പുറപ്പാടു് 33 : 1 (IRVML)
അതിനുശേഷം യഹോവ മോശെയോട് ഇപ്രകാരം കല്പിച്ചു: “നീയും ഈജിപ്റ്റിൽനിന്ന് നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്ന് യാത്രതുടർന്ന് നിന്റെ സന്തതിക്ക് കൊടുക്കുമെന്ന് ഞാൻ അബ്രാഹാമിനോടും യിസ്സഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക്,
പുറപ്പാടു് 33 : 2 (IRVML)
പാലും തേനും ഒഴുകുന്ന ദേശത്തേക്ക് തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്ക് മുമ്പ് അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
പുറപ്പാടു് 33 : 3 (IRVML)
വഴിയിൽവച്ച് ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളുടെ നടുവിൽ നടക്കുകയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.”
പുറപ്പാടു് 33 : 4 (IRVML)
ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
പുറപ്പാടു് 33 : 5 (IRVML)
നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിങ്ങളുടെ നടുവിൽ നടന്നാൽ നിങ്ങളെ സംഹരിച്ചുകളയും; അതുകൊണ്ട് ഞാൻ നിന്നോട് എന്തു ചെയ്യണം എന്നറിയേണ്ടതിന് നീ നിന്റെ ആഭരണം നീക്കിക്കളയുക എന്നിങ്ങനെ യിസ്രായേൽ മക്കളോട് പറയണം എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.
പുറപ്പാടു് 33 : 6 (IRVML)
അങ്ങനെ ഹോരേബ് പർവ്വതത്തിൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
പുറപ്പാടു് 33 : 7 (IRVML)
മോശെ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് പാളയത്തിൽനിന്ന് ദൂരത്ത് അടിച്ചു; അതിന് സമാഗമനകൂടാരം എന്ന് പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പാളയത്തിന് പുറത്തുള്ള സമാഗമനകൂടാരത്തിലേക്ക് ചെന്നു.
പുറപ്പാടു് 33 : 8 (IRVML)
മോശെ കൂടാരത്തിലേക്ക് പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റ് ഒരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽ നിന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ അവനെ നോക്കിക്കൊണ്ടിരുന്നു.
പുറപ്പാടു് 33 : 9 (IRVML)
മോശെ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോട് സംസാരിക്കുകയും ചെയ്തു.
പുറപ്പാടു് 33 : 10 (IRVML)
കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നത് കാണുമ്പോൾ ജനങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരവാതിൽക്കൽ നിന്ന് നമസ്കരിച്ചു.
പുറപ്പാടു് 33 : 11 (IRVML)
തന്റെ സ്നേഹിതനോട് ഒരാൾ സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക് മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന യൗവനക്കാരൻ സമാഗമനകൂടാരം വിട്ടുപിരിയാതിരുന്നു.
പുറപ്പാടു് 33 : 12 (IRVML)
മോശെ യഹോവയോട് : “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്ന് അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
പുറപ്പാടു് 33 : 13 (IRVML)
ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; അങ്ങയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങയുടെ ജനം എന്ന് ഓർക്കണമേ.”
പുറപ്പാടു് 33 : 14 (IRVML)
അതിന് അവൻ: “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്ക് സ്വസ്ഥത നൽകും” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 33 : 15 (IRVML)
അവൻ അവനോട്: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ.
പുറപ്പാടു് 33 : 16 (IRVML)
എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്ന് പറഞ്ഞു.
പുറപ്പാടു് 33 : 17 (IRVML)
യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 33 : 18 (IRVML)
അപ്പോൾ അവൻ: “അങ്ങയുടെ തേജസ്സ് എനിക്ക് കാണിച്ചു തരണമേ” എന്നപേക്ഷിച്ചു.
പുറപ്പാടു് 33 : 19 (IRVML)
അതിന് യഹോവ: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.
പുറപ്പാടു് 33 : 20 (IRVML)
“നിനക്ക് എന്റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു.
പുറപ്പാടു് 33 : 21 (IRVML)
“ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ട്; അവിടെ ആ പാറമേൽ നീ നിൽക്കണം.
പുറപ്പാടു് 33 : 22 (IRVML)
എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും.
പുറപ്പാടു് 33 : 23 (IRVML)
പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണുവാൻ സാധ്യമാവുകയില്ല” എന്നും യഹോവ അരുളിച്ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23