 : 6 (IRVML)
പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഉല്ലസിക്കുവാനും തുടങ്ങി.
പുറപ്പാടു് 32 : 7 (IRVML)
അപ്പോൾ യഹോവ മോശെയോട്: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം സ്വയം ദുഷിച്ചിരിക്കുന്നു.
പുറപ്പാടു് 32 : 8 (IRVML)
ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്ന് പറയുന്നു” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 32 : 9 (IRVML)
“ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്ന് കണ്ടു.
പുറപ്പാടു് 32 : 10 (IRVML)
അതുകൊണ്ട് എന്റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.
പുറപ്പാടു് 32 : 11 (IRVML)
എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അങ്ങ് മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തിന് വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്?
പുറപ്പാടു് 32 : 12 (IRVML)
മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്ന് ഈജിപ്റ്റികാരെക്കൊണ്ട് പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്റെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കണമേ.
പുറപ്പാടു് 32 : 13 (IRVML)
നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്ത നാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.”
പുറപ്പാടു് 32 : 14 (IRVML)
അപ്പോൾ യഹോവ തന്റെ ജനത്തിന് വരുത്തും എന്ന് കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു.
പുറപ്പാടു് 32 : 15 (IRVML)
മോശെ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. ആ പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
പുറപ്പാടു് 32 : 16 (IRVML)
പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
പുറപ്പാടു് 32 : 17 (IRVML)
ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 18 (IRVML)
അതിന് അവൻ: “ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമാണ് ഞാൻ കേൾക്കുന്നത്” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 19 (IRVML)
അവൻ പാളയത്തിന് അടുത്തെത്തിയപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു. അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു. അവൻ പലകകളെ കയ്യിൽനിന്ന് എറിഞ്ഞ് പർവ്വതത്തിന്റെ അടിവാരത്തുവച്ച് പൊട്ടിച്ചുകളഞ്ഞു.
പുറപ്പാടു് 32 : 20 (IRVML)
അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
പുറപ്പാടു് 32 : 21 (IRVML)
മോശെ അഹരോനോടു: “ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു.
പുറപ്പാടു് 32 : 22 (IRVML)
അതിന് അഹരോൻ പറഞ്ഞത്: “യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്ക് ചാഞ്ഞിരിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ.
പുറപ്പാടു് 32 : 23 (IRVML)
‘ഞങ്ങളെ നയിക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന മോശെയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് അവർ എന്നോട് പറഞ്ഞു.
പുറപ്പാടു് 32 : 24 (IRVML)
ഞാൻ അവരോട്: ‘പൊന്നുള്ളവർ അത് അഴിച്ചെടുക്കട്ടെ’ എന്ന് പറഞ്ഞു. അവർ അത് എന്റെ പക്കൽ തന്നു; ഞാൻ അത് തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
പുറപ്പാടു് 32 : 25 (IRVML)
അവരുടെ ശത്രുക്കൾക്കു മുമ്പിൽ അവർ പരിഹാസ്യരാകുവാൻ അഹരോൻ അവരെ അനുവദിച്ചതിനാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ട് മോശെ പാളയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു:
പുറപ്പാടു് 32 : 26 (IRVML)
“യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്റെ അടുക്കൽ വരട്ടെ” എന്ന് പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.
പുറപ്പാടു് 32 : 27 (IRVML)
അവൻ അവരോട്: “നിങ്ങൾ ഓരോരുത്തരും അവനവന്റെ വാൾ അരയ്ക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തൻ തന്റെ സഹോദരനെയും, സ്നേഹിതനെയും അയല്ക്കാരനെയും കൊന്നുകളയുവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 28 (IRVML)
മോശെ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അന്ന് ഏകദേശം മൂവായിരം (3000) പേർ വീണു.
പുറപ്പാടു് 32 : 29 (IRVML)
“യഹോവ ഇന്ന് നിങ്ങൾക്ക് അനുഗ്രഹം നല്കേണ്ടതിന് നിങ്ങൾ ഇന്ന് ഓരോരുത്തനും സ്വന്തം മകനും സഹോദരനും വിരോധമായി യഹോവയ്ക്ക് നിങ്ങളെ തന്നേ ഏല്പിച്ചുകൊടുക്കുവിൻ” എന്ന് മോശെ പറഞ്ഞു.
പുറപ്പാടു് 32 : 30 (IRVML)
പിറ്റെന്നാൾ മോശെ: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ എനിക്ക് കഴിഞ്ഞേക്കും” എന്ന് പറഞ്ഞു.
പുറപ്പാടു് 32 : 31 (IRVML)
അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് പറഞ്ഞത് എന്തെന്നാൽ: “അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ട് തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
പുറപ്പാടു് 32 : 32 (IRVML)
എങ്കിലും നീ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയണമേ.
പുറപ്പാടു് 32 : 33 (IRVML)
യഹോവ മോശെയോട്: “എന്നോടു പാപം ചെയ്തവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും.
പുറപ്പാടു് 32 : 34 (IRVML)
ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്ക് ജനത്തെ കൂട്ടിക്കൊണ്ടു പോകുക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 32 : 35 (IRVML)
ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35